മമ്മൂട്ടിക്ക് വലിയ ലോകസിനിമാ കളക്ഷനുണ്ട്, പക്ഷേ ചോദിച്ചാല്‍ പ്രശ്നമാണ്!

ബുധന്‍, 16 ജൂലൈ 2014 (15:37 IST)
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. 'രാജാധിരാജ' ആണ് ചിത്രം. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹമ്മദ് ഷാ എന്ന വില്ലന്‍ കഥാപാത്രമായാണ് ജോയ് മാത്യു അഭിനയിക്കുന്നത്.

മമ്മൂട്ടിയുമൊത്ത് അഭിനയിക്കുന്നത് പുതിയ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ജോയ് മാത്യു പറയുന്നു. "സത്യത്തില്‍ സിനിമാ സെറ്റ് ഒരു കുടുംബം പോലെയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി ഫീല്‍ ചെയ്തത് മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോഴാണ്. അദ്ദേഹത്തിന് ലോകസിനിമയെക്കുറിച്ചൊക്കെ നല്ല വിവരമാണ്. ലോക സിനിമകളുടെ വലിയൊരു കളക്ഷന്‍ തന്നെ കൈയിലുണ്ട്. പക്ഷേ ചോദിച്ചാല്‍ പതുക്കെ ഉഴപ്പും. തരില്ല, താന്‍ വീട്ടില്‍ വന്നുകണ്ടോ എന്ന് പറയും. കക്ഷിയുടെ വീട്ടില്‍ നല്ലൊരു തിയേറ്ററുണ്ട്" - ജോയ് മാത്യു വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

"മമ്മൂട്ടി സ്വന്തമായി ഭക്ഷണം കൊണ്ടുവരികയോ കഴിക്കാന്‍ പോവുകയോ ചെയ്താല്‍ നിര്‍ബന്ധിച്ച് നമ്മളെ വിളിക്കും. പോകണം, ഭക്ഷണം ഷെയര്‍ ചെയ്യണം. സ്വന്തം ഭക്ഷണം ഷെയര്‍ ചെയ്യുന്നത് സഹജീവിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല രീതിയാണ്. ഒരാള്‍ക്ക് നമ്മളോടുള്ള കരുതല്‍ കൂടിയാണത്. ഞാന്‍ ശ്രദ്ധിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ മഹത്വം ഇതാണ്" - ജോയ് മാത്യു പറയുന്നു.

അടുത്ത പേജില്‍ - മഞ്ജു വാര്യരുടെ ഭര്‍ത്താവ് ഞാനല്ല!
ജോയ് മാത്യു തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്നും ഈ സിനിമയില്‍ മഞ്ജുവിന്‍റെ ഭര്‍ത്താവായി ജോയ് മാത്യു അഭിനയിക്കുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ ഭാഗികമായി മാത്രമേ സത്യമുള്ളൂ എന്നാണ് ജോയ് മാത്യു പറയുന്നത്.

"ദിനീഷ് സംവിധാനം ചെയ്യുന്ന ആ സിനിമയുടെ തിരക്കഥ എന്‍റേതാണ്. ഒരു ക്രൈം ത്രില്ലര്‍ സബ്ജക്ട്. ഒരു ആര്‍ട്ടിസ്റ്റായ വീട്ടമ്മയാണ് ആ സിനിമയില്‍ മഞ്ജു. അവരുടെ ഭര്‍ത്താവിന്‍റെ വേഷം ചെയ്യാന്‍ ഒരാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്, മഞ്ജുവിന്‍റെ ഭര്‍ത്താവായല്ല" - ജോയ് മാത്യു വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക