പുരുഷന്റെ ഭാര്യയും, കാമുകിയും, മകളും മാത്രമായി ഒതുക്കാനുള്ളതല്ല സ്ത്രീ, ഈ രീതി എന്ന അസ്വസ്ഥയാക്കുന്നു: സായ് പല്ലവി
സമൂഹത്തിലെ എല്ലാ തലങ്ങളിലും പുരുഷൻ സ്ത്രീയ്ക്കുമേൽ ആധിപത്യം സ്ഥാപിയ്ക്കുന്നതിനെ വിമർശിച്ച് നടി സായ് പല്ലവി. സ്ത്രീകൾക്ക് ആരുടെയെങ്കിലും കീഴിലല്ലാതെ സ്വന്തം വ്യക്തിത്വത്തോടെ ജീവിയ്ക്കാൻ സാധിയ്ക്കില്ലേ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് സായ് പല്ലവിയുടെ വിമർശനം. 'സ്ത്രീ എപ്പോഴും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം, ഈ രീതി എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. സ്ത്രീയ്ക്ക് സ്വന്തം വ്യക്തിത്വത്തിൽ ഈ സമൂഹത്തിൽ ജീവിയ്ക്കാനാകില്ലേ ? എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ സ്വത്വമുണ്ട്.' ദ് ന്യൂസ് മിനുറ്റിന് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞു.
നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്ത പാവൈ കഥൈകൾ എന്ന സിനിമ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് സായ് പല്ലവി പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയത്. ചിത്രത്തിലെ സായ് പല്ലവിയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിയ്ക്കുന്നത്. നാല് ഭാഗങ്ങൾ ഉള്ള അന്തോളജി ചിത്രമായ പാവൈക്കഥകളീലെ 'ഊര്‍ ഇരവിലാണ്' സായ് പല്ലവി വേഷമിട്ടിരിയ്ക്കുന്നത്. ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിയ്ക്കുന്നത്. സുധ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.