നല്ല തിരക്കഥകളില്ല, എല്ലാവര്‍ക്കും സംവിധായകരാകണം: പ്രിയദര്‍ശന്‍

തിങ്കള്‍, 22 ഒക്‌ടോബര്‍ 2012 (15:33 IST)
PRO
ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി നല്ല തിരക്കഥകള്‍ ലഭിക്കുന്നില്ല എന്നതാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. എല്ലാവര്‍ക്കും സംവിധായകനാകാനാണ് ആഗ്രഹമെന്നും ആരും തിരക്കഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രിയന്‍ അഭിപ്രായപ്പെടുന്നു.

“നമ്മുടെ സംസ്കാരത്തിലേക്കും നല്ല കഥകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നല്ല തിരക്കഥകള്‍ ലഭിക്കാനില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. നമുക്ക് ഹോളിവുഡ് സിനിമകളുമായി ബജറ്റിന്‍റെ കാര്യത്തില്‍ മത്സരിക്കാനാവില്ല. മികച്ച സൃഷ്ടികള്‍, നല്ല കഥകള്‍ ഉണ്ടാക്കുക എന്നതിലൂടെയാണ് നമ്മള്‍ ഹോളിവുഡിനെ മറികടക്കേണ്ടത്. മാറ്റങ്ങള്‍ ഉണ്ടാകുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാല്‍ മാറ്റത്തിലേക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ആരും തയ്യാറല്ല എന്നതാണ് പ്രശ്നം. ഇന്നത്തെ സംവിധായകരെല്ലാം ടെക്നീഷ്യന്‍‌മാരാണ്. നല്ല വായനാശീലമുള്ളവര്‍ പക്ഷേ, വളരെ കുറച്ചുപേരേ ഉള്ളൂ” - പ്രിയദര്‍ശന്‍ വ്യക്തമാക്കി.

“വിതരണക്കാരുടെ അരക്ഷിത ബോധവും നമ്മുടെ പ്രതിസന്ധിക്ക് കാരണമാണ്. സ്ഥിരം ഫോര്‍മുല വിട്ടുള്ള ഒരു നല്ല ചിന്ത ഉണ്ടായാല്‍ അതിനെ പിന്തുണയ്ക്കാന്‍ വിതരണക്കാര്‍ക്ക് കഴിയാതെ പോകുന്നു.” - പ്രിയദര്‍ശന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക