ഓണത്തെക്കുറിച്ച് തിലകന് മലയാളം വെബ്ദുനിയയ്ക്ക് അനുവദിച്ച അഭിമുഖം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
ജീവിതം ഒരു അപാരസാഗരമാണ്. തിരമാലകള്‍ ആഞ്ഞടിക്കും, പാടും, തേങ്ങിക്കരയും. തീരത്ത് ഭയന്ന് നില്‍ക്കരുത്. ആഴത്തിലേയ്ക്ക് എടുത്ത് ചാടുക. പൊങ്ങിവന്നില്ലെന്ന് വരാം. വന്നാല്‍, കൈയില്‍ മുത്തുണ്ടായിരിക്കും. - മലയാളത്തിലെ മഹാനടന് സംസാരിച്ച് തുടങ്ങുകയാണ്. മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ 'തീ’ എന്ന നാടകത്തിന് വേണ്ടി തിലകനെഴുതിയതാണ്.
ഓണത്തെപ്പറ്റി ഒരു അഭിമുഖം മലയാളം വെബ്ദുനിയയ്ക്ക് തരണമെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ 'എനിക്ക് ഓണാഘോഷങ്ങളൊന്നുമില്ല' എന്നാണ് തിലകന് പറഞ്ഞത്. 15 മിനിറ്റിനുള്ളില്‍ തീര്‍ത്തേക്കാം എന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്. എന്നാല്‍ രണ്ടരമണിക്കൂറിലധികം ഞങ്ങളോട് സംസാരിച്ചിരിക്കാന്‍ അദ്ദേഹം തയാറായി. അനുഭവങ്ങളുടെ തീയും തിരതള്ളലും തിലകന് ഞങ്ങളുമായി പങ്ക് വയ്ക്കുകയായിരുന്നു.
ഓണം ആഘോഷിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് തിലകന് സംസാരിക്കുന്നു:
ഓണം എനിക്ക് ആഘോഷമല്ല. ഇത് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. പണ്ട് ആഘോഷിക്കുമായിരുന്നു. അന്ന് ഓണക്കാലത്ത് വീട്ടിലെല്ലാവരും ഒത്തുചേരുന്ന സമയമാണ്. ആ ഒത്തുചേരല്‍ ഒരു രസമാണ്. ഇത്തരം ഒത്തുചേരലിന് ഹിന്ദിയില്‍ മെഹ്ഫില്‍ എന്നാണ് പറയുക. ഓണത്തിന്റെ ദിവസം അച്ഛന് മദ്യപിയ്ക്കും. ഞാനാണ് അച്ഛനുവേണ്ടി മദ്യം വാങ്ങിക്കൊണ്ട് വന്നിരുന്നത്. ഒരു കുപ്പി എനിക്കും തരും. അച്ഛനാണ് എന്നെ മദ്യം സേവിയ്ക്കാന്‍ പഠിപ്പിച്ചത്.
എനിക്ക് 19 വയസുള്ളപ്പോഴത്തെ കാര്യമാണ്. കോളജില്‍ നിന്ന് എന്നെ പുറത്താക്കി. കാരണമൊക്കെ മുമ്പ് പലയിടത്തും എഴുതിയിട്ടുണ്ട്. കോളജില്‍ നിന്ന് പുറത്തായതോടെ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ. അമ്മ പലപ്പോഴും കുത്തുവാക്കുകള്‍ പറയും. അച്ഛനും ദേഷ്യമുണ്ട്, പഠിക്കാന്‍ വിട്ടിട്ട് പഠിക്കാതെ വന്നിരിക്കുകയല്ലേ.
എനിക്കും ഒറ്റപ്പെടല്‍ അസഹ്യമായിത്തോന്നി. അങ്ങനെയാണ് ഹിന്ദി പഠിക്കാന്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ചേരുന്നത്. രണ്ട് വര്‍ഷത്തെ കോഴ്സാണ്. കോഴ്സ് കഴിയാറായി. ഇതു വരെ ഫീസടച്ചത് വീട്ടില്‍ നിന്ന് ചെറിയ തുകകള്‍ മോഷ്ടിച്ചാണ്. ഇനി അവസാന പരീക്ഷയാണ്. അറുപത് രൂപ ഫീസടച്ചെങ്കിലേ പരീക്ഷ എഴുതാന്‍ പറ്റൂ. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. വീട്ടില്‍ ചോദിക്കാന്‍ പറ്റില്ല. മോഷ്ടിക്കാനും പറ്റില്ല. 60 രൂപ അന്നൊരു വലിയ തുകയാണ്. അത് മോഷ്ടിക്കുക എന്ന് പറഞ്ഞാല്‍, മനസ്സനുവദിക്കുന്നില്ല.
