എന്നും സിംപിളല്ലാതെ ഡിംപിള്‍

വിടര്‍ന്ന കണ്ണുകളും, അഴകാര്‍ന്ന മുഖവുമുള്ള ബോബി എന്ന ഡിംപിള്‍ കപാഡിയയുടെ ജന്മദിനമാണ് ജൂണ്‍ എട്ട്. അതുവരെയുണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തുമായാണ് ബോബി അരങ്ങിലെത്തിയത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോബി തരംഗം സൃഷ്ടിച്ച അലയൊലികള്‍ അന്നത്തെ യുവത്വത്തിന്‍റെ മനസ്സില്‍ ഇന്നും പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. ആദ്യ സിനിമയിലൂടെ തന്നെ സൂപ്പര്‍ നായികയായി ഡിംപിള്‍ മാറി. ഒപ്പം മികച്ച നടിക്കുള്ള അവാര്‍ഡും ആ പതിനാറുകാരിയെത്തേടിയെത്തി.

തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ നടിയെന്ന നിലയില്‍ സജീവമാകാതെ രാജേഷ് ഖന്നയുടെ ഭാര്യയായും രണ്ട് പെണ്‍കുട്ടികളുടെ അമ്മയായുമൊക്കെ കുടുംബജീവിതത്തില്‍ ഒതുങ്ങുകയായിരുന്നു ഡിംപിള്‍. ഇടയ്ക്കിടെ സിനിമാതട്ടകത്തില്‍ മുഖം കാണിയ്ക്കുകയും ചെയ്തു.

എണ്‍പതുകളുടെ പകുതിയോടെ ഡിംപിള്‍ സജീവ സിനിമാ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. 12 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം അപ്പോഴേയ്ക്കും തകര്‍ന്നിരുന്നു.

രമേഷ് സിപി അണിയിച്ചൊരുക്കിയ സാഗര്‍ ആയിരുന്നു രണ്ടാം വരവിന് കളമൊരുക്കിയത്. ഡിംപിള്‍ - ഋഷി കപൂര്‍ താരജോഡിക്കൊപ്പം കമലഹാസനും വേഷമിച്ച ആ ചിത്രം ഡിംപിളനെ ഏറെ പ്രശസ്തയാക്കി.


തുടര്‍ന്ന് ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ അവരെ തേടിയെത്തി. ഗുല്‍സാറിന്‍റെ ലേകിന്‍ ഗോവിന്ദ് നിഖലാനിയുടെ ദൃഷ്ടി ഇവയൊക്കെ ഡിംപിളിലെ അഭിനേത്രിയെ തൊട്ടുണര്‍ത്തിയ ചിത്രങ്ങളായിരുന്നു.

കല്പന ലജ്മിയുടെ രുദാലിയിലെ അദീന മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഡിംപിളിന് നേടിക്കൊടുത്തു. വ്യത്യസ്തത പുലര്‍ത്തിയ ഒരു പിടി ചിത്രങ്ങളില്‍ തുടര്‍ന്നും അവര്‍ അഭിനയിച്ചു.

2001ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹേയിലെ അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മറ്റൊരു തിരിച്ചുവരവ് എന്നാണ് അതിലെ പ്രകടനത്തെ മാധ്യമങ്ങള്‍ വിലയിരുത്തിയത്.

പ്രേക്ഷകര്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായും തുറന്നു കാട്ടാത്ത മനസ്സാണ് ഡിംപിളിനെന്നും. അതുകൊണ്ടുതന്നെ അവരുടെ ഭാവി പരിപാടികളും ആര്‍ക്കും പ്രവചിക്കാനാവുന്നില്ല.

സാഗറിലേത് പോലെ രുദാലിയിലേതു പോലെ ഒരു പക്ഷേ ശക്തമായ തിരിച്ചു വരവ് ഇനിയുമുണ്ടാകാം. ഡിംപിള്‍ മനസ് തുറക്കാത്തടത്തോളം കാത്തിരിക്കുക തന്നെ.

വെബ്ദുനിയ വായിക്കുക