മീരയെങ്ങനെ ‘മീരാ വാസുദേവ്’ ആയി? ഇത് മറ്റാരുടെയും സംശയമല്ല, മീരയുടെ തന്നെ. ‘തന്‍മാത്ര’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്‍റെ പേര് മീരാ വാസുദേവന്‍ എന്നായിരുന്നു എന്ന് മീരയ്ക്ക് ഉറപ്പാണ്. ചിത്രത്തിന്‍റെ പ്രചാരണമൊക്കെ ആയപ്പോഴേക്കും തന്‍റെ പേര് ‘മീരാവാസുദേവ്’ ആയി മാറി എന്ന് മീര പരിഭവിക്കുന്നു. ഇപ്പോഴിതാ മലയാളിക്ക് മീരാ വാസുദേവിനെ മാത്രമേ പരിചയമുള്ളൂ എന്ന നിലയിലുമായി.
തമിഴ്ചിത്രമായ ആട്ടനായകന്‍റെ കുംഭകോണത്തെ സെറ്റില്‍ നിന്ന് കുട്ടിക്കാനത്തെ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയതായിരുന്നു മീര.
ഇപ്പോള്‍ ബോളിവുഡിലും കോളിവുഡിലും മല്ലുവുഡിലും ഒരേ പോലെ സജീവമായല്ലോ, പുതിയ റിലീസുകളെ കുറിച്ച് ?
‘ഥോടി ലൈഫ് ഥോട മാജിക്’ റിലീസ് ആയിക്കഴിഞ്ഞു. അതിലെ വേഷത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തമിഴില്‍ അടുത്ത റിലീസ് ‘കത്തിക്കപ്പല്‍’. ഇതില്‍ പ്രേമിന്‍റെ ജോഡിയായിട്ടാണ് അഭിനയിക്കുന്നത്. വളരെ സാധ്യതയുള്ള കഥാപാത്രമാണ് ഇതിലേത്. ഇതില്‍ 16 കാരിയായും 65 കാരിയായും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു.
PRO
മലയാളത്തില്‍ ‘തന്‍മാത്ര’യിലൂടെ നടത്തിയ രംഗപ്രവേശം എങ്ങനെ വിലയിരുത്തുന്നു?
ബ്ലസിയുടെ നല്ലൊരു പ്രോജക്ടായിരുന്നു അത്. റോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നെക്കാള്‍ വളരെയധികം പ്രായമുള്ള ഒരു വീട്ടമ്മയായി..പക്ഷേ..
എന്താണൊരു പക്ഷേ, വളരെ നല്ല വേഷമായി പ്രേക്ഷകരും വിമര്‍ശകരും അംഗീകരിച്ചിട്ടും തൃപ്തി ഇല്ലേ?
സംതൃപ്തിയുണ്ട്...വളരെയധികം. എന്നാല്‍, അതിനു ശേഷം എനിക്ക് 35 വയസ്സോളം ഉണ്ടെന്ന ധാരണ പരന്നിട്ടില്ലേ എന്നൊരു സംശയം ( മീരയുടെ മുഖത്ത് ഗൌരവമല്ല കുസൃതിച്ചിരിയാണ്). എനിക്ക് 25 വയസ്സേ ഉള്ളൂ എന്ന് എത്ര പേര്‍ക്ക് അറിയാം?
അപ്പോള്‍ ‘ചൂസി’ ആവാനാണ് തീരുമാനം?
തീര്‍ച്ചയായും, അങ്ങനെ തന്നെയാണ്. ഓഫറുകള്‍ ധാരാളം ഉണ്ട് എങ്കിലും ഞാന്‍ ഇപ്പോള്‍ വളരെയധികം ‘ചൂസിയാണ് ’.
മലയാളത്തില്‍, ‘അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ എന്ന് തോന്നിയ ഒരു സിനിമ?
ചോക്കളേറ്റ്. അതിലെ ക്യാമ്പസ് കഥാപാത്രങ്ങള്‍ എന്ന് വളരെയധികം ആകര്‍ഷിച്ചു. അതേപോലൊരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏകാന്തം, ചെറുതെങ്കിലും ഗുല്‍മോഹറിലെ വേഷം, തന്‍മാത്ര എന്നിവയൊന്നും മോശമെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. കമല്‍ സാര്‍, ജയരാജ് സാര്‍ എന്നിവരുടെ ചിത്രങ്ങളും വളരെ ആകര്‍ഷകങ്ങളാണ്.
PRO
സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ വിട്ട് പിന്നീട് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചായി സംസാരം. തുടക്കത്തില്‍ സംസാരിക്കാന്‍ വൈമുഖ്യം കാട്ടിയെങ്കിലും പിന്നീട് മീര വളരെ അടുത്ത ഒരാളായി മാറുകയായിരുന്നു.
ഈശ്വര വിശ്വാസിയാണോ?
അതേ. കൃഷ്ണ ഭക്തയാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്‍റെ അനുയായിയും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ അന്ധേരി ഈസ്റ്റില്‍ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടവും അതില്‍ പുറത്ത് പരുക്ക് പറ്റിയതും മീര വിശദീകരിക്കുന്നു. ഓട്ടോയില്‍ അമ്മയ്ക്കൊപ്പം ഒരു തടിച്ച സ്ത്രീയും ഉണ്ടായിരുന്നു. അവര്‍ തന്‍റെ മേലേക്ക് വീണപ്പോള്‍ ഇനി ഒരിക്കലും ശ്വാസമെടുക്കാനാവില്ല എന്നാണ് കരുതിയത് എന്ന് പറഞ്ഞ മീര പൊട്ടിച്ചിരിക്കുകയാണ്.
പെട്ടെന്ന് ഗൌരഭാവത്തിലേക്ക് വന്ന മീര പറയുന്നത് അന്ന് കൃഷ്ണാ കൃഷ്ണാ എന്ന് അകമഴിഞ്ഞ് വിളിച്ചതാണ് പരുക്കില്‍ നിന്ന് വളരെ വേഗം മോചിതയാവാന്‍ കാരണമായതെന്നാണ്.
ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍?
ഭക്ഷണത്തെ കുറിച്ച് പറയുകയാണെങ്കില്‍ ദോശയും ഫില്‍റ്റര്‍ കോഫിയും. വേഷം, ജീന്‍സും ടോപ്പും. പിന്നെ, ആക്ഷന്‍ സിനിമ, റസ്‌ലിംഗ്. ഒഴിവു വേളയില്‍ സിഡ്നി ഷെല്‍ഡന്‍, ജെഫ്‌റി ആര്‍ച്ചര്‍ എന്നിവരുടെ പുസ്തകവുമായി ചങ്ങാത്തം.
വിവാഹത്തെ കുറിച്ചാണെങ്കില്‍ ഉടന്‍ അതിനെ കുറിച്ച് ആലോചിക്കുന്നില്ല. കരിയറില്‍ മുന്നോട്ടുള്ള പോക്ക് മാത്രമാണ് ഇപ്പോള്‍ ലക്‍ഷ്യം. പിന്നെ...മനസ്സിലാക്കാന്‍ സാധിക്കുന്ന, തന്നോടൊപ്പം പരിഗണന നല്‍കാന്‍ കഴിയുന്ന ആര്‍ക്കെങ്കിലും മാത്രമേ ജീവിതത്തില്‍ സ്ഥാനം നല്‍കുകയുള്ളൂ...താന്‍ മുന്നോട്ട് പോവരുത് എന്ന ഈഗോ കാട്ടുന്ന ആരെയും കൂട്ടുപിടിക്കാന്‍ ഉദ്ദേശമില്ല.
ദാമ്പത്യം നല്‍കിയ വേദനകള്‍ മറന്ന് വീണ്ടും പഴയ ചുറുചുറുക്കുള്ള നടിയായി മാറിയിരിക്കുന്നു മീര. തമിഴ് അയ്യങ്കാര്‍ കുടുംബത്തിന്‍റെ കടുത്ത ചുറ്റുപാടുകളില്‍ നിന്ന് മോഡലിംഗിലേക്കും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും വന്ന മീരയ്ക്ക് അനുഭവങ്ങള്‍ തന്നെ ഗുരുക്കന്‍മാര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന മീര കുടുംബത്തോടൊപ്പം കോറിഗത്തിലുള്ള ഫ്ലാറ്റിലാണ് താമസം. അച്ഛന്‍ വാസുദേവന്‍ ഖത്തറില്‍ ജോലി നോക്കുന്നു. അമ്മ ഹേമ ബാങ്കില്‍ നിന്ന് വിആര്‍എസ് എടുത്ത് മകള്‍ക്ക് തുണയായി കൂടെ. അനുജത്തി അശ്വിനി എംബിഎ ചെയ്യുന്നു.