ആശയുടെ മാദക ശബ്ദത്തിന് 75 !

PTIPTI
ഇന്ത്യയുടെ വാനംപാടിയുടെ അനുജത്തിക്ക്‌ 75 വയസ്‌. ലതാമങ്കേഷ്‌കര്‍ എന്ന പ്രതിഭ മൂത്ത സഹോദരി ആയത്‌കൊണ്ട്‌ മാത്രം കണക്കെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കേണ്ടി വന്ന ആശ ഭോസ്‌ലെ ജീവിതത്തിന്‍റെ പ്ലാറ്റിനം ജൂബിലിയില്‍ സന്തോഷവതിയാണ്‌.

ചേച്ചിയുടെ നിഴലല്ലാതെ സ്വന്തമായി വഴി വെട്ടിത്തുറന്ന്‌ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു. എഴുപത്തിയഞ്ചിലും നിത്യ ഹരിത നായികാവേഷത്തിലാണ്‌ ബോളിവുഡ്‌ ആശ ഭോസ്‌ല എന്ന ഗായികയെ വിലയിരുത്തുന്നത്‌. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ മാദകത്വം ആശ ഭോസ്‌ലെക്ക്‌ അവകാശപ്പെട്ടതാണ്‌.

ഹെലന്‍ മുതല്‍ ഊര്‍മ്മിള മഡോദ്‌കര്‍ വരെയുള്ളയുള്ള ബോളിവുഡ്‌ മാദകറാണിമാര്‍ക്ക്‌ ആശയുടെ സ്വരമായിരുന്നു‌.

ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനുളള ഗിന്നസ്‌ റെക്കോര്‍ഡ്‌ ലതാ മങ്കേഷ്‌കറിന്‍റെ പേരിലാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അതിന്‍റെ അവകാശി ആശയാണെന്നത്‌ ബോളിവുഡിലെ വെറും സ്വകാര്യം പറച്ചില്‍ മാത്രമല്ല. 950ല്‍ അധികം സിനിമകളിലായി പന്ത്രണ്ടായിരത്തിലധികം ഗാനങ്ങളാണ്‌ അവരുടെ പേരില്‍ ഉള്ളത്‌. വിദേശ ഭാഷകളില്‍ അടക്കം 14 ഭാഷകളില്‍ പാടുന്നു.

സംഗീത പാരമ്പര്യമുള്ള മറാത്തി കുടുംബത്തില്‍ 1932 സെപ്‌തംബര്‍ എട്ടിനായിരുന്നു ആശയുടെ ജനനം. ക്ലാസിക്കല്‍ സംഗീതഞ്‌ജനും നടനും ആയ പിതാവ്‌ ആഷയുടെ ഒമ്പതാം വയസില്‍ അന്തരിച്ചു. പാട്ടുപാടിയും സിനിമയില്‍ അഭിനയിച്ചും പിന്നീട്‌ വീട്‌ പുലര്‍ത്തിയത്‌ ചേച്ചി ലതയായിരുന്നു.

പതിനാറാംവയസില്‍ ചേച്ചിയുടെ സെക്രട്ടറിയും മുപ്പത്തൊന്നു വയസുകാരനുമായ ഗണപത്രോ ഭോസ്‌ലക്ക്‌ ഒപ്പം ആശ ഒളിച്ചോടിയതോടെയാണ്‌ സഹോദരിമാര്‍ക്കിടയിലെ ബന്ധം വഷളാകുന്നത്‌. കുടുംബത്തിന്‍റെ താത്‌പര്യത്തിന്‌ എതിരായ വിവാഹം പരാജയമായിരുന്നു.

PROPRO
മൂന്നു കുട്ടികളുടെ അമ്മയായ ശേഷം ബോളിവുഡില്‍ വീണ്ടും സജീവമായി. ലത മങ്കേഷ്‌കറും ഗീത ദത്തും ഷംഷാദ്‌ ബീഗവും ബോളിവുഡ്‌ സംഗീതം അന്ന്‌ കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു.

അവര്‍ ഉപേക്ഷിക്കുന്ന അവസരങ്ങളാണ് ആശയെ തേടി എത്തിയത്‌. സിനിമയിലെ ‘വൃത്തികെട്ട’ സ്‌ത്രീകള്‍ക്ക്‌ വേണ്ടിയായിരുന്നു അന്ന് ആഷ പാടിയിരുന്നത്‌. കൂടുതലും ലോബജറ്റ്‌ ബി , സി ഗ്രേഡ്‌ സിനിമകളില്‍. അമ്പതുകളുടെ അവസാനത്തോടെ ആശ ഗായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

‘സി ഐ ഡി’യിലെ ഗാനങ്ങളിലൂടെ ഒ പി നയ്യാര്‍ ആഷക്ക്‌ ബ്രേക്ക്‌ നല്‌കി. ബോളിവുഡിലെ മാറി വന്ന ട്രന്റില്‍ സ്വന്തമായ ശൈലി രൂപപ്പെടുത്തിയ ആശക്ക്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ബോളിവുഡിലെ ഏറ്റവും മികച്ച മാദക നര്‍ത്തകിയായി പേരെടുത്ത ഹെലന്‍റെ ശബ്ദമായി ആഷ മാറി. “പിയാ തു അബ്‌ തോ ആജാ..”(കാരവന്‍), “ഓ ഹസീന സുള്‍ഫോന്‍ വാലി..” (തീസരീ മന്‍സീല്‍), “യേ മേരാ ദില്‍..”(ഡോണ്‍) എന്നിവ ഈ കൂട്ടുകെട്ടില്‍ നിന്ന്‌ ഉണ്ടായവയാണ്‌.

എണ്‍പതുകളിലെ മികച്ച ഗായികയായി ബോളിവുഡില്‍ നിറഞ്ഞു നിന്ന ആശയുടെ ശബ്ദത്തിന്‌ ‘രംഗീല’യിലുടെ (1995) എ ആര്‍ റഹ്മാന്‍ പുതിയ ഭാഷ്യം നല്‌കി. മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടി. “ദില്‍ ചീസ്‌ ക്യാ ഹെ..” (ഉമ്മറോജാന്‍ 1981), “മേരാ കുച്‌ സാമാന്‍” (ഇജ്ജത്ത്‌ 1986). ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും മറ്റ്‌ അംഗീകാരങ്ങളും എണ്ണിതീര്‍ക്കാന്‍ തന്നെ പ്രയാസം.

ലതമങ്കേഷ്‌കറും ആശ ഭോസ്‌ലെയും തമ്മിലുള്ള കലഹകഥകള്‍ ബോളിവുഡ്‌ മാധ്യമങ്ങള്‍ മിക്കപ്പോഴും ഊതിപെരുപ്പിച്ചാണ്‌ ചിത്രീകരിച്ചത്‌.

ബോളിവുഡിലെ പ്രസിദ്ധനായ ഗാനരചയിതാവ്‌ ഗുല്‍സാര്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിന്‍റെ സഹയാത്രികനോടാണ്‌ ആഷയെ താരതമ്യം ചെയ്‌തത്‌. “ലതാജി ചന്ദ്രനില്‍ കാലുകുത്തി പോയതിനാല്‍ ആശാജിക്ക്‌ രണ്ടാമതായി മാത്രമേ അവിടെ എത്താനായുള്ളു”

ഇന്ത്യന്‍ സിനിമയുടെ മാദക ശബ്ദത്തിന്‌ ജന്മദിനാശംസകള്‍ !