‘സിംഹാസന’മെടുത്ത് ഹൃദയാഘാതമുണ്ടായി, നിര്‍മ്മാതാവ് സിനിമ ഉപേക്ഷിച്ചു!

ബുധന്‍, 26 സെപ്‌റ്റംബര്‍ 2012 (17:19 IST)
PRO
ഷാജി കൈലാസ് ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം അവധി കൊടുത്തിരിക്കുകയാണ്. അദ്ദേഹം ചെയ്ത ആക്ഷന്‍ സിനിമകള്‍ തുടര്‍ച്ചയായി പരാജയം രുചിച്ചതുതന്നെ കാരണം. ‘ചിന്താമണി കൊലക്കേസ്’ കഴിഞ്ഞ് ഷാജി ചെയ്ത ഒരു സിനിമ പോലും ലാഭം നേടിയിട്ടില്ല. ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവ ശരാശരി വിജയം കണ്ടെന്നുമാത്രം.

ഷാജി കൈലാസിന്‍റെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളാണ് മാളവിക പ്രൊഡക്ഷന്‍സ് ചന്ദ്രകുമാര്‍. ഡോണ്‍, സിംഹാസനം എന്നിവ. രണ്ട് സിനിമകളും ദയനീയ പരാജയങ്ങളായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ ഡോണ്‍ ദിലീപ് നായകനായ സിനിമയായിരുന്നു. മിനിമം ഗ്യാരണ്ടിയുള്ള ദിലീപിനു പോലും ആ സിനിമയെ രക്ഷിച്ചെടുക്കാനായില്ല.

‘നാടുവാഴികള്‍’ എന്ന ചിത്രത്തിന്‍റെ കഥ പകര്‍ത്തിയുണ്ടാക്കിയ സിനിമയായിരുന്നു സിംഹാസനം. പൃഥ്വിരാജിന്‍റെ പ്രകടനം പക്ഷേ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളഞ്ഞു. ആറുകോടി മുതല്‍മുടക്കിയ ആ സിനിമയും തകര്‍ന്നപ്പോള്‍ നിര്‍മ്മാതാവായ ചന്ദ്രകുമാറിന് ഹൃദയാഘാതമുണ്ടായി.

“ദി ഡോണ്‍ എന്ന സിനിമയിലെ ദുരനുഭവങ്ങള്‍ കൊണ്ടുതന്നെ കുറേക്കാലത്തേക്ക് സിനിമയിലേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടുമൊരു ഭാഗ്യപരീക്ഷണം എന്ന നിലയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിംഹാസനത്തിന്‍റെ നിര്‍മ്മാതാവായത്. അതും വന്‍ നഷ്ടമുണ്ടാക്കി. ആ സിനിമ കാരണം എനിക്ക് അറ്റാക്ക് വരെ വന്നു. നായകന്‍ നിന്ന നില്‍പ്പില്‍ പോകുമ്പോള്‍ ഷൂട്ടിംഗ് മുടങ്ങി ഞാന്‍ നഷ്ടം സഹിക്കേണ്ടിവരും. പലിശയ്ക്ക് പണമെടുത്ത് ഒരു ലക്ഷം രൂപയ്ക്ക് 10000 രൂപ പലിശ കൊടുത്ത അവസരങ്ങളുണ്ട്” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ പറയുന്നു.

അടുത്ത പേജില്‍ - എന്നോട് സ്നേഹം കാണിച്ചത് ആന മാത്രം !

PRO
സിംഹാസനത്തില്‍ നിന്നുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ തന്‍റെ സാമ്പത്തികനിലയും മനസും തകര്‍ത്തെന്ന് നിര്‍മ്മാതാവ് ചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.

“സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന പരദേശികള്‍ കാരണം നഷ്ടമേ ഉണ്ടായിട്ടുള്ളൂ. ഡബ്ബിംഗിന് വരില്ല. അതിന് അവരുടെ കാല് പിടിക്കണം. കൂടുതല്‍ പണം ചോദിച്ചും മാനസികമായി പീഡിപ്പിക്കുകയാണ്. എത്രയോ ദിവസം ബി പി കയറി ഞാന്‍ കിടന്നിട്ടുണ്ട്. ആര്‍ക്കും സ്നേഹവും മനസാക്ഷിയും ഇല്ല. ആകെ സ്നേഹം കാട്ടിയത് എന്‍റെ പടത്തില്‍ അഭിനയിച്ച മിണ്ടാപ്രാണിയായ ആന മാത്രമാണ്. ഇനിയൊരു സിനിമ നിര്‍മ്മിക്കാന്‍ ഞാനില്ല. ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കുന്നുമില്ല” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ വ്യക്തമാക്കി.

“ഏറ്റവും വലിയ അബദ്ധം പറ്റിയത് ഒരു പ്രൊഡക്ഷന്‍ കണ്‍‌ട്രോളറെ വച്ചതാണ്. നമ്മുടെ ഭക്ഷണം കഴിച്ചുകൊണ്ട് നമ്മളെ കുറ്റം പറയും. അവിടെയും നില്‍ക്കും ഇവിടെയും നില്‍ക്കും. ഇങ്ങനെ ഉരുണ്ടുകളിക്കും. എനിക്കിപ്പോള്‍ 42 വയസായി. രോഗിയായ ഞാന്‍ ഇനി എത്രനാള്‍ ജീവിച്ചിരിക്കുമെന്നറിയില്ല. ഇതുവരെ ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഒന്നും സമ്പാദിക്കാനും” - ചന്ദ്രകുമാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക