മറ്റൊരു മണിച്ചിത്രത്താഴ് എന്തുകൊണ്ട് ഉണ്ടാകുന്നില്ല?

ചൊവ്വ, 16 ഏപ്രില്‍ 2013 (18:17 IST)
PRO
1993 ഡിസംബര്‍ 25ന് റിലീസായ ഒരു സിനിമ. അന്ന് ആ ചിത്രം വിതരണക്കാരുടെ ഷെയറായി നേടിയത് അഞ്ചുകോടി രൂപ! ഏഷ്യാനെറ്റ് എന്ന ചാനല്‍ ഒരു വര്‍ഷം 12 തവണയില്‍ കൂടുതല്‍ ആ സിനിമ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും പരമാവധി ടി ആര്‍ പി റേറ്റിംഗ്! ഇത് മറ്റൊരു സിനിമയേക്കുറിച്ചുമല്ല - ഒരേയൊരു മണിച്ചിത്രത്താഴിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ മധു മുട്ടമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാം‌കൂറിലെ ആലുമ്മൂട്ടില്‍ തറവാട്ടില്‍ ഉണ്ടായ ഒരു ദുരന്തമായിരുന്നു മണിച്ചിത്രത്താഴ് എന്ന കഥയായി മധു മുട്ടം രൂപപ്പെടുത്തിയത്. കേരളക്കരയില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച ഈ സിനിമ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളില്‍ അനായാസ സഞ്ചാരം നടത്തിയ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

മണിച്ചിത്രത്താഴ് മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. നിര്‍മ്മിക്കപ്പെട്ടിട്ട് 20 വര്‍ഷമാകുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. എന്നാല്‍ ഒരു ചോദ്യം ബാക്കിയാകുന്നു. മണിച്ചിത്രത്താഴ് പോലെ മോഹിപ്പിക്കുന്ന ഒരു സിനിമ ഇപ്പോള്‍ ഉണ്ടാകാത്തതെന്ത്? മലയാളത്തില്‍ ഇപ്പോള്‍ ന്യൂ ജനറേഷന്‍ തരംഗം ആണല്ലോ. ഈ ന്യൂജനറേഷന്‍‌കാരൊക്കെ എന്തുകൊണ്ട് മണിച്ചിത്രത്താഴ് പോലെ ഒരു മെഗാഹിറ്റ് ഉണ്ടാക്കുന്നില്ല? ചോദ്യം സാധാരണ പ്രേക്ഷകരുടേതുമാത്രമല്ല. മണിച്ചിത്രത്താഴിന്‍റെ സെക്കന്‍റ് യൂണിറ്റ് സംവിധായകനും ആ സിനിമയുടെ ഹിന്ദി റീമേക്കിന്‍റെ സംവിധായകനുമായ പ്രിയദര്‍ശനെയും ഇങ്ങനെയൊരു ചോദ്യം മഥിക്കുന്നുണ്ട്.

അടുത്ത പേജില്‍ - മണിച്ചിത്രത്താഴ് ഉണ്ടാക്കണമെങ്കില്‍ ജീവിതാനുഭവം വേണം, വായന വേണം!

IFM
ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന സംവിധായകന്‍ തന്നെയാണ് പ്രിയദര്‍ശന്‍. എന്നാല്‍ അവര്‍ക്ക് വലിയ മെഗാഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്ന പരാതിയും ദുഃഖവും പ്രിയനുണ്ട്.

“ന്യൂ ജനറേഷന്‍ സിനിമകളുടെ കൂട്ടത്തില്‍ നിന്ന് ഒരു സൂപ്പര്‍ഹിറ്റ് സിനിമ ഉണ്ടാകുന്നില്ല. ഈ ന്യൂ ജനറേഷന്‍ സിനിമകളില്‍ മണിച്ചിത്രത്താഴ് പോലെ വീണ്ടും വീണ്ടും നാം കാണാന്‍ ആഗ്രഹിക്കുന്ന ഒരു സൂപ്പര്‍ഹിറ്റ് ചിത്രമുണ്ടോ? ഇക്കൂട്ടത്തില്‍ ആകെ ഒരു സൂപ്പര്‍ഹിറ്റ് തട്ടത്തിന്‍ മറയത്ത് മാത്രമാണ്. മനസില്‍ തങ്ങി നില്‍ക്കുന്ന, സെന്‍സേഷന്‍ ഉണ്ടാക്കുന്ന ഒരു സിനിമ ഇന്ന് ഉണ്ടാകുന്നില്ല എന്നത് നിരാശ നല്‍കുന്നു” - പ്രിയദര്‍ശന്‍ പറയുന്നു.

“മലയാള സിനിമയുടെ ഇന്നലെകളിലേക്ക് നോക്കിയാല്‍ വന്‍ ഹിറ്റുകള്‍ സംഭാവന ചെയ്ത സംവിധായകര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഐ വി ശശി, ഹരിഹരന്‍, ഫാസില്‍, സിദ്ദിക്ക്-ലാല്‍ തുടങ്ങി ലാല്‍ ജോസ് വരെയുള്ള സംവിധായകര്‍ എത്രയോ സൂപ്പര്‍ഹിറ്റുകള്‍ സംഭാവന ചെയ്തു. തുടര്‍ച്ചയായി ആ മേധാവിത്തം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ന്യൂ ജനറേഷനില്‍ എത്രപേര്‍ക്ക് അങ്ങനെയൊരു വിജയം അവകാശപ്പെടാന്‍ കഴിയും? ചെറിയ ചലനങ്ങളേ ഇന്നുണ്ടാകുന്നുള്ളൂ. വലിയ റെവല്യൂഷന്‍ ഉണ്ടാകുന്നില്ല” - പ്രിയദര്‍ശന്‍ വ്യക്തമാക്കി.

“മിക്ക സംവിധായകരും വണ്‍ ടൈം വണ്ടര്‍ സൃഷ്ടിക്കുന്നവരാണ്. ട്രാഫിക്കിന്‍റെ സംവിധായകന് അതുപോലെ മികച്ച മറ്റൊന്ന് ഉണ്ടാക്കാന്‍ കഴിയുന്നില്ല. പുതിയ സംവിധായകര്‍ക്ക് ജീവിതാനുഭവങ്ങളില്ലാത്തതാണ് ഒന്നാമത്തെ കാരണം. സാഹിത്യവുമായി ബന്ധമില്ല. വായന വളരെ കുറവ്. എന്‍റെ തലമുറയിലെ സംവിധായകര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ കൂടിയാണ് സിനിമയിലൂടെ പങ്കുവച്ചത്. പുതിയ സംവിധായകര്‍ സിനിമയെ ഗൌരവത്തോടെ കാണുന്നില്ല. വളരെ ഉദാസീനമായാണ് അവര്‍ സിനിമയെ സമീപിക്കുന്നത്” - ചിത്രഭൂമിയുടെ അവസാന ലക്കത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക