ഞാന്‍ കാരണം ദിലീപേട്ടനും പഴി കേള്‍ക്കുന്നു: കാവ്യ

ബുധന്‍, 22 ഫെബ്രുവരി 2012 (18:59 IST)
PRO
മലയാളത്തിലെ ഗോസിപ്പുകോളക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇരകളാണ് ദിലീപും കാവ്യയും. ഒന്നിച്ച് അഭിനയിച്ചുതുടങ്ങിയ കാലം മുതല്‍ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നുണ്ട്. പിന്നീട് കാവ്യയുടെ വിവാഹബന്ധം തകര്‍ന്നപ്പോഴും കാവ്യ സിനിമയിലേക്ക് തിരിച്ചുവന്നപ്പോഴും കാവ്യയുടെ പേരിനൊപ്പം ദിലീപിനെ ചേര്‍ത്ത് കഥകള്‍ പരന്നു. ഇത്തരം അപവാദപ്രചരണങ്ങള്‍ക്കെതിരെ കാവ്യയോ ദിലീപോ സാധാരണ പ്രതികരിക്കാറില്ല. എന്നാല്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായി കാവ്യ മറുപടി പറയുന്നു.

താന്‍ കാരണം ദിലീപും പഴികേള്‍ക്കുകയാണെന്നാണ് കാവ്യ പറയുന്നത്. “ഞാനും ദിലീപേട്ടനും നല്ല താരജോഡിയാണ്‌. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്‌. അതിനപ്പുറം ഒരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. എന്നാല്‍ അതൊന്നും ആരും സമ്മതിച്ചു തരില്ലല്ലോ.” - നിസഹായതയോടെ കാവ്യ ചോദിക്കുന്നു.

വിവാഹബന്ധം തകര്‍ന്ന ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് കാത്തിരുന്ന തന്നെ സഹായിച്ചത് ദിലീപായിരുന്നു എന്ന് കാവ്യ സ്മരിക്കുന്നു.

“തിരിച്ചുവരവിനായി എനിക്ക് സഹായമായത് ദിലീപേട്ടനാണ്. അദ്ദേഹത്തിന്‍റെ സിനിമയില്‍ എന്നെ നായികയാക്കുകയായിരുന്നു. അതെനിക്ക്‌ വലിയ ആശ്വാസമായി. പക്ഷേ, ആ സഹായത്തിന്‌ അദ്ദേഹത്തിനും പഴി കേള്‍ക്കേണ്ടി വരുന്നു” - കാവ്യ പറയുന്നു.

“ഞാന്‍ ദിലീപേട്ടനോടൊന്നിച്ച്‌ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ അതും കുഴപ്പമായേനേ. അഭിനയിച്ചപ്പോള്‍ അതിന്‍റെ പേരിലായി ഗോസിപ്പ്. ദിലീപിനൊപ്പം അഭിനയിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നൊക്കെയാണ് ചോദ്യങ്ങള്‍” - കാവ്യ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക