പൃഥ്വി മോഹന്‍ലാലിനെപ്പോലെയാണ്, നല്ല മനുഷ്യനാണ്, ആരെയും സുഖിപ്പിച്ച് സംസാരിക്കില്ല; പക്ഷേ... പാവാടയുടെ തിരക്കഥ 4 തവണ മടക്കി അയച്ചു!
ചൊവ്വ, 12 ജനുവരി 2016 (15:47 IST)
പൃഥ്വിരാജിന്‍റെ പുതിയ സിനിമ ‘പാവാട’ വരുന്ന 15ന് റിലീസ് ചെയ്യുകയാണ്. സമീപകാലത്തെ പൃഥ്വിയുടെ റിലീസുകള്‍ പരിശോധിച്ചാല്‍ എല്ലാം ഒന്നിനൊന്ന് മികച്ച വിജയം നേടിയതാണ്. അതുകൊണ്ടുതന്നെ പാവാടയും മികച്ച വിജയം നേടുമെന്ന് വിശ്വസിക്കാം. എന്നാല്‍ പാവാട തകര്‍പ്പന്‍ വിജയം നേടുമെന്ന് ഉറപ്പിച്ചുപറയുന്നത് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നെയാണ് - സാക്ഷാല്‍ മണിയന്‍പിള്ള രാജു.
തിരക്കഥ ഇഷ്ടമാകാതെ പൃഥ്വിരാജ് ഡേറ്റ് കൊടുക്കാറില്ലെന്നും കഴിഞ്ഞ നാലുവര്‍ഷമായി പൃഥ്വി ഇങ്ങനെയാണെന്നും അതുകൊണ്ടുതന്നെയാണ് പൃഥ്വിക്ക് ഈ വിജയങ്ങളെല്ലാം ഉണ്ടാകുന്നതെന്നും മണിയന്‍പിള്ള രാജു പറയുന്നു.
“ഞാന്‍ നാല് വ്യത്യസ്ത തിരക്കഥാകൃത്തുക്കളെ നാലുതവണ തിരക്കഥ എഴുതിച്ചു പൃഥ്വിരാജിന്റെ അടുത്തു പോയതാണ്. എന്നാല്‍ ഓരോ തവണയും സ്ക്രിപ്റ്റ് പോരെന്നു പറഞ്ഞ് പൃഥ്വിരാജ് മടക്കി അയക്കുകയായിരുന്നു. ഏതു വലിയ സംവിധായകനായാലും തിരക്കഥ പൂര്‍ണ്ണമായും കേട്ട് ഇഷ്ടപ്പെടാതെ രാജു ഡേറ്റ് കൊടുക്കാറില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം അങ്ങനെയാണ്, അതുകൊണ്ട് തന്നെയാണ് ഇറങ്ങുന്ന പടങ്ങള്‍ ഒക്കെ ഇത്ര ഹിറ്റ് ആകുന്നതും. ചേട്ടന്‍ വേറെ ആരെ എങ്കിലും വച്ചു പടം ചെയ്തോളൂ എന്നുവരെ അദ്ദേഹം പറഞ്ഞു. പക്ഷെ ഞാന്‍ അതുകൊണ്ടൊന്നും തളര്‍ന്നില്ല. പത്താമത്തെ ചിത്രം പൃഥ്വിരാജിനെ വച്ചു ചെയ്യണം എന്ന വാശിയുണ്ടായിരുന്നു. ഒടുവില്‍ ബിപിന്‍ ചന്ദ്രന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തിന് ഇഷ്ടമായി” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജു വ്യക്തമാക്കി.
“തിരക്കഥകള്‍ പൃഥ്വി മടക്കി അയക്കാന്‍ കാരണം സിനിമയുടെ മൊത്തം ജയത്തിനു വേണ്ടിയാണ്. ഇപ്പോഴത്തെ തിരക്കഥയില്‍ പാവാട വിജയിക്കുകയാണ് എങ്കില്‍ അതിന്റെ ക്രെഡിറ്റ് പൃഥ്വിക്ക് അവകാശപ്പെട്ടതാണ്. ഈ തിരക്കഥ നല്ലതാണ്, പക്ഷേ ഇത് നമ്മള്‍ ചെയ്യേണ്ട ചിത്രമല്ലെന്നാണ് ഓരോ തവണ തിരക്കഥ മടക്കുമ്പോഴും പൃഥ്വി പറഞ്ഞത്. ഒടുവില്‍ ബിപിന്‍ ചന്ദ്രന്റെ തിരക്കഥ കേട്ടപ്പോള്‍ പൃഥ്വി ആത്മാര്‍ത്ഥമായി തന്നെ അത് അംഗീകരിച്ചു” - മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.
“ആരെയും മോഹിപ്പിക്കുന്ന വളര്‍ച്ചയാണ് പൃഥ്വിക്ക് ഒരു നടന്‍ എന്ന നിലയില്‍ ഉണ്ടായത്. സെല്ലുലോയിഡിന് ശേഷം പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്രയും മികച്ച വളര്‍ച്ചയാണ് അദ്ദേഹത്തിന് ഉണ്ടായത്. ഒത്തിരി മികച്ച സംവിധായകര്‍ക്ക് കീഴില്‍ ഒത്തിരി നല്ല സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എനിക്ക് പൃഥ്വിരാജ് എന്ന വ്യക്തിയില്‍ ഏറെ ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍, മോഹന്‍ലാലിനെ പോലെ അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നതാണ്. സിനിമയില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനായി ആരെയും സുഖിപ്പിച്ചു സംസാരിക്കാന്‍ പൃഥ്വിരാജിനെ കിട്ടില്ല. ഇഷ്ടമല്ലാത്തത് അതുപോലെ തന്നെ തുറന്നു പറയും” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറയുന്നു.