മുമ്പേ വരേണ്ടിയിരുന്നു: ശ്വേത

മലയാള
FILEFILE
സിനിമയിലെ കോഴിക്കോട്ടുകാരിയായ നായികയാണ് ശ്വേതാ മേനോന്‍. വളരെ നാള്‍ക്കു മുമ്പ് മലയാള സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞിരുന്നില്ല.

മുന്‍ മിസ് ഇന്ത്യ കൂടിയായ ശ്വേത മുംബൈയില്‍ താമസിച്ച് മോഡലിംഗിലും പരസ്യ ചിത്രങ്ങളിലുമാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

മോഹന്‍ ലാലിനോടൊപ്പം കീര്‍ത്തിചക്ര ആകാശഗോപുരം എന്നീ ചിത്രങ്ങളിലും പരദേശി, തന്ത്ര എന്നീ സിനിമകളിലും ശ്വേത അഭിനയിച്ചിട്ടുണ്ട്. പി ടി കുഞ്ഞിമുഹമ്മദിന്‍റെ പരദേസിയിലെ ആ ംഇനയും, രണ്‍ജിത്തിന്‍റെ റോക്ക് അണ്ട് റോളിലെ മീനാക്ഷിയും വ്യത്യസ്ഥമായ രണ്ടു വേഷങ്ങളാണ്.

? മലയാളത്തിലേക്ക് വീണ്ടുമെത്തുമ്പോഴേക്ക് എന്ത് തോന്നുന്നു.

* വളരെ അഭിമാനം തോന്നുന്നു. വളരെ മുമ്പു തന്നെ മലയാളത്തില്‍ നിലയുറപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ മുംബൈയില്‍ സ്ഥിര താമസമാക്കിയതുകൊണ്ട് കേരളത്തിലേക്ക് വരില്ല എന്നായിരുന്നു പല നിര്‍മ്മാതാക്കളും സംവിധായകരും കരുതിയത്. ഇപ്പോഴതെല്ലാം മാറിയെന്നതില്‍ വളരെ സന്തോഷമുണ്ട്.

? മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എങ്ങനെയിരുന്നു.

* തന്ത്ര എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമൊരിക്കല്‍ ഞാന്‍ മലയാളത്തിലെത്തിയത്. അതിനു മുമ്പ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ നായികയായി അനശ്വരമെന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പല പുതിയ ചിത്രങ്ങളിലേക്കും എന്നെ വിളിക്കുന്നുണ്ട്. എന്‍റെ കഴിവുകള്‍ മലയാള സിനിമയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

? തന്ത്രയിലെ വേഷം ശ്വേതയ്ക്ക് ഗുണം ചെയ്തോ.

* സിനിമ എന്ന നിലയില്‍ തന്ത്ര വേണ്ടത്ര വിജയിച്ചില്ല. പക്ഷെ, എന്നെ ഏല്‍പ്പിച്ച കഥാപാത്രം ഭംഗിയാക്കാനായി എന്നാണെന്‍റെ വിശ്വാസം. ആദ്യം ശോഭനയ്ക്ക് വേണ്ടി കരുതിവച്ച കഥാപാത്രമായിരുന്നു ഇത്. അവര്‍ വരാതിരുന്നതിനാലാണ് നിര്‍മ്മാതാക്കള്‍ എന്നെ സമീപിച്ചത്. ശക്തമായ വേഷം, ക്ളാസിക് പശ്ഛാത്തലമുള്ള സിനിമ. അതുകൊണ്ട് സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.


FILEFILE
? കീര്‍ത്തിചക്രയിലെ അഭിനയം.

* കീത്തിചക്രയിലും നല്ല കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. മോഹന്‍ലാലിനോടൊപ്പമുള്ള അഭിനയം നല്ലൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന് ഒട്ടും വലിപ്പച്ചെറുപ്പമില്ല. സൂപ്പര്‍ താരമാണെന്ന ഭാവമില്ല. ഇത് വാസ്തവം പറഞ്ഞാല്‍ മലയാള സിനിമയുടെ ഒരു വലിയ സവിശേഷതയാണ്. ആകാശ ഗോപുരത്തില്‍ ലാലേട്ടന്‍റെ നായിക ഞാനാണ് കേട്ടോ...

? നായികയായി അഭിനയിക്കുമ്പോള്‍ സിനിമയിലെ മറ്റ് നായികനടിമാരുമായി മത്സരിക്കേണ്ടിവരുന്നില്ലേ.

* ഒരിക്കലുമില്ല, ഇപ്പോഴുള്ള പലരും ബാലതാരങ്ങളായി വന്ന് നായികമാരായതാണ്. ഞാനാണെങ്കില്‍ നായികയായി വന്ന് പിന്നീട് ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ആളാണ്. ഞങ്ങള്‍ തമ്മില്‍ മത്സരിക്കേണ്ട കാര്യമൊന്നുമില്ല. പിന്നെ, എന്‍റെ പ്രായം വച്ചു നോക്കുമ്പോള്‍ ഇന്നത്തെ നായികമാര്‍ പലരും കുട്ടികളാണ്.

? എന്താണ് ഭാവി പദ്ധതികള്‍.

* കേരളത്തില്‍, കഴിയുമെങ്കില്‍ കോഴിക്കോട്ട് സ്ഥിര താമസമാക്കണമെന്ന് എനിക്കൊരു ആഗ്രഹമുണ്ട്. കാരണം ജന്മദേശം കോഴിക്കോടാണ്. കോഴിക്കോട്ടുകാരി എന്ന മേല്‍വിലാസത്തോടുകൂടിയാണ് എല്ലാ പ്രശസ്തിയും എനിക്ക് കിട്ടിയത്. പിന്നെ, ഒരുപാട് നല്ല ചിത്രങ്ങളില്‍ അഭിനയിക്കണം. ശ്വേത ആ റോള്‍ ഗംഭീരമാക്കി എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കണം.

? ഭാവിയിലെ എങ്ങനെ വിലയിരുത്തപ്പെടണം എന്നാണാഗ്രഹം.

* ലഹരി പിടിപ്പിക്കുന്ന ചുവന്ന വീഞ്ഞിനോട് എന്നെ താരതമ്യപ്പെടുത്തണമെന്നാണ് എന്‍റെ ആഗ്രഹം. പിന്നെ, അര്‍പ്പണ ബോധമുള്ള കലാകാരി, നല്ല വ്യക്തി എന്നീ നിലകളിലും ആളുകള്‍ എന്നെ കാണണം.