സാഗര്‍ എലിയാസ് ജാക്കി, അവന്‍ വീണ്ടും വരും !

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2012 (16:09 IST)
PRO
ആ ഗോള്‍ഡ് സ്മഗ്‌ളര്‍ വീണ്ടും വരും ! കള്ളക്കടത്തിലും അധോലോക പ്രവര്‍ത്തനത്തിലും പോലും ഒരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ഡോണ്‍ - സാഗര്‍ എലിയാസ് ജാക്കി. കഞ്ചാവ് ആളെക്കൊല്ലും എന്ന തിരിച്ചറിവുള്ളതിനാല്‍ മയക്കുമരുന്നിന്‍റെ ബിസിനസ് ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്ത ജാക്കി. അയാളെ വീണ്ടും കളത്തിലിറക്കാന്‍ ആഗ്രഹിക്കുന്നത് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന എവര്‍ഗ്രീന്‍ ഹിറ്റിലൂടെ ജാക്കിയെ മലയാളത്തിന് പരിചയപ്പെടുത്തിയ കെ മധു തന്നെയാണ്.

‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന പേരില്‍ ഇരുപതാം നൂറ്റാണ്ടിന് ഒരു രണ്ടാം ഭാഗം വന്നിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ആ ചിത്രത്തെ തള്ളിക്കളഞ്ഞു. “അത് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമാണ് എന്നുപോലും ഞാന്‍ കരുതുന്നില്ല. കെ മധുവിന്‍റെ സാന്നിധ്യം ഇല്ലാതെ പോയതാണ് സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് പരാജയപ്പെടാന്‍ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു” - കെ മധു വ്യക്തമാക്കി.

സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു നടന് കഴിയില്ല എന്ന് മധു പറയുന്നു. “മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് പറഞ്ഞാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗം ഞാന്‍ ഒരുക്കും” - ഉറച്ച ശബ്ദത്തില്‍ കെ മധു വ്യക്തമാക്കി.

1987ലാണ് ‘ഇരുപതാം നൂറ്റാണ്ട്’ റിലീസായത്. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറി.

ആ സിനിമ അക്കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. 40 ലക്ഷം രൂപയാണ് ചെലവായത്. നാലരക്കോടി രൂപയാണ് ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രം പക്ഷേ പരാജയമായി. കെ മധുവിന് പകരം അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

“ഇരുപതാം നൂറ്റാണ്ട് വീണ്ടും ചെയ്യാന്‍ ആദ്യം സമ്മതിക്കേണ്ടത്‌ എസ്‌ എന്‍ സ്വാമിയാണ്‌. സ്വാമി എഴുതിത്തന്നാല്‍ ഞാന്‍ എടുക്കാന്‍ തയ്യാറാണ്‌. മോഹന്‍ലാല്‍ അഭിനയിക്കാന്‍ സമ്മതിച്ചാല്‍ നായകവേഷം ചെയ്യുന്നതു മോഹന്‍ലാല്‍ തന്നെയായിരിക്കും. ഈ വെല്ലുവിളി ഞാന്‍ സ്വീകരിച്ചിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ട്‌ എസ്‌ എന്‍ സ്വാമി എഴുതി മോഹന്‍ലാല്‍ അഭിനയിക്കുകയാണെങ്കില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ നല്‍കാന്‍ എനിക്കു കഴിയും. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്‍റെ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതായിരുന്നു. ഇനിയും മോഹന്‍ലാലില്‍ നിന്ന് എന്തൊക്കെ കിട്ടുമെന്ന്‌ എനിക്കറിയാം. അതു കൊണ്ടാണ്‌ ഞാന്‍ ഉറപ്പ്‌ പറയുന്നത്” - കെ മധു വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക