ജയറാമിന് നായിക ജയരാജിന്‍റെ ഭാര്യ!

വെള്ളി, 26 നവം‌ബര്‍ 2010 (20:54 IST)
PRO
വലിയ തിരിച്ചടികള്‍ കരിയറിലുണ്ടായ ഒരു കാലമുണ്ടായിരുന്നു ജയറാമിന്. തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാലം. ‘വെറുതെ ഒരു ഭാര്യ’ എന്ന മെഗാഹിറ്റ് സിനിമയാണ് ജയറാമിന്‍റെ കഷ്ടകാലം മാറ്റിയത്. ഇപ്പോള്‍ വളരെ ശ്രദ്ധിച്ച്, നല്ല തിരക്കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് കുടുംബങ്ങളുടെ പ്രിയതാരം. സജി സുരേന്ദ്രനെപ്പോലെ കോമഡിച്ചിത്രങ്ങള്‍ ഒരുക്കുന്നവര്‍ക്കും ജയരാജിനെപ്പോലെ ഏതുതരം സിനിമകളും വഴങ്ങുന്നവര്‍ക്കും ഒരുപോലെ ഡേറ്റ് നല്‍‌കുകയാണ് ജയറാം.

ജയരാജ് സംവിധാനം ചെയ്യുന്ന ‘പകര്‍ന്നാട്ടം’ എന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍. നായികയാരെന്നോ? സംവിധായകന്‍റെ ഭാര്യ തന്നെ. അതേ, ജയരാജിന്‍റെ ഭാര്യ സബിതാ ജയരാജാണ് പകര്‍ന്നാട്ടത്തില്‍ ജയറാമിന്‍റെ നായികയാകുന്നത്. ഇത്രയും കാലം വസ്ത്രാലങ്കാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചില ചിത്രങ്ങളില്‍ മുഖം കാണിക്കുകയും മാത്രം ചെയ്തിട്ടുള്ള സബിത ആദ്യമായാണ് ഒരു ചിത്രത്തില്‍ നായികയാകുന്നത്.

ഏറെ പ്രത്യേകതകളുള്ള സിനിമയാണ് പകര്‍ന്നാട്ടം. ‘എന്‍ഡോസള്‍ഫാന്‍’ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രമായിരിക്കും ഇത്. സാമൂഹ്യതിന്‍‌മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്‍ന്നാട്ടം എന്‍ഡോസാള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് വിഷയമാക്കുന്നത്.

ജയരാജിന്‍റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്‍, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക