സ്മിതയുടെ കാമുകന്‍ കുമ്പസാരിക്കുന്നു

ശനി, 17 ജനുവരി 2009 (17:27 IST)
PROPRO
അകാലത്തില്‍ പൊലിഞ്ഞുപോയ സില്‍‌ക്കെന്ന മാദകനക്ഷത്രത്തിന്‍റെ ഓര്‍മ്മ വീണ്ടും തമിഴ്‌നാട്ടില്‍ അലയടിക്കുന്നു. തമിഴ് പ്രസിദ്ധീകരണമായ ‘ജൂനിയര്‍ വികട’നില്‍ സ്മിതയുടെ കാമുകന്‍, വേലുപ്രഭാകരന്‍ നടത്തുന്ന കുമ്പസാരമാണ് തമിഴ്‌നാടിനെ വീണ്ടും ‘സില്‍‌ക്ക്’ ഓര്‍മ്മകളിലേക്ക് വഴി നടത്തുന്നത്.

കാമവെറിയനെന്നും തരം കിട്ടിയാല്‍ സ്ത്രീകളെ ഇംഗിതത്തിന് ഉപയോഗപ്പെടുത്തുന്നവനെന്നും സ്വയം പരിചയപ്പെടുത്തുന്ന വേലുപ്രഭാകരന്‍റെ ‘സില്‍ക്ക്’ ഓര്‍മ്മകളില്‍ നിന്ന് ചില ഭാഗങ്ങളിതാ -

സത്യരാജ് അഭിനയിച്ച പിക്‌പോക്കറ്റ്(1989) എന്ന സിനിമയുടെ ക്യാമറാമാനായി പ്രവര്‍ത്തിക്കുമ്പോഴാണ് ഞാനാദ്യമായി സില്‍‌ക്ക് സ്മിതയെ കാണുന്നത്. പടത്തിന്‍റെ തുടക്കത്തില്‍ ഞാനൊരു ക്യാമറാമാനും സ്മിതയൊരു നടിയുമായിരുന്നു. എന്നാല്‍ സിനിമയുടെ പകുതിയായപ്പോഴേക്ക് കൈകള്‍ പരസ്പരം കൈമാറാവുന്ന സ്ഥിതിയിലെത്തി ഞങ്ങള്‍.

കയ്യില്‍ കിട്ടുന്ന പെണ്ണിനെ വലയില്‍ വീഴ്ത്തുന്നതാണ് നമ്മുടെ സംസ്കാരം. ഞാനും അത്തരക്കാരന്‍ തന്നെ. സ്മിതയെ എന്‍റെ വലയില്‍ ചാടിക്കാന്‍ ഞാനും ശ്രമം ആരംഭിച്ചു. മൈക്കേല്‍ ആഞ്ചലോയുടെ ശില്‍‌പകലാചാതുരി കണ്ടിട്ടുണ്ടോ എന്ന് ഞാനൊരുനാള്‍ സ്മിതയോട് ചോദിച്ചു. ഇല്ലെന്ന് സ്മിത പറഞ്ഞപ്പോള്‍ നിങ്ങള്‍ കണ്ണാടി നോക്കാറില്ലേ എന്നായി ഞാന്‍.

“മൈക്കലാഞ്ചലോയുടെ ശില്‍‌പങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരേയൊരു വ്യത്യാസം മാത്രം. നിങ്ങള്‍ക്ക് ജീവനുണ്ട് ശില്‍‌പങ്ങള്‍ക്കതില്ല” - ഞാന്‍ പറഞ്ഞു. അത് കേട്ടതും സ്മിതയുടെ ലഹരിയൊഴുകുന്ന മിഴികളില്‍ ഒരു മിന്നല്‍. സ്മിതയെന്‍റെ വലയില്‍.


PROPRO
സ്മിതാ... വിശന്നിട്ട് വയ്യ!

ആ കാലഘട്ടത്തില്‍ ഒരുനാള്‍ ഞാന്‍ സ്മിതയുടെ വീട്ടില്‍ തങ്ങാനിടയായി. ചെന്നൈ വടപഴനി ബസ് സ്റ്റാന്‍ഡിന്‍റെ പിന്നിലുള്ള കുമരന്‍ കോളനിയിലാണ് സ്മിത അന്ന് താമസിച്ചിരുന്നത്. സമയം അര്‍ദ്ധരാത്രി കഴിഞ്ഞുകാണും. എനിക്ക് വല്ലാത്ത വിശപ്പ്. ഞാന്‍ ഉടനെത്തന്നെ ഫ്രിഡ്ജ് തുറന്ന് എന്താണ് കഴിക്കാനുള്ളതെന്ന് തിരയാന്‍ തുടങ്ങി.

എന്തുപറ്റി ഭയങ്കര വിശപ്പാണോ എന്ന് കട്ടിലില്‍ കിടന്നുകൊണ്ട് സ്മിത ചോദിച്ചു. വിശന്നിട്ട് വയ്യെന്നുള്ള സത്യം ഞാന്‍ സ്മിതയോട് പറഞ്ഞു.

എന്നോട് ഒന്നും പറയാതെ സ്മിത കട്ടിലില്‍ നിന്നെഴുന്നേറ്റ് അടുക്കളയില്‍ പോയി. അല്‍‌പനേരം കൊണ്ട്, പച്ചമുളകും സബോളയും അരിഞ്ഞിട്ട് രുചികരമായൊരു ഉപ്പുമാവ് ഉണ്ടാക്കി എനിക്ക് കൊണ്ടുവന്നുതന്നു. എന്‍റെ വയറും മനസും നിറഞ്ഞ ആ രാത്രി ഞാന്‍ മറക്കുന്നതെങ്ങനെ?

ഇന്ന് സ്മിത ഇല്ല. ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കില്‍, അവളൊരു പക്ഷേ എന്‍റെ ഭാര്യയായേനെ. എന്നാല്‍ അവളെയും വിട്ട് ഞാന്‍ വേറൊരു പെണ്ണിന്‍റെയടുത്ത് പോകാതിരിക്കുമോ? ആര്‍ക്കും തൃപ്തിപ്പെടുത്താനാവാത്ത ഒരു മനോരോഗി പോലെയായിരുന്നല്ലോ അക്കാലത്ത് ഞാന്‍!

ഞാന്‍ മാത്രമല്ല. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ളവര്‍ അനേകരുണ്ട്. സമൂഹം അറിയാതെ, അവര്‍ ഞാന്‍ ചെയ്തതുപോലെയൊക്കെ ചെയ്യുന്നു. അവരോട് എനിക്ക് ഇത്രയേ പറയാനുള്ളൂ - കാമഭ്രാന്തില്‍ ഇനിയെങ്കിലും കാലം തള്ളിനീക്കാതെ, നിങ്ങള്‍ ചെയ്തുകൂട്ടിയതിന്‍റെ വ്രണങ്ങളില്‍ മരുന്നുപുരട്ടാന്‍ തുടങ്ങുക.

(കടപ്പാട് - ജൂനിയര്‍ വികടന്‍)