രഞ്ജിത്തിന്‍റെ സിനിമകളോട് എനിക്ക് താല്‍പ്പര്യമില്ല: ആന്‍റണി
ചൊവ്വ, 25 ജനുവരി 2011 (14:14 IST)
PRO
സംവിധായകന്‍ രഞ്ജിത് ഇപ്പോള്‍ സൃഷ്ടിക്കുന്ന പരീക്ഷണ സിനിമകളോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. അത്തരം സിനിമകളോട് മോഹന്‍ലാലിന് ചിലപ്പോള്‍ താല്‍പ്പര്യമുണ്ടാകുമെന്നും എന്നാല്‍ തനിക്ക് അതിനോട് തീരെ താല്‍പ്പര്യമില്ലെന്നുമാണ് ആന്‍റണി പറയുന്നത്.
“മോഹന്‍ലാല്‍ - രഞ്ജിത് കൂട്ടുകെട്ട് അവസാനിക്കാന്‍ കാരണമായി ഞങ്ങളുടെ ഭാഗത്തുനിന്ന് ഒന്നും സംഭവിച്ചിട്ടില്ല. രഞ്ജിയേട്ടന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും സംഭവിച്ചോ എന്ന് എനിക്ക് അറിയില്ല. ആ കൂട്ടുകെട്ടില്‍ ഒരു സിനിമ ചെയ്യാന്‍ ഏതു സമയവും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്‍റെ ഇഷ്ടം രഞ്ജിയേട്ടന് അറിയാം. എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്ന സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യാത്ര. ആന്‍റണിക്ക് അത്തരം സിനിമകളില്‍ താല്‍പ്പര്യമില്ല. ലാല്‍ സാറിന് ഉണ്ടായിരിക്കാം” - ചിത്രഭൂമിക്കുവേണ്ടി ബൈജു പി സെന്നിന് അനുവദിച്ച അഭിമുഖത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.
മോഹന്‍ലാല്‍ എന്ന വലിയ നടന്‍ തന്‍റെ പിടിയിലാണെന്ന ആരോപണത്തോടും ആന്‍റണി പ്രതികരിച്ചു. “അങ്ങനെയുള്ള ആരോപണങ്ങള്‍ തീരെ ശരിയല്ല. ഒരുകാലത്തും അങ്ങനെ സംഭവിച്ചിട്ടില്ല. ഇവിടത്തെ വലിയ സംവിധായകര്‍ക്ക് മോഹന്‍ലാലിനോട് കഥ പറയുന്നതില്‍ ഇപ്പോഴും തടസമൊന്നുമില്ല. കഥ പറയാന്‍ ഒരുപാട് പേരും അഭിനയിക്കാന്‍ ഒരാളും - അതാണ് പ്രശ്നം. കഥ പറയുന്ന എല്ലാവരുടെയും സിനിമകള്‍ ഒരു വര്‍ഷം ചെയ്യാന്‍ കഴിയില്ല. അതില്‍ സെലക്ട് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കും. അപ്പോള്‍ ഡേറ്റ് കിട്ടാത്ത സംവിധായകര്‍ കുറ്റം പറയും. ദിവസം നിരവധി കഥാകൃത്തുക്കള്‍ എന്നെ സമീപിക്കാറുണ്ട്. അവര്‍ പറയുന്ന കഥകളില്‍ പലതും ലാലേട്ടന്‍റെ ഹിറ്റ് ചിത്രങ്ങളുടെ കോമ്പിനേഷനായിരുന്നു. അതെല്ലാം സിനിമയാക്കാന്‍ കഴിയുമോ? അവര്‍ പറയുന്ന കഥ ലാല്‍ സാറിനെ കേള്‍പ്പിക്കാന്‍ കഴിയുമോ? അവരാണ് ‘ലാലേട്ടനിലേക്ക് അടുക്കാന്‍ ആന്‍റണി പെരുമ്പാവൂര്‍ അനുവദിക്കുന്നില്ല’ എന്ന് പരാതി പറയുന്നത്” - ആന്‍റണി വ്യക്തമാക്കി.
അടുത്ത പേജില്‍ - കാണ്ഡഹാറിന് സംഭവിച്ചതെന്ത്?
PRO
കാണ്ഡഹാറിന്‍റെ പരാജയത്തില്‍ സംവിധായകന്‍ മേജര്‍ രവി ഉത്തരവാദിയാണെന്ന സൂചനകള്‍ ആന്‍റണി പെരുമ്പാവൂര്‍ നല്‍കുന്നു. “മലയാളത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചിത്രമായിരുന്നു കാണ്ഡഹാര്‍. ജനങ്ങള്‍ ആഗ്രഹിച്ചതും സംവിധായകന്‍ ചിന്തിച്ചതും വ്യത്യസ്തമായിരുന്നോ എന്ന് സംശയമുണ്ട്. എനിക്ക് ചിത്രം കണ്ടപ്പോള്‍ തോന്നിയത് അതാണ്. എല്ലാം ഭയങ്കരമായ പ്രതീക്ഷയോടെയാണ് തുടങ്ങുന്നത്. പക്ഷേ പ്രതീക്ഷയ്ക്ക് അനുസരിച്ച് എല്ലാം ഉയരില്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞു.”
“ലാല്‍ സാര്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ പിന്നണി പ്രവര്‍ത്തകരെ ഭയങ്കരമായി വിശ്വസിക്കും. അതിന്‍റെ പിറകേ പോകും. ആ ചിത്രം നന്നായി വരുത്താനുള്ള ചുമതല അവര്‍ക്കാണ്. എപ്പോഴും സിനിമകളുടെ കഥ മാത്രമേ ഞാന്‍ സെലക്‍ട് ചെയ്യാറുള്ളൂ. മറ്റ് കഥാചര്‍ച്ചകളിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. പല സിനിമകളുടെയും കഥ പറയുമ്പോള്‍ രസകരമായിരിക്കും. പക്ഷേ, സ്ക്രീനിലെത്തുമ്പോള്‍ പലതും ചോര്‍ന്നുപോകും.” - ആന്‍റണി വെളിപ്പെടുത്തുന്നു.