ദുല്‍ക്കര്‍ സല്‍മാന്‍റെ ആദ്യ ചിത്രമായ ‘സെക്കന്‍റ് ഷോ’യുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. ആ സിനിമ വിജയിച്ചപ്പോള്‍ അടുത്ത സിനിമ ഒരു മിസ്റ്ററി ത്രില്ലറായാണ് ശ്രീനാഥ് രാജേന്ദ്രന്‍ പ്ലാന്‍ ചെയ്തത്. ചിത്രത്തിന്‍റെ പേരില്‍ത്തന്നെ പ്രത്യേകതയുണ്ടായിരുന്നു - കൂതറ. ഭരത്, ടോവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരായിരുന്നു നായകന്‍മാര്‍. മോഹന്‍ലാലും കഥയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ദയനീയ പരാജയമായി. ബോക്സോഫീസില്‍ കനത്ത പരാജയം നേരിട്ടു എന്നതുമാത്രമല്ല, നിരൂപകരുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്കും കൂതറ വിധേയമായി.
സണ്ണി വെയ്‌ന്‍ അവതരിപ്പിച്ച രാം എന്ന കഥാപാത്രത്തിന്‍റെ അമ്മയായി അഭിനയിച്ചത് പഴയകാല നായിക രഞ്ജിനിയാണ്. ‘ചിത്രം’ എന്ന എവര്‍ഗ്രീന്‍ ഹിറ്റിലെ നായികയായ രഞ്ജിനി വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂതറയ്ക്കുണ്ടായിരുന്നു. എന്നാല്‍ പടം പുറത്തിറങ്ങിയതോടെ എല്ലാ വിശേഷണങ്ങളും വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്ക് വഴിമാറി.
“ഞാന്‍ ചെയ്ത സിനിമകളുടെ എണ്ണത്തില്‍ കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കാത്ത സിനിമയാണ് കൂതറ. ചെയ്യേണ്ടിയിരുന്നില്ലെന്ന് പലവട്ടം തോന്നിയ സിനിമ. ഇത്രനാളായിട്ടും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പക്ഷേ പിന്നീടതില്‍ പല മാറ്റങ്ങളും വന്നു. കഥ പറയുമ്പോള്‍ ഒന്ന്, അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ മറ്റൊന്ന്, സ്ക്രീനില്‍ ഇതൊന്നുമല്ലാത്തയൊന്ന്... ഞാന്‍ ആദ്യം വരുന്ന കാലത്തും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴുമത് തുടരുന്നു എന്നറിയുമ്പോല്‍ അത്ഭുതം തോന്നുന്നു” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിനി പറയുന്നു.
“കഥ പറയുമ്പോള്‍ പ്രധാന വേഷമാണെന്ന് ധരിപ്പിക്കും. പിന്നീടതില്‍ മാറ്റം വരുത്തും. നല്ല പ്രവണതയല്ല അത്. അതുകൊണ്ട് നഷ്ടം ഞങ്ങള്‍ക്കാണ്. നല്ല വേഷം ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് പഴയ പല നായികമാരും മടങ്ങിവരുന്നത്. ഇത്തരം തിരിച്ചടികള്‍ കിട്ടുമ്പോള്‍ ഉള്ളില്‍ ഭയം തോന്നും. വീണ്ടും അഭിനയിക്കണോ എന്ന് സംശയം തോന്നും” - രഞ്ജിനി പറയുന്നു.