അച്ഛന്റെ ഒരു സുഹൃത്തിനോട് പണം ചോദിച്ചു. ഞാന്‍ ചോദിച്ചാല്‍ അഞ്ച് പൈസ കൊടുത്തുപോകരുതെന്ന് അച്ഛന് പറഞ്ഞിട്ടുണ്ടത്രെ. രക്ഷയില്ല. ഫീസടയ്ക്കേണ്ട സമയം കഴിഞ്ഞു. ആകെ നിരാശനായി തിരിച്ചുപോകുമ്പോള്‍ വഴിയിലൊരുവീട്ടില്‍ നിന്ന് പാട്ട് കേട്ടു. ഞാന്‍ അവിടെ കയറി. നാടകത്തിന്റെ റിഹേഴ്സലാണ്.
അതിലെ നായകന്റെ അഭിനയം തീരെ ശരിയാകുന്നില്ല. അയാളെ മാറ്റണമെന്ന് റിഹേഴ്സല്‍ ക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നു. റിഹേഴ്സലിന് വേണ്ടി പെട്രോള്‍മാക്സ് കൊടുത്ത ആളായതുകൊണ്ട് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കമായി. പെട്രോള്‍ മാക്സ് ഞങ്ങള്‍ നല്‍കാമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. നായകനെ മാറ്റി, ഞാന്‍ നായകനായി. റിഹേഴ്സല്‍ ക്യാമ്പിലെ എന്റെ അഭിനയം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അന്നുവരെ അത്തരമൊരു അഭിനയം അവര്‍ കണ്ടിരുന്നില്ല.
നാടകം നാട്ടില്‍ പലയിടത്തും കളിച്ചു. ഞാന്‍ കുറേശ്ശെ അറിയപ്പെടാന്‍ തുടങ്ങി. പലനാടക സമിതിക്ക് വേണ്ടിയും ഞാന്‍ നാടകം കളിച്ചു. ഞാന്‍ പ്രഫഷണല്‍ നടനായി മാറി. ഞാന്‍ നാടകം കളിക്കുന്നത് വീട്ടിലാര്‍ക്കും ഇഷ്ടമല്ല. അമ്മയ്ക്കാണ് ഏറ്റവും ദേഷ്യം. അങ്ങനെയിരിക്കെ നാട്ടില്‍ എന്റെ ഒരു നാടകം വന്നു. ചങ്ങനാശേരിക്കാരായ സഹോദരിമാരായിരുന്നു അതിലെ നായികമാര്‍. നാടകം കണ്ടിട്ട് നാട്ടിലെ ചില സ്ത്രീകള്‍ അമ്മയോട് പറഞ്ഞു - ‘കൂടെ അഭിനിയിച്ച പെണ്ണ് ഇവിടുത്തെ കുഞ്ഞിന് നന്നായി ചേരും’.
നാടകം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ വന്നു. അമ്മയെന്നോട് ഒന്നും മിണ്ടിയില്ല. ചോറുണ്ണാനിരുന്നു. ചോറിന് നല്ല അയലക്കറിയും. അമ്മ നന്നായി മീന്‍കറി വയ്ക്കും. പക്ഷെ എനിക്ക് തന്ന മീന്‍കറിയ്ക്ക് ഉപ്പ് പോര. ‘ഇതെന്താ ഉപ്പില്ലാത്തത്?’ എന്ന് ഞാന്‍ ചോദിച്ചു. അമ്മ അത്രയും നേരം അടക്കിവച്ചിരുന്ന ദേഷ്യം മുഴുവന്‍ പുറത്തെടുത്തു. പാകത്തിന് ഉപ്പിട്ട് ഉണ്ടാക്കണമെങ്കില്‍ ചങ്ങനാശേരിയിലോട്ട് ചെല്ല്, അവിടുത്തെ പെണ്ണുങ്ങള് തരുമെന്നൊരു പറച്ചില്. ഞാന്‍ ചോറും കറിയുമെല്ലാം വലിച്ചൊരേറും കൊടുത്ത് മുറിയില്‍ വന്ന് കിടന്നു.
PRO
PRO
ആ കിടപ്പ് അങ്ങനെ മൂന്നാല് ദിവസം തുടര്‍ന്നു. ഇതിനോടകം വീട്ടില്‍ നിന്ന് എനിക്ക് ഭക്ഷണമേ കിട്ടിയില്ല. ഞാന്‍ വിശന്ന് വലഞ്ഞു. വിശപ്പ് അസഹ്യമായി. ഞങ്ങള്‍ക്കന്ന് കപ്പകൃഷിയുണ്ട്. ഞാന്‍ എഴുന്നേറ്റ് തൊടിയില്‍ ചെന്ന് കപ്പ ഒടിച്ച് ഒരു സഞ്ചിയിലാക്കി. നേരെ പഴയ റിഹേഴ്സല്‍ ക്യാമ്പിലേയ്ക്ക് നടന്നു. അവിടെ ഒരു മറിയച്ചേടത്തി ഉണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്ത് അവരുടെ കൈയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ട്. എന്നോട് അവര്‍ക്ക് വലിയ സ്നേഹമാണ്. കപ്പ വേവിച്ച് തരാന്‍ ഞാന്‍ മറിയച്ചേടത്തിയോട് പറഞ്ഞു. കപ്പയെന്തിനാ, നീ വന്ന് ചോറ് കഴിക്ക് എന്നവര്‍ പറഞ്ഞു. ചോറ് കൊണ്ട് വയ്ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഈ അസ്വസ്ഥതകള്‍ക്കിടെയാണ് അത്തവണ ഓണം വരുന്നത്. ഓണദിവസം നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നും ഞാന്‍ വീട്ടിലെത്തി. ആരും എന്നോട് മിണ്ടാറില്ല. എനിക്ക് വേണ്ടി ആരും ചോറ് വയ്ക്കാറില്ല. എന്താണെന്ന് ചോദിച്ചാല്‍ ‘അരിയിടുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് മാത്രമേ ചോറുള്ളൂ’ എന്ന് അമ്മ മറുപടി പറയും. ആ സ്ഥിതിയാണ്.
