“പട്ടണത്തില്‍ ഭൂതം മറന്നേക്കൂ” ജോണിയോട് മമ്മൂട്ടി!

ശനി, 25 ജൂണ്‍ 2011 (20:32 IST)
PRO
‘ഈ പട്ടണത്തില്‍ ഭൂതം’ റിലീസായത് 2009ലാണ്. മമ്മൂട്ടി ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ട് വിലസുന്ന സമയം. പക്ഷേ എന്തുകൊണ്ടോ ‘ഭൂതം’ ക്ലിക്കായില്ല. ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ സിനിമ ഒരു അസാധാരണ കഥ പറഞ്ഞ കോമഡിച്ചിത്രമായിരുന്നു. പക്ഷേ തിയേറ്ററില്‍ പ്രേക്ഷകര്‍ ചിരിച്ചില്ല. പടം പൊളിഞ്ഞു.

ഉദയ്കൃഷ്ണയും സിബി കെ തോമസുമായിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കള്‍. ഹിറ്റുകളുടെ മര്‍മമറിഞ്ഞ രചയിതാക്കളും മമ്മൂട്ടിയും കാവ്യാമാധവനുമൊക്കെ സിനിമയുടെ ഭാഗമായിട്ടും ഒരു ഹിറ്റ് ചിത്രമൊരുക്കാന്‍ കഴിയാത്തതില്‍ അതിയായ ദുഃഖം ജോണി ആന്‍റണിക്കുണ്ടായി.

എന്നാല്‍, ആ ദുഃഖം പരിഹരിക്കാന്‍ മമ്മൂട്ടി തന്നെ തീരുമാനിച്ചിരിക്കുന്നു. ജോണി ആന്‍റണിക്ക് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കിയിരിക്കുകയാണ്. പുതിയ മുഖം, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച എം സിന്ധുരാജാണ് തിരക്കഥയൊരുക്കുന്നത്.

ഗ്യാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടി - ജോണി ആന്‍റണി ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷം വിഷു ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കുകയാണ് ലക്‍ഷ്യം.

വെബ്ദുനിയ വായിക്കുക