കെ.പി.എ.സിയുടെ ലളിത; മലയാളിയുടെയും

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരുടെ കൂട്ടത്തില്‍ കെ.പി.എ.സി ലളിതയുടെ പേരും ഉണ്ടാവും തീര്‍ച്ച. നായികാ വേഷങ്ങളിലല്ല ഏറെയും അഭിനയിച്ചിട്ടുള്ളത് എന്നത് ലളിതയുടെ പോരായ്മയല്ല.

വ്യത്യസ്ത വേഷങ്ങള്‍ ഒരു ലാഘവത്തോടെ ലളിത കൈകാര്യം ചെയ്യും. നെഞ്ചുരുക്കുന്ന കുടുംബചിത്രങ്ങളിലും തലതല്ലിപ്പൊളിക്കുന്ന തമാശ ചിത്രങ്ങളിലും കെ.പി.എ.സി ലളിത പ്രേക്ഷകരുടെ മനം കവരുന്നു. ഫെബ്രുവരി 25ന് ലളിതയുടെ പിറന്നാളാണ്. ലളിത ചെയ്തതുപോലെ വ്യത്യസ്തമായ വേഷങ്ങള്‍ മലയാളത്തില്‍ ഏറെ നടികള്‍ ചെയ്തിട്ടുണ്ടാവില്ല.

1947 ഫെബ്രുവരി 25ന് കായംകുളം രാമപുരത്ത് കടയ്ക്കത്തറയില്‍ വീടില്‍ കെ.അനന്തന്‍ നായരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി ലളിത ജനിച്ചു. കൃഷ്ണകുമാര്‍ സഹോദരന്‍, ശ്യാമള സഹോദരി. ലളിതയുടെ യഥാര്‍ത്ഥ പേര് മഹേശ്വരിയമ്മ എന്നാണ്.

ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചു. കലാമണ്ഡലം ഗംഗാധരനാണ് ഗുരു. പത്താം വയസ്സില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. ലളിതയുടെ ആദ്യ നാടകം 'ഗീതയുടെ ബലി'ആയിരുന്നു.

കൂട്ടുകുടുംബം എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ആ നാടകം സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ ലളിത ചെയ്ത വേഷം സിനിമയിലും ചെയ്തു.

പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. ചക്രവാളം എന്ന സിനിമയില്‍ പ്രേം നസീറിന്‍റെ നായികയായി അഭിനയിച്ചു. 1978 ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തു. അതോടെ സിനിമയില്‍ താത്പര്യം കുറയുകയും കുടുംബജീവിതത്തില്‍ ഒതുങ്ങുകയും ചെയ്തു.

എന്നാല്‍ ഭരതന്‍റെ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ ലളിത വീണ്ടും സിനിമയിലെത്തി. സത്യന്‍ അന്തിക്കാടിന്‍റെ കുറേയധികം ചിത്രങ്ങളില്‍ ലളിത പിന്നീട് അഭിനയിച്ചു. വരവേല്‍പ്പ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, കുടുംബപുരാണം, പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളില്‍ വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ലളിത പ്രേക്ഷകരുടെ പ്രശംസ നേടി.

ഭരതന്‍റെ അമരം, വെങ്കലം എന്നീ സിനിമകളില്‍ ലളിത കാഴ്ചവച്ച അഭിനയം എക്കാലത്തും ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. 1990 ല്‍ അമരത്തിലൂടെ ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്തു.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെ (2000) ലളിത നേടി. ശാന്തത്തില്‍ കാര്‍ത്യായനി എന്ന അതിശക്തമായ കഥാപാത്രത്തെ ലളിത വളരെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.

അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ മൂന്ന് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മകന്‍ സിദ്ധാര്‍ത്ഥ്, മകള്‍ ശ്രീക്കുട്ടി.

വെബ്ദുനിയ വായിക്കുക