കൂട്ടത്തില്‍ കളിക്കാന്‍ താല്‍‌പ്പര്യമില്ലെന്ന് യുവനടന്‍, ദിലീപിന്‍റെ പേരുപറഞ്ഞ് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എനിക്ക് സംവിധാനം അറിയില്ലെന്ന് പറഞ്ഞു: നാദിര്‍ഷ തുറന്നടിക്കുന്നു!

വ്യാഴം, 19 നവം‌ബര്‍ 2015 (14:57 IST)
നാദിര്‍ഷ. മലയാള സിനിമയില്‍ ആ പേരിന് ഒരു പരിചയപ്പെടുത്തല്‍ വേണ്ട. മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയ കാലം മുതല്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് സംഭവിക്കാന്‍ ഈ നവരാത്രിക്കാലം വരെ കാത്തിരിക്കേണ്ടിവന്നു. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്ന് നാദിര്‍ഷയും പറയുന്നു.
 
‘അമര്‍ അക്ബര്‍ അന്തോണി’ 50 കോടി ക്ലബിലേക്ക് കടക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങളില്‍ ഒന്ന്. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നായകനായ ഈ ബ്ലോക്ബസ്റ്ററിന്‍റെ തമിഴ് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍ നാദിര്‍ഷ.
 
“അമര്‍ അക്ബര്‍ അന്തോണിക്ക് വേണ്ടി പല യുവനടന്‍‌മാരെയും സമീപിച്ചു. അതില്‍ ഒരാള്‍ പറഞ്ഞത്, കൂട്ടത്തില്‍ കളിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല എന്നാണ്. മൂന്നുപേരില്‍ ഒരാളാകുമ്പോള്‍ ഹീറോയിസം കുറയുമെന്നായിരുന്നു. വളരെ ജൂനിയറായ ഒരാളാണ് അതുപറഞ്ഞത്. പിന്നീട് കഥ പറഞ്ഞത് ജയസൂര്യയോടായിരുന്നു. അവനാണ് പൃഥ്വിരാജിനെ നിര്‍ദ്ദേശിക്കുന്നത്. ഈ ചിത്രത്തില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരുണ്ടായിരുന്നു” - മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ നാദിര്‍ഷ പറയുന്നു.

ചിത്രത്തിന് കടപ്പാട് നാദിര്‍ഷയുടെ ഫേസ്ബുക്ക് പേജ്
 
അടുത്ത പേജില്‍ - ദിലീപിന്‍റെ പേരുപറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട് പൃഥ്വിരാജ് പറഞ്ഞത്... !

പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞപ്പോള്‍ പിന്തിരിപ്പിക്കാന്‍ പലരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. “നാദിര്‍ഷയ്ക്ക് സംവിധാനം ചെയ്യാന്‍ അറിയാമായിരുന്നെങ്കില്‍ എപ്പോഴേ ചെയ്തേനേ. ദിലീപ് അഭിനയിക്കുന്നില്ല എന്ന് അറിയുമ്പോള്‍ തന്നെ മനസിലാക്കിക്കൂടേ ഇതൊരു വളിപ്പ് സിനിമയായിരിക്കും” - എന്നൊക്കെയാണ് ചിലര്‍ പൃഥ്വിരാജിനോട് പറഞ്ഞത്. എന്നാല്‍ അതിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണ് അമര്‍ അക്ബര്‍ അന്തോണിയെ ഇന്നത്തെ രീതിയിലുള്ള സിനിമയാക്കി മാറ്റിയത്.
 
“ഇതില്‍ എനിക്ക് ചെയ്യാന്‍ പറ്റിയ ഹീറോയിസം ഒന്നുമില്ലെങ്കിലും ഇതൊരു നല്ല സിനിമയാകും. സൂപ്പര്‍ഹിറ്റുമാകും. അങ്ങനെയൊരു നല്ല സിനിമയുടെ ഭാഗമാകാന്‍ പറ്റുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ” - പൃഥ്വി അവരോട് പറഞ്ഞു.
 
“ഇത്രയും വര്‍ഷത്തെ അഭിനയപരിചയം കൊണ്ട് പൃഥ്വിരാജ് നേടിയെടുത്ത ആ ജഡ്ജുമെന്‍റ് കൃത്യമായി. ഞാന്‍ ദിലീപിനെ നായകനാക്കി ചിത്രം ചെയ്തിരുന്നെങ്കില്‍ അത് ദിലീപിന്‍റെ സിനിമയായി അറിയപ്പെട്ടേനേ. അമര്‍ അക്ബര്‍ അന്തോണി കണ്ടിട്ട് അവനും പറഞ്ഞു, വളരെ നന്നായിട്ടുണ്ട് എന്ന്. നീ കഴിവുള്ള ഒരു സംവിധായകനാണെന്ന് ആള്‍ക്കാരെക്കൊണ്ട് പറയിക്കാന്‍ പറ്റി. ഇനി ഒരുമിച്ചൊരു സിനിമ ചെയ്താല്‍ തന്നെ സംവിധായകനായ നാദിര്‍ഷയും നടനായ ദിലീപും ചേര്‍ന്ന് ഒരുക്കുന്ന സിനിമ എന്നേ ആള്‍ക്കാര്‍ പറയൂ എന്നും ദിലീപ് പറഞ്ഞു” - അഭിമുഖത്തില്‍ നാദിര്‍ഷ പറയുന്നു.

വെബ്ദുനിയ വായിക്കുക