സ്ലോമോഷന്‍ ഇഷ്ടമില്ലാത്തവര്‍ അന്‍‌വര്‍ കാണേണ്ടതില്ല!

ബുധന്‍, 20 ഒക്‌ടോബര്‍ 2010 (16:44 IST)
PRO
“സ്ലോമോഷന്‍ കാണുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകുന്നവര്‍ ദയവു ചെയ്ത് അന്‍‌വര്‍ കാണരുത്” - പറയുന്നത് മറ്റാരുമല്ല. ‘അന്‍വര്‍’ എന്ന പൃഥ്വിരാജ് ചിത്രത്തിന്‍റെ സംവിധായകനയ അമല്‍ നീരദ്. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമല്‍ നീരദ് ഇങ്ങനെ പറയുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളില്‍ നിന്ന് പൃഥ്വിരാജിലേക്കെത്തുമ്പോള്‍ പ്രായത്തിന്‍റെ ഐക്യം കൊണ്ടാണെന്നുതോന്നുന്നു, എനിക്ക് ഏറെ കംഫര്‍ട്ടബിള്‍ ഫീല്‍ ചെയ്യാറുണ്ട്. പൃഥ്വിയുമായി നന്നായി കമ്യൂണിക്കേറ്റ് ചെയ്യാനും അദ്ദേഹത്തെ നന്നായി ബുദ്ധിമുട്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ എല്ലാ കാര്യത്തിലും ആ നടന്‍റെ സഹകരണം ഞാന്‍ അനുഭവിച്ചു. ഒരു നടനെന്ന നിലയില്‍ പൃഥ്വിയുടെ സൂപ്പര്‍ ബ്രില്യന്‍റ് പെര്‍ഫോമന്‍സാണ് അന്‍‌വറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക - അമല്‍ നീരദ് പറയുന്നു.

മൂന്ന് സംവിധായകരായിരുന്നു ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ എനിക്കൊപ്പം ഉണ്ടായിരുന്നത്. പ്രകാശ് രാജ്, ലാല്‍ എന്നീ സംവിധായകരും പൃഥ്വിരാജ് എന്ന വരും‌കാല സംവിധായകനും. സിനിമയുടെ സ്ട്രെയിന്‍ അടുത്തറിയാവുന്ന ആ മൂന്നുപേരും എല്ലാ തരത്തിലും എന്നെ നന്നായി സഹായിച്ചു. ഒന്നേമുക്കാല്‍ കോടി രൂപ പ്രതിഫലം വാങ്ങുന്ന പ്രകാശ്‌രാജ് അതിന്‍റെ പത്തിലൊന്നുപോലും വാങ്ങാതെയാണ് അന്‍‌വറില്‍ അഭിനയിച്ചത്. എന്‍റെ സിനിമ പ്രകാശ്‌രാജിനെ സംബന്ധിച്ച് മറ്റൊരു കാഞ്ചീവരം അല്ല. എന്നിട്ടും അദ്ദേഹം സഹകരിച്ചു. ലാല്‍ ആകട്ടെ ഈ സിനിമയ്ക്ക് വേണ്ടി മറ്റൊരു ചിത്രവും ചെയ്യാതെ താടിവളര്‍ത്തി എന്‍റെ കൂടെ നിന്നു - അമല്‍ പറഞ്ഞു.

സാധാരണയായി കാലിക പ്രസക്തിയുള്ള ചിത്രമെന്ന പേരില്‍ ‘പേപ്പര്‍ കട്ടിംഗ്’ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. രാഷ്ട്രീയനേതാക്കളെ മിമിക് ചെയ്യുന്ന കഥാപാത്രങ്ങളാണ് അത്തരം സിനിമയില്‍ കാണുന്നത്. ‘അന്‍‌വര്‍‘ അത്തരമൊരു സിനിമയല്ല. നൂറുശതമാനം ഫിക്ഷനാണ് ഈ സിനിമ. ഈ കാലത്ത് സംഭവിക്കാന്‍ സാധ്യതയുള്ള ഫിക്ഷന്‍. എന്‍റെ സിനിമയുടെ ബജറ്റ് 162 കോടി ചെലവുള്ള ഷങ്കര്‍ ചിത്രം ‘എന്തിരനു’മായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും 158 കോടിയുടെ വ്യത്യാസം മാത്രമേയുള്ളൂ - അമല്‍ നീരദ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക