ടി പി വധം: മോഹന്‍ലാലും ദിലീപും ദേവനും പ്രതികരിക്കുന്നു

വ്യാഴം, 23 ഓഗസ്റ്റ് 2012 (17:03 IST)
PRO
മലയാളത്തിന്‍റെ ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവാണ് ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം. ഒരു രാഷ്ട്രീയ കൊലപാതകം ഇത്രയും വലിയ കോളിളക്കം സൃഷ്ടിക്കുന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അത് ഇത്രയേറെ വേട്ടയാടുന്നതും കേരളത്തിന്‍റെ സമീപകാല ചരിത്രത്തിലെങ്ങുമില്ലാത്ത സംഭവം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെല്ലാം ഈ സംഭവം അലയൊലികള്‍ തീര്‍ത്തു. കവികളായ കവികളെല്ലാം ടി പി വധം ഏല്‍പ്പിച്ച ആഘാതത്തില്‍ വരികള്‍ കുറിച്ചു. അനേകം കഥകള്‍ പിറന്നു. ടി പി വധത്തിന്‍റെ ഉള്ളറനീക്കങ്ങളുടെ സിനിമാഭാഷ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

മലയാള സിനിമയിലെ മഹാനടനായ മോഹന്‍ലാല്‍ തന്‍റെ ബ്ലോഗിലൂടെ ടി പി വധത്തെ അപലപിച്ചു. ടി പിയുടെ അമ്മയുടെ കണ്ണീരിനെക്കുറിച്ച് ലാല്‍ എഴുതിയ വാചകങ്ങള്‍ സാംസ്കാരിക ലോകം ഏറ്റുവാങ്ങി. എന്നാല്‍ അതിനെതിരെയും ആരോപണങ്ങളുണ്ടായി. മോഹന്‍ലാല്‍ ഈ രാഷ്ട്രീയ കൊലപാതകത്തെ മാത്രം വേറിട്ടുകാണുന്നതെന്തുകൊണ്ടാണെന്നായി ചോദ്യം.

ടി പിയുടെ വധം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കൂടുതല്‍ പ്രതികളും ജയിലിലായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍, പ്രത്യേകിച്ചും ടി പി ചന്ദശേഖരന്‍റെ കൊലപാതകം തങ്ങളുടെ മനസില്‍ സൃഷ്ടിച്ച വികാരങ്ങളെക്കുറിച്ച് മലയാള സിനിമയിലെ മൂന്ന് പ്രമുഖര്‍ സംസാരിക്കുന്നു. നടന്‍‌മാരായ മോഹന്‍ലാല്‍, ദിലീപ്, ദേവന്‍ എന്നിവരാണ് പ്രതികരിക്കുന്നത്.

അടുത്ത പേജില്‍ - ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം പ്രതികരിക്കും: മോഹന്‍ലാല്‍

PRO
ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെക്കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗിലെഴുതിയ ലേഖനം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ നേര് തുറന്നുപറയുന്നതിന് ആരെയും ഭയപ്പെടില്ല എന്നാണ് മോഹന്‍ലാല്‍ ഇപ്പോല്‍ വ്യക്തമാക്കിയിരിക്കുന്നത്.

“ടി പി ചന്ദ്രശേഖരന്‍റെ അമ്മയുടെ കണ്ണീര്‍ എന്‍റെ അമ്മയുടെ കണ്ണീരായാണ് എനിക്ക് തോന്നുന്നത്. ഒരു ജീവന്‍ നല്‍കാന്‍ കഴിയാത്ത നമുക്ക് എന്ത് അവകാശമാണ് ജീവനെടുക്കാനുള്ളത്? ഏറ്റവും മോശമായ ഒരു രാഷ്ട്രീയമാണ് ഇന്ന് നമ്മുടേത്. സ്വസ്ഥമായി ഒന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. അതിനെതിരെ, ജീവിച്ചിരിക്കുന്നിടത്തോളം ഞാന്‍ പ്രതികരിക്കും” - കന്യക ഓണപ്പതിപ്പിനുവേണ്ടി സി ബിജുവിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

