‘വീരപുത്ര’നെ കൊല്ലുന്നത് മലപ്പുറം ഗ്യാംഗ്!

ബുധന്‍, 19 ഒക്‌ടോബര്‍ 2011 (10:27 IST)
PRO
PRO
മുഹമ്മദ്‌ അബ്ദുള്‍ റഹിമാന്‍ സാഹിബിന്റെ മരണം കൊലപാതകമാണെന്നും ലീഗുകാര്‍ പാകിസ്ഥാന്‍ ചായ്‌വ് ഉള്ളവരാണെന്നും വീരപുത്രനെന്ന സിനിമ ധ്വനിപ്പിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് തൃശൂരില്‍ പത്രസമ്മേളനം നടത്തി. വിവാദത്തിനു പിന്നില്‍ മലപ്പുറത്തെ ചില പ്രമാണിമാരാണെന്നും തീയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍‌വലിപ്പിക്കാന്‍ ഇവര്‍ ചരടുവലികള്‍ നടത്തുന്നതായും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

“ചരിത്രം സിനിമയാക്കുമ്പോള്‍ എന്നും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ചരിത്രം സിനിമയാക്കുമ്പോള്‍ ഉപയോഗിക്കേണ്ട ചേരുവകള്‍ മാത്രമാണു വീരപുത്രനില്‍ ഉപയോഗിച്ചത്‌. പാക്കിസ്ഥാന്‍ വാദവും ദുഷ്പ്രചാരണവും തെറ്റായ വ്യാഖ്യാനങ്ങളും നടത്തി തീയേറ്ററുകളില്‍ നിന്നു സിനിമ നീക്കംചെയ്യാനാണു ശ്രമം നടക്കുന്നത്‌. ഇത്‌ എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. വിവാദങ്ങളെയോ സംവാദങ്ങളെയോ ഭയക്കാനോ പിന്തിരിയാനോ ഉദ്ദേശിച്ചിട്ടില്ല..”

“സാഹിബിന്റെ മരണം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന ഹമീദ്‌ ചേന്ദമംഗലൂരിന്റെ വാദം എന്ത്‌ ഉദ്ദേശിച്ചാണെന്നറിയില്ല. സിനിമ ചരിത്രത്തിന്റെ യഥാര്‍ഥമായ ഒരു പുനര്‍വായനയല്ലെന്നും തുടക്കത്തില്‍ പറയുന്നുണ്ട്‌. ഇക്കാലത്തെ ലീഗ്‌ രാഷ്ട്രീയവും സിനിമ പറയുന്നില്ല. സിനിമയില്‍ പറയുന്ന ലീഗ്‌, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അല്ല. ഈ സാഹചര്യത്തില്‍ ലീഗ്‌ നേതാവ്‌ കെഎന്‍എ ഖാദറിന്റെ വിമര്‍ശനം എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലായിട്ടില്ല” - പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

വിവാദങ്ങള്‍ കൊഴുക്കുന്നുണ്ട് എങ്കിലും വീരപുത്രനെ കാണാന്‍ തീയേറ്ററുകളില്‍ ആളില്ല എന്നതാണ് വാസ്തവം. ദുര്‍ബലമായ തിരക്കഥയും അതിഭാവുകത്വം പലര്‍ന്ന പ്രണയരംഗങ്ങളും സിനിമയെ വഴിതെറ്റിച്ചു. നടന്‍ നരേന് മികച്ച ഒരു കഥാപാത്രത്തെ ലഭിച്ചു എന്നതൊഴിച്ചാല്‍ വീരപുത്രന്‍ മോശം പടമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

വെബ്ദുനിയ വായിക്കുക