ദി കിംഗ്, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ് - അണിയറക്കഥകള്‍
ചൊവ്വ, 17 ജൂലൈ 2012 (19:05 IST)
PRO
രാഷ്ട്രീയം പറയുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് ഷാജി കൈലാസ്. പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച രാഷ്ട്രീയ ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അവയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏതാനും സിനിമകളെ മാറ്റിനിര്‍ത്താനാകില്ല. മാഫിയകളുടെയും അധോലോകത്തിന്‍റെയും കഥകള്‍ പറഞ്ഞപ്പോഴും അവയിലൊക്കെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ പരാമര്‍ശിക്കാന്‍ ഷാജി ശ്രമിച്ചിരുന്നു.
തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കമ്മീഷണര്‍, ദി കിംഗ് തുടങ്ങി ഷാജി കൈലാസ് പൊളിറ്റിക്സ് വിഷയമാക്കിയെടുത്ത സിനിമകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചവയാണ്. ആ സിനിമകള്‍ പിറവിയെടുത്തതിന് പിന്നിലെ കഥകള്‍ വായനക്കാര്‍ക്ക് രസകരമായ അനുഭവമായിരിക്കും.
താന്‍ സംവിധാനം ചെയ്ത ചില സിനിമകളുടെ അണിയറക്കഥകള്‍ ഷാജി കൈലാസ് മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
അടുത്ത പേജില്‍ വായിക്കുക - ജോസഫ് അലക്സിന്‍റെ വരവ്!
PRO
മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി. “കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്.
“സാധാരണക്കാരെപ്പോലെ ലുങ്കിയുടുത്തു നിരത്തിലേക്കിറങ്ങി പല കാര്യങ്ങളും ചെയ്‌തിരുന്ന അന്നത്തെ ആലപ്പുഴ ജില്ലാ കലക്‌ടറാണ് കിംഗിന്‍റെ പ്രചോദനം. ആലപ്പുഴ കലക്‌ടര്‍ കൊള്ളാമല്ലോ എന്ന തോന്നലാണ് എന്തുകൊണ്ട് ഒരു കലക്‌ടറെ നായകനാക്കി സിനിമ ചെയ്‌തുകൂടാ എന്നു ചിന്തിപ്പിച്ചത്. കലക്‌ടര്‍ ബ്യൂറോക്രാറ്റാണ്. ബ്യൂറോക്രാറ്റും പൊളിറ്റിക്‌സും തമ്മില്‍ പ്രശ്‌നമാകില്ലേ എന്നൊരു ശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. തന്‍റെ പവര്‍ എന്തെന്നറിഞ്ഞ് അതിനനുസരിച്ചു പ്രവര്‍ത്തിച്ചത് ടി എന്‍ ശേഷനാണ്. അതുപോലെയാണ് കിംഗിലെ കലക്‌ടര്‍ ചെയ്‌തത്. ഇതുപോലെ പലരും തങ്ങളുടെ പവര്‍ കാണിച്ചിരുന്നെങ്കില്‍ ഈ രാജ്യത്തെ അക്രമവും അഴിമതിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു” - ഷാജി കൈലാസ് പറയുന്നു.
അടുത്ത പേജില്‍ വായിക്കുക - സ്വാമി അമൂര്‍ത്താനന്ദയും മാധവനും
PRO
കേരളത്തില്‍ ഡ്രഗ്സ് മാഫിയ പിടിമുറുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലം. അതിനെതിരെയാകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജിയും രണ്‍ജിയും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്‍റെ ഫലമായിരുന്നു ‘ഏകലവ്യന്‍’. ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ മാധവന്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി ജ്വലിച്ചു. മമ്മൂട്ടിയെ ആയിരുന്നു മാധവന്‍ ആകാനായി ഷാജി ആദ്യം സമീപിച്ചത്. കഥാപാത്രത്തിന്‍റെ ഡെപ്ത് തിരിച്ചറിയാതെ മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചു. പകരം സുരേഷ്ഗോപിയെത്തുകയായിരുന്നു. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറുകയായിരുന്നു. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി.
“എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്‍ പോകൂ. ആയുഷ്മാന്‍ ഭവഃ” - ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്‍റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്‍റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
“ആ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്നതു കുപ്രസിദ്ധനായ ഒരു സ്വാമിയായിരുന്നു. ആ സ്വാമിയെയാണ് നരേന്ദ്രപ്രസാദിലൂടെ ഞങ്ങള്‍ ചിത്രീകരിച്ചത്. ഏകലവ്യനിലെ നായകന്‍ സുരേഷ് ഗോപിയായിരുന്നു. എന്തുകൊണ്ട് സുരേഷ് ഗോപി എന്നു പലരും ചോദിച്ചു. ഞാനും സുരേഷ് ഗോപിയും തമ്മില്‍ ആദ്യ ചിത്രം മുതലേ നല്ല കെമിസ്‌ട്രിയായിരുന്നു. ഡയലോഗ് പ്രസന്‍റേഷന്‍ നല്ലതാണ്. നല്ല സൗന്ദര്യം. ആ കഥാപാത്രം സുരേഷ് ഗോപിയില്‍ സുരക്ഷിതമായിരുന്നു” - ഷാജി കൈലാസ് വ്യക്തമാക്കി.
അടുത്ത പേജില്‍ വായിക്കുക - പയ്യന്‍സില്‍ ജഗദീഷ് വന്നതെങ്ങനെ?
PRO
‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമയാണ്. ജഗദീഷ് എന്ന കോമഡി നടനെ ആക്ഷന്‍ പരിവേഷത്തോടെ അവതരിപ്പിച്ച ചിത്രം. ജനകീയനായ ആഭ്യന്തരമന്ത്രിയായി ജഗദീഷ് കസറി. ജഗദീഷിന്‍റെ വാക്ചാതുര്യം ഒരു രാഷ്ട്രീയക്കാരന് ചേര്‍ന്നതാണെന്ന ഷാജിയുടെ കണ്ടെത്തലാണ് ഗോപാലകൃഷ്ണന്‍ എന്ന ആ കഥാപാത്രത്തിലേക്ക് ജഗദീഷ് വന്നെത്താന്‍ കാരണം.
“പുതിയ സിനിമയെക്കുറിച്ചു സംസാരിച്ചിരിക്കെ രണ്‍ജി പണിക്കര്‍ പറഞ്ഞു - 'ഏറ്റവും താഴേത്തട്ടിലുള്ള ഒരു ന്യൂസ് പേപ്പര്‍ ബോയ്. അയാള്‍ക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുമായി ബന്ധമുണ്ടായിരിക്കും. അയാളായിരിക്കും ഏറ്റവും കൂടുതല്‍ വീടുകളില്‍ സ്വാധീനമുള്ള വ്യക്‌തി. ആ വ്യക്‌തി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും മന്ത്രിയാകുകയും ചെയ്‌താല്‍ എങ്ങിനെയുണ്ടാകും?' - അതില്‍ നിന്നാണു സ്‌ഥലത്തെ പ്രധാന പയ്യന്‍സ് ഉണ്ടായത്. എങ്കില്‍ പിന്നെ അത്തരമൊരു റോളിലേക്ക് ആരെ പരിഗണിക്കും എന്ന ചിന്തയില്‍ നിന്നാണു ജഗദീഷിന്‍റെ പേരുവന്നത്. ആ സെലക്ഷന്‍ കറക്ടായിരുന്നു. കാരണം ഞങ്ങളുടെ ഹീറോ കഥയും തിരക്കഥയുമാണ്” - ഷാജി കൈലാസ് വ്യക്തമാക്കുന്നു.