മുല്ലനേഴിക്ക് മലയാള സിനിമാഗാന രംഗത്ത് സ്ഥിരപ്രതിഷ്ഠ ലഭിക്കാന്‍ ‘ഞാവല്‍പ്പഴങ്ങള്‍’ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ ഈ വരികള്‍ മാത്രം മതിയാകും. അപ്രതീക്ഷിതമായാണ് ഈ ഗാനം രചിക്കാന്‍ അവസരം ലഭിച്ചതെന്ന് ഈ ലേഖകനോട് മുല്ലനേഴി പറയുകയുണ്ടായിട്ടുണ്ട്. ഒരു അഞ്ചുവര്‍ഷം മുമ്പ് മുല്ലനേഴി എന്നോട് പങ്കുവച്ച ഈ കഥ, ദുഃഖശോകമായ ഈ അവസരത്തില്‍, ഞാന്‍ ഓര്‍മിക്കട്ടെ.
“ഞാന്‍ ആദ്യം ഗാനരചന നടത്തിയത് ‘ലക്ഷ്മീവിജയം’ എന്ന സിനിമയ്ക്കാണെന്ന് ചിലര്‍ പറയാറുണ്ട്. അത് തെറ്റാണ്. ലക്ഷ്മീവിജയമാണ് ആദ്യമായി ഇറങ്ങിയ ചിത്രമെങ്കിലും അസീസ് സംവിധാനം ചെയ്ത ‘ഞാവല്‍പ്പഴങ്ങ’ള്‍ക്ക് വേണ്ടി ഞാന്‍ രചിച്ച ഗാനങ്ങളാണ്. എസ്.കെ. പൊറ്റെക്കാടിന്റെ കൊഹേരി എന്ന ആഫ്രിക്കന്‍ പശ്ചാത്തലത്തിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് പടം ചെയ്തത്. പ്രശസ്ത നാടകകൃത്തായ ജി ശങ്കരപ്പിള്ളയാണ് തിരക്കഥ എഴുതിയത്.”
“സിനിമയുടെ പ്രൊഡക്ഷന്‍ കാര്യങ്ങളില്‍ ചിലതിന്‍റെ മേല്‍നോട്ടം ഞാനായിരുന്നു. അസീസും ഞാനും തമ്മില്‍ എല്ലാക്കാര്യങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യും. എനിക്ക് വേണ്ടി ഒരു ആദിവാസിമൂപ്പന്റെ വേഷവും ഈ സിനിമയില്‍ അസീസ് നീക്കി വെച്ചിരുന്നു. ഞാവല്‍പ്പഴങ്ങളില്‍ കുറച്ച് നാടന്‍പാട്ടുകള്‍ ഉണ്ടായിരുന്നു. ഞാവല്‍പ്പഴത്തിലെ പാട്ടുകള്‍ വയലാറിനെ കൊണ്ട് എഴുതിക്കാന്‍ എന്ന് പറഞ്ഞത് ഞാനാണ്. വയലാര്‍ കത്തിനില്‍ക്കുന്ന സമയമാണത്. എന്നാല്‍ അസീസിന് ആ നിര്‍ദേശം സ്വീകാര്യമായില്ല.”
“അസീസ് പറഞ്ഞു, ‘മുല്ലാ, അത് ശരിയാവില്ല. മുല്ലന്‍ തന്നെ പാട്ടെഴുതണം. മുല്ലനെക്കൊണ്ട് എഴുതിച്ചാല്‍ മാറ്റങ്ങളൊക്കെ വേണമെങ്കില്‍ സ്വാതന്ത്ര്യത്തോടെ പറയാലോ.’ അവസാനം ഞാനുമത് സമ്മതിച്ചു. ശ്യാം ആണ് ഞാവല്‍പ്പഴത്തിന്‍റെ സംഗീത സംവിധായകന്‍. മദ്രാസിലെ മോറിസ് ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. നാടന്‍ പാട്ടുകളെ പറ്റി പഠിക്കാന്‍ അസീസ് എനിക്ക് കുറച്ച് പുസ്തകങ്ങളൊക്കെ തന്നു. ഞാന്‍ കുത്തിയിരുന്ന് എഴുതാന്‍ തുടങ്ങി..”
“അവസാനം ‘കറുകറുത്തൊരു പെണ്ണാണ്’ റെഡിയായി. എന്ന പാട്ടിന്റെ വരികള്‍ ഞാന്‍ ശ്യാമിനെ ഏല്‍പ്പിച്ചു. ശ്യാമിന് തമിഴ് മാത്രമേ അറിയൂ. ഞാന്‍ എഴുതിയ മലയാളം വരികളുടെ അര്‍ത്ഥമൊക്കെ ശ്യാമിന് ശരിക്കു മനസ്സിലാവുമോ എന്ന് സംശയമുണ്ടായിരുന്നു. ‘ഞാവല്‍പ്പഴത്തിന്റെ കരളിനുള്ളില്‍ ചോപ്പാണ്’ എന്ന ഭാഗമെത്തിയപ്പോള്‍ ചോപ്പിനു പകരം ശ്യാം 'സോപ്പാണ്...' എന്നങ്ങു പാടി. തമിഴില്‍ 'ച' ഇല്ലല്ലോ!”
“യേയ്, ഇതൊന്നും ശരിയാവില്ല എന്ന് ഞാന്‍ അസീസിനോട് എടുത്തടിച്ച പോലെ പറഞ്ഞു. അതൊന്നും കുഴപ്പമില്ല. മലയാളിയായ യേശുദാസ് അല്ലേ പാടുന്നത്. ഒക്കെ ശരിയായിക്കോളും എന്നായി അസീസ്. മദ്രാസിലെ ജെമിനി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്. പാട്ട് യേശുദാസ് പാടിക്കേട്ടപ്പോള്‍ എനിക്ക് വല്യ ഇഷ്ടായി എന്നുകൂടി പറയട്ടെ.”
“ഞാവല്‍പ്പഴത്തിലെ ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ലക്ഷ്മീവിജയത്തിനു വരികളെഴുതാന്‍ കെപി കുമാരന്‍ എന്നെ വിളിച്ചു. അങ്ങനെ കയ്യില്‍ ഇത്തിരി പൈസയും കിട്ടി. അപ്പോഴാണ് നാട്ടില്‍ നിന്ന് ഒരു കാര്‍ഡ് വരുന്നത്. വൈലോപ്പിള്ളി മാഷിന്റെതായിരുന്നു കത്ത്. മാഷിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ നൂറ്റമ്പത് രൂപ ഉടന്‍ തിരിച്ച് വേണം എന്നായിരുന്നു ഉള്ളടക്കം.”
“വൈലോപ്പിള്ളി മാഷിന്‍റെ കയ്യില്‍ നിന്ന് കടം വാങ്ങിയ നൂറ്റമ്പത് രൂപയും കൊണ്ടായിരുന്നു ഞാന്‍ മദ്രാസില്‍ വന്നത്. ഇപ്പൊ, മാഷ്‌ക്ക് വല്യ സാമ്പത്തിക കഷ്ടപ്പാട്. ‘വീട്ടില്‍ ഭാഗം വയ്പ് നടക്കുന്നു. സ്റ്റാമ്പ് പേപ്പറിനും മറ്റുമായി ചെലവുകളുണ്ട്. നീ പാട്ടെഴുതാന്‍ തുടങ്ങിയത് ഞാനുമറിഞ്ഞു. എന്റെ കയ്യില്‍ നിന്നു വാങ്ങിയ രൂപ എത്രയും വേഗം തിരിച്ചു തരണം’ എന്നായിരുന്നു കത്തില്‍.”
“കത്തിന് പുറമെ, മാഷ് വരച്ച ഒരു കാര്‍ട്ടൂണും ആ കാര്‍ഡില്‍ ഉണ്ടായിരുന്നു. കക്ഷത്ത് ബാഗുമായി പോകുന്ന എന്റെ പിന്നില്‍ വരുന്ന മാഷ് ബാഗില്‍ നിന്ന് ഒരു നൂറിന്റെയും അമ്പതിന്റെയും നോട്ടുകളെടുക്കുന്നതായിരുന്നു ചിത്രം. തീവ്രമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മാഷിന്‍റെ ഒരു നര്‍മബോധം! അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.”