ചിരഞ്‌ജീവി എന്ന പ്രജാപതി

PTIPTI
ചിരഞ്‌ജീവി എന്നാല്‍ തെലുങ്ക്‌ പ്രജാരാജ്യത്തിലെ ഏകഛത്രാധിപതിയാണെന്ന് സൂപ്പര്‍സ്‌റ്റാര്‍ ആഗസ്റ്റ്‌‌ 26ന്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞു.

തിരുപ്പതി വെങ്കിടാചലപതിക്ക്‌ മുന്നില്‍ മൂന്ന്‌ ലക്ഷത്തില്‍പരം അനുയായികളെ സാക്ഷിയാക്കിയാണ്‌ ‘പ്രജാരാജ്യ’മെന്ന പുതിയ രാഷ്ട്രീയതട്ടകത്തിലേക്ക്‌ ചിരഞ്‌ജീവി സിനിമാറ്റിക്കായി ചുവടുമാറ്റിയത്‌.

പക്വമായ രാഷ്ടീയക്കാരനെ പോലെ എല്ലാ തന്ത്രങ്ങളും പയറ്റാന്‍ തനിക്ക് കഴിയുമെന്ന്‌ തിരുപ്പതിയിലെ മഹാസമ്മേളനത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തുകയും ചെയ്‌തു. സമ്പന്നതയുടെ നടുവില്‍ നില്‍ക്കുന്ന സൂപ്പര്‍ താരത്തിന്‌ പട്ടിണി കിടക്കുന്നവന്‍റെ വേദന മനസിലാകില്ലെന്ന വിമര്‍ശനത്തിന് ചുട്ടമറുപടിയാണ്‌ താരം നല്‌കിയത്‌.

സാധാരണ കുടുംബത്തില്‍ ഒരു പൊലീസ്‌ കോണ്‍സ്‌റ്റബിളിന്‍റെ മകനായി ജനിച്ച താന്‍ നിക്കറ്‌ ധരിച്ചാണ്‌ കോളേജില്‍ പോലും പോയിരുന്നതെന്ന്‌ താരം ജനലക്ഷങ്ങളോട്‌ വിളിച്ചു പറഞ്ഞു.

“പാന്‍റ് വാങ്ങാനുള്ള പണം പോലും എന്‍റെ അമ്മയുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല, അങ്ങനെയുള്ള എനിക്ക്‌ സാധാരണക്കാരന്‍റെ വേദന മനസിലാകും. ദാരിദ്രവും സമ്പന്നതയും അനുഭവിച്ചവനാണ്‌ ഞാന്‍” ‍- സൂപ്പര്‍സ്റ്റാര്‍ പൊട്ടിത്തെറിച്ചു.

കുടുംബജീവിത്തിലെ പ്രശ്‌നങ്ങള്‍ക്കും മകളുടെ വിവാഹ ഒളിച്ചോട്ടത്തിനും എല്ലാം പരിഹാരം കണ്ടതിന്‌ ശേഷമാണ്‌ അമ്പത്തിമൂന്ന്‌കാരനായ താരം രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങുന്നത്‌. മൂന്നാംമുന്നണി രാഷ്ട്രീയത്തിന്‌ ശക്തി പകരുന്നതാണ്‌ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം.

PROPRO
കോനിഡേല ശിവ ശങ്കരവരപ്രസാദ്‌ എന്ന ചിരഞ്‌ജീവി ഗോദാവരി നദീതീരത്തുള്ള നര്‍സപ്പൂരില്‍ 1955 ആഗസ്റ്റ്‌ 22നാണ്‌ ജനിച്ചത്‌. ബികോം പാസായ ചീരു റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുത്ത എന്‍ സി സി കേഡറ്റ്‌ ആയിരുന്നു. 1977ല്‍ സിനിമാമോഹവുമായി ചെന്നൈയിലേക്ക്‌ കുടിയേറി.

ചെന്നൈയില്‍ നിന്നും ‘അഭിനയത്തില്‍ ഡിപ്ലോമ’ നേടിയ ശേഷം അഭിയനയിച്ച ആദ്യ ചിത്രം ‘പുന്നഡി രല്ലു’ ആയിരുന്നു. നൃത്ത നമ്പരുകളിലൂടെ താരം തെലുങ്ക്‌ സിനിമയുടെ താരമായി പിന്നീട്‌ വളരുകയായിരുന്നു.

ശ്രീ ഹനുമാന്‍ ഭക്തനായ താരം ഒരിക്കല്‍ സ്വപ്‌നത്തില്‍ ഭഗാവന്‍ തന്നെ ‘ചിരഞ്‌ജീവി’ എന്ന്‌ വിളിക്കുന്നതായി സ്വപ്‌നം കണ്ടു. അതിനെ തുടര്‍ന്നാണ്‌ സ്‌ക്രീന്‍ നെയിം അങ്ങനെ മാറിയത്‌.

കരിയറില്‍ ഉയര്‍ച്ച താഴ്‌ചകള്‍ നിരവധിയുണ്ടായെങ്കിലും ഓരോ തോല്‌വിക്കു ശേഷവും ശക്തമായ തിരിച്ചുവരവുകള്‍ ചിരഞ്‌ജീവി നടത്തി. തെലുങ്ക്‌ കൊമേഡിയനായ അല്ലു രാമ ലിങ്കയുടെ മകള്‍ സുരേഖയെ വിവാഹം കഴിച്ചു. രണ്ട്‌ പെണ്‍മക്കളും ഒരു മകനും.

ഇളയ മകള്‍ ശ്രീജയുടെ ഒളിച്ചോട്ട വിവാഹം മാധ്യമങ്ങള്‍ അടുത്തിടെ ആഘോഷിച്ചെങ്കിലും മരുമകന്‍ അല്ലു അര്‍ജുനനെ നായകനാക്കി ഈ പ്രമേയത്തില്‍ ഒരു സിനിമയെടുത്താണ്‌ ചിരഞ്‌ജീവി സ്വന്തം മാനസിക വ്യഥ ജനങ്ങളില്‍ എത്തിച്ചത്‌.

തെന്നിന്ത്യയിലെ പ്രശസ്‌തമായ നന്ദി പുരസ്‌കാരം മൂ‌ന്നുതവണ നേടിയിട്ടുള്ള ചിരഞ്‌ജീവി പത്‌‌മഭൂഷന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്‌. ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഏഴുതവണയാണ്‌ ചിരഞ്‌ജീവി സ്വന്തമാക്കിയത്‌. തെലുങ്ക്‌ സംസാരിക്കുന്ന ജനതയുടെ മനസിലേക്ക്‌ രക്ഷകരൂപത്തില്‍ അവതരിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ ചീരുവിന്‍റെ യഥാര്‍ത്ഥ ശക്തി.