ഇന്ന്‌ ഗണേഷിന്‍റെ പിറന്നാള്‍

PROPRO
സിനിമാ നടനും മുന്‍മന്ത്രിയുമായ ഗണേഷ്‌ കുമാറിന്‌ ഇന്ന്‌ പിറന്നാള്‍. കേരളാ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണ പിള്ളയുടെയും വത്സലയുടെയും മകനായി 1965 നവംബര്‍ 20 ന്‌ കൊട്ടാരക്കരയിലാണ്‌ ജനനം.

വളരെ യാദൃശ്ചികമായാണ്‌ ഗണേഷ്‌ സിനിമയിലെത്തുന്നത്‌. 1984 ല്‍ കെ.ജി.ജോര്‍ജ്ജ്‌ സംവിധാനം ചെയ്‌ത ഇരകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ നടനായ ഗണേഷ്‌ 21 കൊല്ലമായി ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. മന്ത്രിയായിരുന്ന ഒരു വര്‍ഷം മാത്രമാണ്‌ ഇതിനൊരപവാദം.

ഇപ്പോള്‍ ടി.വി യിലും സിനിമകളിലും ഇപ്പോഴും സജീ‍വമായുണ്ട്‌. കിലുക്കം, അഥര്‍വം, തലസ്ഥാനം, ദ കിംഗ്‌, മാഫിയ, ഉസ്താദ്‌, ദ ട്രൂത്ത്‌, അഭിമന്യു, വരം, സി.ബി.ഐ ഡയറിക്കുറിപ്പ്‌ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അപ്രധാനമല്ലാത്ത വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. 200 ഓളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു.

യാമിനിയാണ്‌ ഭാര്യ. മകന്‍ ആദിത്യന്‍.

2001 ല്‍ സംസ്ഥാന ഗതാഗത വകുപ്പ്‌ മന്ത്രിയായിരുന്ന ഗണേഷ്‌ കുമാര്‍ അഭിനയം മാത്രമല്ല ഭരണവും തനിക്ക്‌ വശമുണ്ടെന്ന്‌ തെളിയിച്ചു. കെ.എസ്‌.ആര്‍.ടി.സി യുടെ മുഖച്ഛായ മാറ്റിയെടുക്കാന്‍ ഗണേഷ്‌ കുമാറിന്‌ കഴിഞ്ഞു.

നിലവില്‍ അദ്ദേഹം കൊല്ലം ജില്ലയിലെ പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആണ്‌.

വെബ്ദുനിയ വായിക്കുക