സുപ്രിയയെ അറിയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല: പൃഥ്വി

ചൊവ്വ, 10 മെയ് 2011 (14:01 IST)
PRO
തന്‍റെ വിവാഹം സംബന്ധിച്ച എല്ലാ വിവാദങ്ങള്‍ക്കും പൃഥ്വിരാജ് മറുപടി പറയുന്നു. ഇപ്പോള്‍ തന്‍റെ ഭാര്യയും, നാലു വര്‍ഷക്കാലം പ്രണയിനിയുമായിരുന്ന സുപ്രിയാമേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ അറിയില്ലെന്ന് താന്‍ ഒരു അഭിമുഖത്തിലും പറഞ്ഞിട്ടില്ലെന്ന് പൃഥ്വി വ്യക്തമാക്കി.

“എന്‍റെ വിവാഹത്തിന് ശേഷം ഏറ്റവും വലിയ വിവാദമുണ്ടായത് ഞാന്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തെച്ചൊല്ലിയാണ്. ‘മുംബൈയിലെ ആ മാധ്യമപ്രവര്‍ത്തകയെ ഞാന്‍ അറിയില്ല’ എന്ന് ആ അഭിമുഖത്തില്‍ അച്ചടിച്ചു വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ എന്നോടുചോദിച്ചത് ‘പ്രതീക്ഷാ മേനോന്‍ എന്ന മുംബൈ മാധ്യമപ്രവര്‍ത്തകയെ അറിയുമോ?’ എന്നാണ്. ഇപ്പോഴും ഞാന്‍ പറയുന്നു, പ്രതീക്ഷാ മേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ എനിക്കറിയില്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരാളുണ്ട്, പക്ഷേ ഞാന്‍ ആ കുട്ടിയെ അറിയില്ല എന്നാണ് പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍, ആ മാധ്യമത്തില്‍ അഭിമുഖം അച്ചടിച്ചുവന്നപ്പോള്‍ ‘പ്രതീക്ഷാ മേനോന്‍’ എന്ന പേരുണ്ടായിരുന്നില്ല. ‘മുംബൈയിലെ മാധ്യമപ്രവര്‍ത്തകയുമായി പരിചയമില്ല’ എന്നാണ് അഭിമുഖത്തില്‍ വന്നത്. അത് ‘സുപ്രിയയെ എനിക്കറിയില്ല’ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു” - ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

അടുത്ത പേജില്‍ - രഹസ്യവിവാഹം എന്തിനായിരുന്നു?

PRO
തന്‍റെ വിവാഹം രഹസ്യമായി നടത്തിയതിന്‍റെ കാരണമെന്താണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. “ഞാന്‍ നാലു വര്‍ഷമായി സ്നേഹിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് വളരെ സ്വകാര്യമായി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്‍റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അതില്‍ സംബന്ധിച്ചാല്‍ മതിയെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് എന്‍റെ മുന്നില്‍ രണ്ട് പോം‌വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ‘ഇന്ന ദിവസം എന്‍റെ വിവാഹമാണ്. ദയവു ചെയ്ത് നിങ്ങള്‍ അതിന് വരാതിരിക്കുക’ എന്ന് എന്‍റെ മാധ്യമ സുഹൃത്തുക്കളോട് പറയുക. അല്ലെങ്കില്‍ മാധ്യമങ്ങളെ അറിയിക്കാതിരിക്കുക. ഞാന്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. അത്രമാത്രം” - പൃഥ്വിരാജ് വ്യക്തമാക്കി.

ഈ വര്‍ഷം തനിക്ക് സന്തോഷം ഏറെയുള്ള വര്‍ഷമാണെന്ന് പൃഥ്വി പറഞ്ഞു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഉറുമിയും മാണിക്യക്കല്ലും പ്രേക്ഷകര്‍ സ്വീകരിച്ചു. ‘വീട്ടിലേക്കുള്ള വഴി’ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നു.

“ഈ സന്തോഷങ്ങള്‍ക്കെല്ലാമിടയില്‍ എനിക്ക് ഒരു വേദനയുമുണ്ട്. ‘സിറ്റി ഓഫ് ഗോഡ്’ എന്ന, മികച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്ന സിനിമ വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല എന്നതാണ് അത്” - പൃഥ്വി പറയുന്നു.

വെബ്ദുനിയ വായിക്കുക