കാവ്യ കളമൊഴിയുമ്പോള്‍...

വ്യാഴം, 5 ഫെബ്രുവരി 2009 (10:56 IST)
PROPRO
1991ല്‍ കമല്‍ ചിത്രമായ പൂക്കാലം വരവായി പുറത്തിറങ്ങിയപ്പോള്‍ അതില്‍ കുസൃതിക്കുടുക്കയായ ഒരു ബാലതാരത്തെ ഏവരും ശ്രദ്ധിച്ചു. നീലേശ്വരത്തുനിന്നുള്ള ഒരു കാവ്യാ മാധവന്‍. പിന്നീട് 1996ല്‍ അഴകിയ രാവണനില്‍ അഞ്ജലി എന്ന ബാലികയായി അവള്‍ പ്രേക്ഷകമനസില്‍ ചേക്കേറി. “വെണ്ണിലാ ചന്ദനക്കിണ്ണം...” എന്ന ഗാനരംഗം കാവ്യയെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒന്നാണ്.

ഒരാള്‍ മാത്രം, കാറ്റത്തൊരു പെണ്‍‌പൂവ്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകളിലും കാവ്യ ബാലതാരമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് 2009 ഫെബ്രുവരി അഞ്ചിലേക്ക് എത്തുമ്പോള്‍, ആ പഴയ കുസൃതിക്കുടുക്കയുടെ വിവാഹമാണ്. ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക താല്‍ക്കാലികമായെങ്കിലും വിടപറയുകയാണ്.

10 വര്‍ഷക്കാലം കാവ്യ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ നായികയായിരുന്നു. 1999ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ ആണ് കാവ്യ നായികയായ ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് അമ്പതിലേറെ സിനിമകള്‍. മലയാളത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ച് പേരു നേടിയ ശേഷം അന്യഭാഷകളിലേക്ക് ചേക്കേറുന്ന നായികമാരുടെ ഇടയില്‍ കാവ്യ വ്യത്യസ്തയായി. കാശി, എന്‍ മന വാനില്‍, സാധു മിരണ്ടാല്‍ എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കാവ്യ ഒരിക്കലും മലയാളത്തെ മറന്നില്ല.

ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മിഴി രണ്ടിലും, മീശമാധവന്‍, തിളക്കം, സദാനന്ദന്‍റെ സമയം, ഗൌരീശങ്കരം, പെരുമഴക്കാലം, അന്നൊരിക്കല്‍, അനന്തഭദ്രം, ശീലാബതി, ലയണ്‍, വടക്കും‌നാഥന്‍, ചക്കരമുത്ത്, ക്ലാസ്മേറ്റ്സ്, നാദിയ കൊല്ലപ്പെട്ട രാത്രി, നാലു പെണ്ണുങ്ങള്‍, മാടമ്പി തുടങ്ങിയവയാണ് കാവ്യ നായികയായ പ്രധാന ചിത്രങ്ങള്‍.

മിഴി രണ്ടിലും, നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ സിനിമകളില്‍ കാവ്യ ഇരട്ടവേഷങ്ങളിലാണ് അഭിനയിച്ചത്. ഉജ്ജ്വലമായ അഭിനയമികവു കൊണ്ട് കാവ്യ തിളങ്ങിയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ ഊമപ്പെണ്‍കുട്ടിയായും പെരുമഴക്കാലത്തിലെ വിധവയായും സദാനന്ദന്‍റെ സമയത്തിലെ അമ്മവേഷവുമെല്ലാം കയ്യടക്കത്തോടെ കാവ്യ അവതരിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നാലു പെണ്ണുങ്ങളില്‍ ഒരു കഥാപാത്രമാകാനുള്ള ഭാഗ്യവും കാവ്യയ്ക്ക് ലഭിച്ചു.

ശീലാബതിയിലും അന്നൊരിക്കലിലും വ്യത്യസ്തമായ വേഷങ്ങളായിരുന്നു കാവ്യയ്ക്ക്. ലോകപ്രശസ്ത സംവിധായകന്‍ സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമായ അനന്തഭദ്രത്തില്‍ നായികാവേഷം അവതരിപ്പിച്ചതും കാവ്യയായിരുന്നു.

ദിലീപിന്‍റെ നായികയായാണ് കാവ്യ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ടത്. ദിലീപിന്‍റെ ഭാഗ്യനായിക എന്ന വിശേഷണവും കാവ്യയ്ക്കായിരുന്നു. മോഹന്‍ലാലിന്‍റെ നായികയായി മാടമ്പിയില്‍ അഭിനയിച്ചു. ഈ പട്ടണത്തില്‍ ഭൂതം എന്ന മമ്മൂട്ടിച്ചിത്രമാണ് കാവ്യ അവസാനം നായികയായ സിനിമ.

പെരുമഴക്കാലത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കാവ്യയ്ക്ക് ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഭരതന്‍ പുരസ്കാരം, ഏഷ്യാനെറ്റ് പുരസ്കാരം, സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ കാവ്യ നേടിയിട്ടുണ്ട്.

മലയാളിയുടെ പൂമുഖത്ത് തെളിഞ്ഞു നിന്ന നിലവിളക്കായിരുന്നു കാവ്യ. വിവാഹത്തിനു ശേഷം അഭിനയിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്കപ്പുറം എല്ലാ മലയാളികളും അനുഗ്രഹവും ആശംസകളും ചൊരിയുകയാണ് പ്രിയനായികയ്ക്ക്.

വെബ്ദുനിയ വായിക്കുക