“അന്ന് എല്ലാം നിവിന്‍ പോളിക്ക് പറഞ്ഞുകൊടുക്കേണ്ടിവന്നു...”, സ്വന്തം ന്യൂനതകളെക്കുറിച്ച് ബോധ്യമുള്ളയാളാണ് നിവിന്‍ പോളി, ഒരു സിനിമ നിവിന്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ?; എല്ലാം തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

ചൊവ്വ, 22 മാര്‍ച്ച് 2016 (16:59 IST)
സ്വന്തം ന്യൂനതകളെക്കുറിച്ച് മറ്റാരെക്കാളും ബോധ്യമുള്ളയാളാണ് നിവിന്‍ പോളിയെന്ന് നടനും സംവിധായകനും നിവിന്‍റെ അടുത്ത സുഹൃത്തുമായ വിനീത് ശ്രീനിവാസന്‍. അത് പരിഹരിക്കാന്‍ എത്ര കഠിനാധ്വാനം ചെയ്യാനും അയാള്‍ ഒരുക്കവുമാണെന്നും അതാണ് നിവിന്‍റെ ക്വാളിറ്റിയെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.
 
“മലര്‍വാടിയും തട്ടത്തിന്‍ മറയത്തുമൊക്കെ ചെയ്യുമ്പോള്‍ എല്ലാ കാര്യങ്ങളും വളരെ വിശദമായി നിവിന് പറഞ്ഞുകൊടുക്കണമായിരുന്നു. ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ല. എങ്കിലും ഇടയ്ക്ക് നിവിന്‍ ചോദിക്കും ‘ഇതെങ്ങനെ ചെയ്യണം?’. ഞാന്‍ പറയും ‘നിനക്ക് അറിയാമല്ലോ’. അതയാള്‍ ഗംഭീരമാക്കുകയും ചെയ്യും” - വിനീത് ശ്രീനിവാസന്‍ നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
 
“ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന് മുമ്പ് നിവിന്‍ പോളി തിരക്കഥ വായിച്ചുകേള്‍ക്കും. പിന്നീട് തിരക്കഥ വാങ്ങിക്കൊണ്ട് പോയി വായിക്കും. മൂന്നും നാലും ആവര്‍ത്തി. ഈ സമയമെല്ലാം അയാള്‍ക്കുണ്ടായ സംശയങ്ങള്‍ വിളിച്ചുചോദിച്ചുകൊണ്ടിരിക്കും. ഇതിനൊക്കെ പുറമേ, നിവിന്‍റെ കൈയില്‍ ഒരു പുസ്തകവും ഉണ്ടായിരിക്കും. അതില്‍ തനിക്കുള്ള സംശയങ്ങളെല്ലാം അയാള്‍ അക്കമിട്ട് എഴുതിവച്ചിരിക്കും. അവസാന സിറ്റിംഗില്‍ ഈ സംശയമെല്ലാം നിവിന്‍ ചോദിക്കും. അതിനെല്ലാം കൃത്യമായ മറുപടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളേ ഉണ്ടാകില്ല” - നിവിന്‍ പോളി പറയുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: നാന

വെബ്ദുനിയ വായിക്കുക