ഹന്‍സികയുമായി പിരിഞ്ഞതിനോട് പെട്ടെന്ന് പൊരുത്തപ്പെട്ടു: ചിമ്പു

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (18:27 IST)
ഹന്‍സിക മൊട്‌വാണിയുമായുള്ള പ്രണയബന്ധം തകര്‍ന്നതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ താന്‍ നോര്‍മലായി എന്ന് തമിഴകത്തിന്‍റെ യംഗ് സൂപ്പര്‍സ്റ്റാര്‍ ചിമ്പു. ഹന്‍സികയുമായുള്ള പ്രണയത്തകര്‍ച്ച തന്നെ പ്രതികൂലമായി ബാധിച്ചില്ലെന്നും താരം പറയുന്നു.
 
"ഞാന്‍ എന്‍റെ ബന്ധങ്ങളെപ്പറ്റി എപ്പോഴും തുറന്നുപറയുന്ന ആളാണ്. മറ്റുള്ളവര്‍ എന്ത് പറയുമെന്ന ഭയത്തില്‍ ജീവിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഹന്‍സികയുമായി പിരിയുകയാണെന്ന് ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി പരസ്യമാക്കാന്‍ ഞാനോ ഹന്‍സികയോ ആഗ്രഹിക്കുന്നില്ല." - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ചിലമ്പരശന്‍ പറയുന്നു. 
 
"മറ്റ് പലരുടെയും പ്രണയബന്ധങ്ങള്‍ തകര്‍ന്നപ്പോള്‍ ഞാന്‍ അവരെ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്‍റെ കാര്യം വന്നപ്പോള്‍ ഞാന്‍ സ്വയം അത് ചെയ്തു. മുമ്പ് എനിക്ക് പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായപ്പോള്‍ ഞാന്‍ വല്ലാതെ ഡിപ്രസ്ഡാവുകയും എല്ലാവരില്‍ നിന്നും അകന്ന് യാത്ര പോകുകയും ചെയ്തിരുന്നു. ആ പ്രണയനഷ്ടങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ ഹന്‍സികയുമായുള്ള പ്രണയം മുറിഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ സാധാരണ അവസ്ഥയിലായി. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള പക്വത എനിക്ക് വന്നുചേര്‍ന്നു" - ചിമ്പു വ്യക്തമാക്കി. 
 
"ഇപ്പോള്‍ ഞാന്‍ സിംഗിള്‍ ആയിരിക്കുന്നതില്‍ സന്തോഷവാനാണ്. നാളെ മറ്റൊരു പ്രണയത്തില്‍ വീഴുമോ എന്നറിയില്ല. എന്തായാലും നിലവിലെ സ്റ്റാറ്റസില്‍ സംതൃപ്തനാണ്. പലരുടെയും വീടുകളില്‍ ചെന്ന് കാര്യങ്ങള്‍ ആഴത്തില്‍ അറിഞ്ഞാല്‍ മനസിലാകും അവരുടെയൊക്കെ ബന്ധങ്ങള്‍ സന്തോഷകരമാണോ എന്ന്" - ചിമ്പു പറയുന്നു.

വെബ്ദുനിയ വായിക്കുക