“ഞാനും ഒരു പൌരനാണ്. എനിക്കും രാഷ്ട്രീയമുണ്ട്. അഭിനയത്തിന്‍റെ രാഷ്ട്രീയം. ലോകത്തുനടക്കുന്ന കാര്യങ്ങളോര്‍ത്ത് എനിക്കും വിഷമമുണ്ടാകാറുണ്ട്. നമ്മുടെ നാട്ടിലെ ഭരണ നിര്‍വഹണം പാളിച്ചകളില്ലാത്തതാണോ? പത്രം വായിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് - അഴിമതികളുടെ എന്തെല്ലാം കഥകളാണ് പുറത്തുവരുന്നത്? രാഷ്ട്രീയം എന്നത് തൊഴിലല്ല, ഒരു സേവനപ്രവര്‍ത്തനമാണെന്ന് നാം മനസിലാക്കണം” - മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - അനാഥത്വം സൃഷ്ടിക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് ദിലീപ്

PRO
കേരളത്തിന് ശാപമാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജനപ്രിയ നായകന്‍ ദിലീപും പ്രതികരിച്ചു. “ഒരാളെ തല്ലാനോ കൊല്ലാനോ മറ്റൊരു മനുഷ്യന് ഒരവകാശവും ഇല്ല. കൊല്ലപ്പെടുന്നവന്‍റെ വേദന കൊലയാളി അറിയുന്നില്ല. നാളെ എനിക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കൊല്ലാന്‍ വരുന്നവനും ആലോചിക്കണം. എന്‍റെ ശരീരവും വേദനിക്കുമെന്ന് ചിന്തിക്കണം. വെട്ടിയും കുത്തിയും കൊല്ലുമ്പോള്‍ ആലോചിക്കണം - അവരെയും ഒരമ്മ നൊന്തു പ്രസവിച്ചതാണെന്ന്. എല്ലാവരുടെയും ശരീരത്തില്‍ ഓടുന്നത് ചോരയല്ലേ? ഇതുകൊണ്ടൊക്കെ എന്തു നേട്ടമാണുണ്ടാവുക?” - കന്യകയ്ക്കുവേണ്ടി ഷെറിങ് പവിത്രന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് ചോദിക്കുന്നു.

“ലാലേട്ടന്‍ പറഞ്ഞതുപോലെ, ആര്‍ക്കും ആരെയും കൊലപ്പെടുത്താന്‍ അവകാശമില്ല. അവരും ഒരമ്മ പെറ്റ മക്കളാണ്. നെഞ്ചിലെ ചൂടും, ആവോളം സ്നേഹവും കൊടുത്ത് വളര്‍ത്തി വലുതാക്കിയ മക്കള്‍. ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അനാഥമാകുന്നത് ഒരു കുടുംബമാണ്. അവരുടെ മുന്നോട്ടുള്ള ജീവിതമാണ് ദുരിതപൂര്‍ണമാകുന്നത്” - ദിലീപ് പറയുന്നു.

അടുത്ത പേജില്‍ - ടി പി വധക്കേസില്‍ ചില സംശയങ്ങള്‍: ദേവന്‍

PRO
കേരളാ പീപ്പിള്‍സ് പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ കൂടിയാണ് നടന്‍ ദേവന്‍. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളില്‍ ദേവന്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിലൊക്കെ ദേവന്‍ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ടി പി വധക്കേസിലും ദേവന് സ്വന്തമായ അഭിപ്രായമുണ്ട്.

“കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥ തീര്‍ത്തും അരക്ഷിതമാണ്. ടി പി വധക്കേസ് ഇപ്പോള്‍ വലിയ താല്‍പ്പര്യമില്ലാത്ത മട്ടിലാണ് കൈകാര്യം ചെയ്യുന്നത്. എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ ധാരണയിലെത്തിയപോലെ” - ചിത്രഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ദേവന്‍ തന്‍റെ സംശയങ്ങള്‍ തുറന്നുചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക