4 ദിവസങ്ങള്‍, 4.75 കോടി - ‘ജെന്‍റില്‍മാന്‍’ മെഗാഹിറ്റ്!
വ്യാഴം, 25 ഏപ്രില്‍ 2013 (21:21 IST)
PRO
അപവാദപ്രചരണങ്ങള്‍ എത്രവേണമെങ്കിലും വരാം. പക്ഷേ എന്നും സത്യം സത്യമായി തന്നെ നിലകൊള്ളും. സംവിധായകന്‍ സിദ്ദിക്കിനെ സംബന്ധിച്ച് ഇത് വാസ്തവമാണ്. എന്നും അപവാദപ്രചരണങ്ങളുടെ ഇരയാവാന്‍ സിദ്ദിക്ക് വിധിക്കപ്പെടാറുണ്ട്. എന്നാല്‍ അന്തിമവിജയം സിദ്ദിക്കിനായിരിക്കും. കാരണം സിദ്ദിക്ക് സത്യമുള്ള സംവിധായകനാണ്.
ഇന്‍ ഹരിഹര്‍ നഗര്‍ ഇറങ്ങിയപ്പോള്‍ വലിയ പ്രചരണമുണ്ടായി, ഇത് ‘റാംജിറാവുവിന്‍റെയത്ര പോരാ’ എന്ന്. പിന്നീട് സംഭവിച്ചത് ചരിത്രത്തിലുണ്ട്. ഹരിഹര്‍ നഗറിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. കാബൂളിവാലയുടെ കാലത്തും മോശം സിനിമയാണെന്ന ആരോപണം കേട്ടു. ആ സിനിമയും മെഗാഹിറ്റായി. ബോഡിഗാര്‍ഡാണ് ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. ആ സിനിമ മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം റെക്കോര്‍ഡ് വിജയം നേടി.
ഇനി ‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഊഴമാണ്. ചിത്രം മോശമാണെന്നും വലിയ പരാജയമാണെന്നുമുള്ള പ്രചരണമാണ് റിലീസായി ആദ്യ ദിനം മുതല്‍ ഉണ്ടായത്. ഈ സിനിമ കളിക്കുന്ന തിയേറ്ററിന്‍റെ അടുത്തുകൂടെ പോലും പോകരുതെന്ന് ചിലര്‍ പറഞ്ഞുപരത്തി. എന്നാല്‍ സംഭവിക്കുന്നതോ? മലയാള സിനിമ കണ്ട ഏറ്റവും മികച്ച വിജയചിത്രങ്ങളിലൊന്നായി ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ മാറുകയാണ്.
റിലീസിന് മുമ്പ് ഒന്നരക്കോടി രൂപയോളം ലാഭം നേടിയ ചിത്രമാണ് ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍. റിലീസായി ആദ്യ നാലുദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 4.75 കോടി രൂപ. ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. സിദ്ദിക്ക് മലയാളത്തില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും വലിയ പണംവാരിപ്പടമായി മാറുകയാണ് ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍.
“എന്നോടുള്ള അസൂയകൊണ്ടാണ് ഇത്തരം അപവാദങ്ങള്‍ പ്രചരിക്കുന്നത്. എനിക്ക് ഇതൊരു പുതിയ കാര്യമല്ല. പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച മോഹന്‍ലാലിനെയാണ് ഈ സിനിമയിലൂടെ ഞാന്‍ തന്നിരിക്കുന്നത്” - സിദ്ദിക്ക് പ്രതികരിച്ചു.