വളരെ ശാന്തമായ ഒരു കുടുംബാന്തരീക്ഷമെന്ന് പുറമേ നിന്ന് തോന്നിപ്പിക്കുകയും അകമേ ഒരഗ്നിപര്‍വതം ഒളിച്ചുവയ്ക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ നിയമത്തിന്‍റെ ആശയം. സാധാരണ, മമ്മൂട്ടിച്ചിത്രങ്ങളില്‍ ഗൌരവക്കാരനായ നായകനായാണ് മമ്മൂട്ടി വരിക. ഇവിടെ ആ നിയമമെല്ലാം ലംഘിക്കപ്പെടുകയാണ്. ഈ ചിത്രത്തില്‍ തമാശരംഗങ്ങളെല്ലാം മമ്മൂട്ടിയുടേതാണ്.
“നായികയുടെ മനസിന്‍റെ അവസ്ഥ തന്നെയാണ് ചിത്രത്തിന്‍റെ ആദ്യപകുതി. വാസുകി എന്ന കഥാപാത്രം ആത്മഹത്യ ചെയ്യണോ ജീവിക്കണോ എന്ന് തീരുമാനമെടുക്കുന്ന നിമിഷങ്ങളാണ് ആദ്യപകുതിയില്‍ പറയുന്നത്. ഫസ്റ്റ് ഹാഫില്‍ അതിന്‍റെ ഒരു അസന്തുലിതാവസ്ഥ ഉണ്ട്. ഭര്‍ത്താവും ബാക്കിയെല്ലാവരും വളരെ സരസമായി സംസാരിക്കുമ്പോള്‍ നായിക മാത്രം ഇന്ന് ആത്മഹത്യ ചെയ്യണോ നാളെ ആത്മഹത്യ ചെയ്യണോ എന്ന് നോക്കി നില്‍ക്കുകയാണ്. അതിന്‍റെ ദുരൂഹത അവിടെയുണ്ട്. ഉപയോഗിച്ചിരിക്കുന്ന കളര്‍ ടോണ്‍ പോലും അങ്ങനെയാണ്. ആ വിഷയം അത്ര നിസാരമല്ല. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു വിഷയമല്ല അത്. അവരില്‍ അസ്വസ്ഥത ഉളവാക്കുന്ന വിഷയമാണ്. അങ്ങനെ നില്‍ക്കുന്ന ഒരു നായികയായതുകൊണ്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രം കൂടുതല്‍ സംസാരിക്കുകയും കൂടുതല്‍ തമാശ പറയുകയും ചെയ്യേണ്ടിവന്നത്” - മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ എ കെ സാജന്‍ പറയുന്നു.
മമ്മൂട്ടിയും നയന്‍താരയും തമ്മിലുള്ള കെമിസ്ട്രി ഏറെ വര്‍ക്കൌട്ടായ ചിത്രമാണ് പുതിയ നിയമം. ഒരു ഭര്‍ത്താവും ഭാര്യയും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ വരെ വളരെ സ്വാഭാവികമായി മമ്മൂട്ടിയും നയന്‍താരയും അവതരിപ്പിക്കുന്നുണ്ട്. അതൊന്നും പക്ഷേ കുടുംബപ്രേക്ഷകര്‍ ‘അയ്യേ’ എന്ന് പറയുന്ന രീതിയിലല്ല പ്രസന്‍റ് ചെയ്തിരിക്കുന്നത്. “ഞാന്‍ സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ മമ്മുക്ക ചിരിച്ചുകൊണ്ടാണ് കേട്ടത്. മമ്മുക്ക എന്നോടുപറഞ്ഞു ‘ഇതൊന്നും സാധാരണ ഞാന്‍ ചെയ്യുന്ന സീനുകളല്ല. ഇത് ചെയ്യുന്ന ആള്‍ക്കാര്‍ വേറെയുണ്ട്. പക്ഷേ നീയൊന്നും മാറ്റേണ്ട, നമുക്കൊന്നു ശ്രമിച്ചുനോക്കാം’ എന്ന്. മമ്മുക്കയുടെ കഥാപാത്രം വളരെ സരസനും ആവശ്യത്തിലധികം സംസാരിക്കുന്നവനുമാണ്. ചിത്രം പിന്നില്‍ നിന്ന് ഒന്ന് ചിന്തിച്ചുനോക്കുമ്പോള്‍ അയാള്‍ അത് ബോധപൂര്‍വം ഉണ്ടാക്കിയെടുത്ത ഒരു കാര്യമാണെന്ന് കാണാം. ഒരു ദുരന്തത്തെ അതിജീവിക്കാനായി അയാള്‍ ബോധപൂര്‍വം ഉപയോഗിച്ച ഒരു ആയുധമായിരുന്നു അത്” - സാജന്‍ വെളിപ്പെടുത്തുന്നു.