മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടിയപ്പോള്‍ മമ്മൂട്ടിപ്പടം വിട്ട് ഷാജി കൈലാസ് അങ്ങോട്ടുമാറി, കോപാകുലനായ മമ്മൂട്ടി പകരം വീട്ടിയതിങ്ങനെ !

അനുദേവ് മേനോന്‍

വെള്ളി, 15 നവം‌ബര്‍ 2019 (19:53 IST)
2001ലെ ഓണക്കാലം മലയാള സിനിമയില്‍ വലിയ താരപ്പോരിന് സാക്‍ഷ്യം വഹിച്ച കാലമാണ്. മോഹന്‍ലാല്‍ - രഞ്‌ജിത് ടീമിന്‍റെ ‘രാവണപ്രഭു’ ആണ് അന്ന് നാടിളക്കി റിലീസ് ചെയ്തത്.
 
യഥാര്‍ത്ഥത്തില്‍ ആ ഓണക്കാലത്തേക്ക് മമ്മൂട്ടി പ്ലാന്‍ ചെയ്ത ചിത്രം അവസാന നിമിഷം മാറ്റിവയ്‌ക്കേണ്ടിവന്നു. ഷാജി കൈലാസ് ചെയ്യാനിരുന്ന മമ്മൂട്ടിച്ചിത്രമാണ് പെട്ടെന്ന് മാറ്റിവച്ചത്. മമ്മൂട്ടിക്ക് ഓണത്തിനിറക്കാന്‍ സിനിമ ഉണ്ടാകില്ല സാഹചര്യം. 
 
അതേപ്പറ്റി സംവിധായകന്‍ വിനയന്‍ പറയുന്നത് കേള്‍ക്കാം. “ഞാന്‍ സംവിധാനം ചെയ്ത ദാദാസാഹിബ് കഴിഞ്ഞിട്ട് മമ്മൂക്കയ്‌ക്ക് ഷാജി കൈലാസിന്‍റെ പടമായിരുന്നു അടുത്തത്. എന്നാല്‍ മോഹൻലാലിന്‍റെ ഏതോ ഡേറ്റ് വന്നപ്പോൾ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്‌ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാൻ പറ്റുമോ? ഞാന്‍ അപ്പോള്‍ കരുമാടിക്കുട്ടൻ ചെയ്തുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക എന്‍റെ കയ്യില്‍ ഇപ്പോള്‍ കഥയില്ല എന്ന് പറഞ്ഞപ്പോൾ, താനൊന്ന് ചിന്തിച്ചാല്‍ കഥയുണ്ടാകും എന്ന് മമ്മൂക്ക മറുപടി പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കും ഒരു വാശി തോന്നി. അന്ന് മമ്മൂക്ക മദ്രാസിലാണ് താമസം. ഞാന്‍ അവിടെ ആദിത്യ ഹോട്ടലില്‍ ഉണ്ട്. ഞാന്‍ രണ്ടുദിവസത്തിനകം സബ്‌ജക്ട് പറയാമെന്ന് പറഞ്ഞു. ‘രണ്ടുദിവസത്തിനകമോ?’ എന്ന് മമ്മുക്കയ്ക്ക് അമ്പരപ്പ്. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മമ്മുക്കയെ വിളിച്ച് അങ്ങോട്ടുവരികയാണെന്ന് പറഞ്ഞു. അവിടെ ചെന്ന് ഞാന്‍ ‘രാക്ഷസരാജാവ്’ എന്ന കഥ പറയുകയാണ്. കേട്ടപ്പോള്‍ മമ്മുക്കയ്ക്കും ത്രില്ലായി. അങ്ങനെ ആ സിനിമ ഉടന്‍ തുടങ്ങുകയായിരുന്നു. ദാദാസാഹിബ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ രാക്ഷസരാജാവ് തുടങ്ങി” - ദി ക്യൂവിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ പറയുന്നു. 
 
‘രാക്ഷസരാമന്‍’ എന്ന് പേരിട്ട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഴിമതിക്കാരനായ രാമനാഥന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയായിരുന്നു അത്. പിന്നീട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാക്ഷസരാമന്‍ എന്ന പേര് രാക്ഷസരാജാവ് എന്ന് മാറ്റി. 
 
2001 ഓഗസ്റ്റ് 31നാണ് രാക്ഷസരാജാവ് റിലീസായത്. കടുത്ത പോരാട്ടമാണ് രാവണപ്രഭുവും രാക്ഷസരാജാവും തമ്മില്‍ നടന്നത്. രണ്ട് ചിത്രങ്ങളും വന്‍ വിജയം നേടുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