നിലവാരമില്ലാത്തതുകൊണ്ട് എന്‍റെ സിനിമകള്‍ തകരുന്നു: ഫഹദ്

ശനി, 22 നവം‌ബര്‍ 2014 (17:49 IST)
നിലവാരമില്ലാത്തതുകൊണ്ടാണ് തന്‍റെ പല സിനിമകളും പരാജയപ്പെടുന്നതെന്ന് നടന്‍ ഫഹദ് ഫാസില്‍. സമീപകാലത്തുണ്ടായ ചില പരാജയങ്ങളെപ്പറ്റി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ ഇങ്ങനെ പറയുന്നത്. വണ്‍ ബൈ ടു, ഗോഡ്സ് ഓണ്‍ കണ്‍‌ട്രി, മണിരത്നം തുടങ്ങി തന്‍റെ പല സിനിമകളുടെയും പരാജയത്തെക്കുറിച്ച് ഫഹദ് ഫാസില്‍ മനസുതുറക്കുന്നു.
 
കഥയ്ക്ക് ചേര്‍ന്ന രീതിയില്‍ ആയിരുന്നില്ല 'ഗോഡ്സ് ഓണ്‍ കണ്‍‌ട്രി' എന്ന സിനിമയുടെ ചിത്രീകരണം. അതുതന്നെയാണ് 'മണിരത്‌നം' എന്ന സിനിമയുടെ കാര്യത്തിലും നടന്നത്. 'വണ്‍ ബൈ ടു' എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്കായിരുന്നു പ്രശ്നം - ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
 
പരാജയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും തന്‍റെ സിനിമകള്‍ പരാജയപ്പെടുന്നുണ്ട് എങ്കില്‍ അതിന് കാരണം നിലവാരമില്ലായ്മ മാത്രമാണെന്നും ഫഹദ് വ്യക്തമാക്കുന്നു.
 
സമീപകാലത്ത് ഫഹദ് ഫാസിലിന്‍റേതായി റിലീസായ ചിത്രം 'ഇയ്യോബിന്‍റെ പുസ്തകം' ആണ്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന് ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക