ഐശ്വര്യത്തിന് വയസ്‌ 35 !

IFMIFM
കേരളപിറവി ദിനത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട സുന്ദരി ഐശ്വര്യറായിക്കും ജന്മദിനമാണ്‌. ഇന്ത്യന്‍ സിനിമയില്‍ നിന്ന്‌ ഐശ്വര്യയെ മാറ്റിനിര്‍ത്തിയാല്‍ സൗന്ദര്യത്തെ തന്നെയാകും നാം മാറ്റി നിര്‍ത്തുന്നത്‌.

മുന്നോട്ട്‌ വച്ച എല്ലാ ചുവടുകളിലും വിജയം കുറിച്ച, എല്ലാ തീരുമാനങ്ങളും ശരിയായി മാറിയ ബച്ചന്‍ കുടുംബത്തിലെ പുത്രവധുവിന്‌ നവംബര്‍ ഒന്നിന്‌ 35 വയസ്‌ തികയുന്നു.

പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 'മിസ്‌ വേള്‍ഡ്‌' പട്ടം എത്തിപ്പിടിക്കുന്നതിനും മുമ്പ്‌ ആര്‍ക്കിടെക്ട്‌ ആകാന്‍ മാത്രം കൊതിച്ച്‌, ഇടവേളകളില്‍ മോഡലിങ്ങ്‌ രംഗത്ത്‌ മുഖംകാണിക്കാനെത്തിയെ സാധാരണ പെണ്‍കുട്ടി മാത്രമായിരുന്നു ആഷ്‌.
PTIPTI

ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്‌ത്രീകളുടെ പട്ടികയില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ഐശ്വര്യ മോഹന്‍ലാലിനൊപ്പം മണിരത്‌നത്തിന്‍റെ ‘ഇരുവറി’ലൂടെയാണ്‌ വെള്ളിത്തിരയിലേക്ക്‌ ചുവടു വയ്‌ക്കുന്നത്‌.

മറൈന്‍ ബയോളജിസ്‌റ്റും എഴുത്തുകാരനുമായ കൃഷ്‌ണരാജ്‌ റായിയുടേയും വൃന്ദറായിയുടേയും മകളായി മാംഗ്ലൂരില്‍ 1973 നവംബര്‍ ഒന്നിനായിരുന്നു ജനനം. ഐശ്വര്യക്ക്‌ ഒരു അനുജന്‍ ഉണ്ട്‌ മര്‍ച്ചെന്‍റ് നേവിയില്‍ എന്‍ജിനീയറായ ആദിത്യറായി.

IFMIFM
മുംബൈയില്‍ വിദ്യാഭ്യാസം നേടിയ ഐശ്വര്യ ആര്‍ക്കിടെക്ട്‌ ആകാനുള്ള പഠനത്തിനിടെയാണ്‌ സൗന്ദര്യമത്സരത്തിന്‌ തയ്യാറെടുക്കുന്നത്‌. ‘മിസ്‌ ഇന്ത്യ’പട്ടത്തിന്‌ വേണ്ടിയുള്ള മത്സരത്തില്‍ സുസ്‌മിതാ സെന്നിനോട്‌ പരാജയപ്പെട്ട്‌ രണ്ടാം സ്ഥാനത്തായി. എന്നാല്‍ ‘മിസ്‌ വേള്‍ഡ്‌’ നേടി ഐശ്വര്യ പകരം വീട്ടി.

1997ല്‍ പുറത്തിറങ്ങിയ ‘ഇരുവറും’ ആദ്യ ബോളിവുഡ്‌ സംരംഭമായ ‘ഓര്‍ പ്യാര്‍ ഹോ ഗയ’യും പരാജയമായിരുന്നു. മുന്നാം സംരംഭമായ ശങ്കറിന്‍റെ ‘ജീന്‍സ്‌’ വന്‍ വാണിജ്യ വിജയം നേടി. പിന്നീട്‌ ആഷിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കാന്‍ മേളയിലെ ജൂറിയായി തെരഞ്ഞെടുക്കപ്പെട്ടതടക്കം രാജ്യാന്തര ബഹുമതികള്‍ ഐശ്വര്യയെ തേടി എത്തികൊണ്ടേയിരിക്കുന്നു.

പൊതു ജീവിതത്തെ പോലെ തീര്‍ത്തും കറകളഞ്ഞ വ്യക്തി ജീവിതം നയിച്ച ഐശ്വര്യയുടെ പ്രണയകഥകള്‍ മാധ്യമങ്ങള്‍ ഏറെ കൊണ്ടാടിയിരുന്നു.
IFMIFM

മസില്‍മാന്‍ സല്‍മാനുമായുള്ള പ്രണയം തകര്‍ന്നതിന്‌ ശേഷം ആഷ്‌ പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്‌ വിവേക്‌ ഒബ്‌റോയിക്ക്‌ ഒപ്പമായിരുന്നു.

അഭിഷേക്‌ ബച്ചനുമായുള്ള പ്രണയം മാത്രമാണ്‌ വിവാഹത്തില്‍ എത്തിയത്‌. 2007 ഏപ്രില്‍ 20ന്‌ ബോളിവുഡിലെ ഏറ്റവും ആദരണീയരായ ബച്ചന്‍ താര കുടുംബത്തില്‍ ഐശ്വര്യ പുത്രവധുവായി.