എന്തായാലും ഓണമല്ലേ എനിക്ക് ചോറ് തരുമെന്ന് കരുതി ഉണ്ണാന്‍ തയാറായി, ഞാന്‍ മുറിയിലിരിക്കുകയാണ്. ആരെങ്കിലും വന്ന് വിളിക്കുമെന്നെനിക്ക് പ്രതീക്ഷയുണ്ട്. ആരും വന്നില്ല. എല്ലാവരും ഓണമുണ്ട് തുടങ്ങിയോ എന്നെനിക്ക് സംശയം തോന്നി. ഞാന്‍ ഊണുമുറിയിലേയ്ക്ക് വന്നു. എല്ലാവരും ഉണ്ണാനിരിയ്ക്കുകയാണ്. എനിക്ക് മാത്രം ഇല ഇട്ടിട്ടില്ല. ഇനി എന്നെ കാണാത്തതുകൊണ്ടായിരിക്കുമോ എന്ന് വിചാരിച്ച് എല്ലാവരുടെയും മുന്നിലൂടെ എന്നെ എക്സിബിറ്റ് ചെയ്തു. എല്ലാവരും ഉണ്ടുകഴിഞ്ഞു. എന്നെ വിളിച്ചില്ല. എന്റെ അവസ്ഥയെന്താണ്? ഞാന്‍ ആരാണ്? ഞാന്‍ എന്റെ മുറിയിലെ കട്ടിലില്‍ കണ്ണുമടച്ച് കിടന്നു.
ഇത്തവണ ഓണം ഉണ്ണണമെന്ന് എനിക്കൊരു വാശി തോന്നി. ഞാന്‍ പൈസയ്ക്ക് വേണ്ടി അവിടെയെല്ലാം തപ്പി. കിട്ടിയില്ല. എഴുന്നേറ്റ് അമ്മയുടെ മുറിയില്‍ പോയി. അവിടെയും തിരഞ്ഞു. ഒടുവില്‍ അമ്മയുടെ തലയിണയുടെ അടിയില്‍ നിന്ന് ഒരു മാല കിട്ടി. ഞാന്‍ അതുമെടുത്ത് പുറത്തേയ്ക്ക് നടന്നു. നേരെ നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പിലെത്തി. അവിടെയും ഓണമുണ്ണാതെ കുറെപ്പേരുണ്ട്. അവരെയെല്ലാം വിളിച്ച് ഞാന്‍ നടന്നു. മാല 90 രൂപയ്ക്ക് ഒരിടത്ത് വിറ്റു. നേരെ കള്ളുഷാപ്പില്‍ പോയി കള്ളും കുടിച്ച് ഓണസദ്യ ഉണ്ടു.
ഞാന്‍ വീട്ടിലെത്തി. എന്നെ കാത്ത് അമ്മ നില്പുണ്ട്. അമ്മയുടെ മുഖം ദേഷ്യമോ സങ്കടമോ എന്നറിയാത്ത വിധത്തില്‍ വിങ്ങി നില്‍ക്കുകയാണ്. ഞാന്‍ ലഘുവായി പറഞ്ഞു - ഓ! ഒരു മാലയെടുത്ത് വിറ്റതിനാണോ ഇത്ര ദേഷ്യം. നാടകം കളിച്ച് കാശ് കിട്ടുമ്പോള്‍ ഞാനൊന്ന് വാങ്ങിത്തരാം.
അമ്മ ഒന്നും മിണ്ടിയില്ല. അമ്മയുടെ മറുപടി കാക്കാതെ ഞാന്‍ അകത്തേയ്ക്ക് നടന്നു. നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദം - ഒരു മാല നിനക്ക് വാങ്ങിത്തരാന്‍ പറ്റിയേക്കും. നിന്റെ അച്ഛന് എന്റെ കഴുത്തില്‍ കെട്ടിയ താലി നിനക്ക് വാങ്ങിത്തരാന്‍ പറ്റുമോ?
ആ ചോദ്യം ഒരു വെള്ളിടി പോലെ എന്റെ ഹൃദയത്തില്‍ തറച്ചു. അന്ന് തീര്‍ന്നതാണ് എന്റെ ഓണാഘോഷം.