പൃഥ്വിരാജ് ഇപ്പോള്‍ മറുപടി പറയുകയാണ്!

ബുധന്‍, 23 ജൂലൈ 2014 (16:40 IST)
'സപ്തമശ്രീ തസ്കരാഃ' എന്ന സിനിമ പൃഥ്വിരാജിന്‍റെ എണ്‍പത്തഞ്ചാമത്തെ സിനിമയാണ്. വിജയങ്ങളും പരാജയങ്ങളും ഏറെ കണ്ട കരിയറാണ് പൃഥ്വിയുടേത്. ഒരുകാലത്ത് സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണത്തിന് സ്ഥിരം ഇരയായിരുന്നു പൃഥ്വി. എന്നാല്‍ ഇപ്പോഴോ, ഏറ്റവും മികച്ച സിനിമകള്‍ മാത്രം നല്‍കുന്ന നടനായി പൃഥ്വിരാജ് മാറിയിരിക്കുകയാണ്.
 
കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും മികച്ച സിനിമകള്‍ പൃഥ്വിരാജിന്‍റെ വകയായിരുന്നു. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, മെമ്മറീസ്, സെവന്‍‌ത് ഡേ തുടങ്ങി തുടര്‍ച്ചയായി നല്ല സിനിമകള്‍, ഹിറ്റുകള്‍. 
 
ഈ വര്‍ഷം കാവ്യ തലൈവന്‍, പിക്കറ്റ് 43, ഡബിള്‍ ബാരല്‍, എന്നുനിന്‍റെ മൊയ്തീന്‍, സപ്തമശ്രീ തസ്കരാഃ തുടങ്ങിയ ഗംഭീര പ്രൊജക്ടുകളാണ് പൃഥ്വിയുടെ വകയായി എത്തുന്നത്. കൂടെവിടെ എന്ന പഴയ പത്മരാജന്‍ ഹിറ്റിന്‍റെ ഹിന്ദി റീമേക്കിലും പൃഥ്വിരാജാണ് നായകന്‍.
 
"ആദ്യം സ്ക്രീനില്‍ കണ്ട പൃഥ്വിരാജല്ല ഇപ്പോഴത്തേത്. അങ്ങനെ ഒരു നടന്‍റെ കരിയറില്‍ വളര്‍ച്ചയുണ്ടാകുകയാണെങ്കില്‍ അയാള്‍ ഒരു നല്ല നടനാണ്. പൃഥ്വി കഴിഞ്ഞ വര്‍ഷം ചെയ്തതൊക്കെ നല്ല സിനിമകള്‍ ആയിരുന്നു. നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നവര്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടിയാണ് നല്ല സിനിമകള്‍"- പൃഥ്വിരാജിന്‍റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക