കാപട്യമില്ലാത്ത മനസ് തുറന്നുകാട്ടാനായിരുന്നു ആ ‘തീട്ടക്കഥ’ !

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (12:52 IST)
PRO
‘ആമേന്‍’ എന്ന സിനിമയില്‍ ഏറെ പ്രശംസിക്കപ്പെട്ടതും വിമര്‍ശകരാല്‍ ആക്രമിക്കപ്പെട്ടതുമായ ആ ‘തീട്ടക്കഥ’യ്ക്ക് എന്ത് ലക്‍ഷ്യമായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത് എന്നത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നു. കാപട്യമില്ലാത്ത മനസ് തുറന്നുകാട്ടാനുള്ള ശ്രമമാണ് ആ സിനിമയെന്ന് ബോധ്യപ്പെടുത്താനായിരുന്നു ആ രംഗമെന്ന് ലിജോ പറയുന്നു. ആമേനില്‍ ഉപയോഗിച്ച എല്ലാ തമാശകള്‍ക്കും വിശദീകരണം നല്‍കാന്‍ കഴിയുമെന്നും സംവിധായകന്‍ അറിയിക്കുന്നു.

“ആമേനില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങള്‍ കഥയിലെ സാഹചര്യം ആവശ്യപ്പെടുന്നവ മാത്രമാണ്. അത് ഏതെങ്കിലും അശ്ലീല പ്രയോഗങ്ങളല്ല. കുമരങ്കരി എന്ന ഗ്രാമത്തിന്‍റെ സാമൂഹിക സാഹചര്യങ്ങളില്‍ സ്വാഭാവികമായി കടന്നുവരുന്നവയാണ്. പുതിയ സിനിമയായ ആന്‍റിക്രൈസ്റ്റില്‍ അധോവായു തമാശകള്‍ എനിക്ക് പറയാനാകില്ല. കാരണം, ആ സിനിമ അത് ആവശ്യപ്പെടുന്നില്ല” - മാധ്യമം വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലിജോ വ്യക്തമാക്കുന്നു.

“റിയലിസത്തില്‍ നിന്നല്ല, ഫിക്ഷനില്‍ നിന്നാണ് നമ്മുടെ സിനിമകള്‍ അകന്നുതുടങ്ങിയത്. എല്ലാവരും റിയലിസത്തിന് പിന്നാലെ ഓടുമ്പോള്‍ ഇവിടെ ഫിക്ഷനുകള്‍ ഇല്ലാതാകുന്നു. ഫിക്ഷന്‍റെ അന്ത്യം ഭാവനയുടെ മരണമാണ്. ഫിക്ഷന്‍ ആഖ്യാനത്തിനായി മനഃപൂര്‍വം ഞാന്‍ തെരഞ്ഞെടുത്തതാണ് ആന്‍റിക്രൈസ്റ്റ് എന്ന അടുത്ത ചിത്രം. കല്‍പ്പിത കഥയുടെ സ്വാതന്ത്ര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കുമത്” - മാധ്യമത്തിന് വേണ്ടി മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

അടുത്ത പേജില്‍ - ആന്‍റിക്രൈസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍

PRO
ലോകാവസാനം അടുക്കുമ്പോള്‍ അവന്‍ വരും. അന്തിക്രിസ്തു. അവന്‍ കപടരക്ഷകനാണ്. മനുഷ്യരുടെ ദാഹങ്ങള്‍ അവന്‍ ശമിപ്പിക്കുന്നതായ തോന്നലുളവാക്കും. യഥാര്‍ത്ഥത്തില്‍ അവനോളം അവാസ്തവമായത് മറ്റൊന്നില്ല. അവനോളം നാശകാരകനായ മറ്റൊരാളില്ല.

Antichrist !

മലയാള സിനിമയിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഹൊറര്‍ ജനറേഷനില്‍ ഒരു ലക്ഷണമൊത്ത സൃഷ്ടി ഉണ്ടായിട്ടില്ല. ആ മഹാശൂന്യത ഇല്ലാതാക്കുന്ന ഒരു ചലച്ചിത്രം വരുന്നു.

Antichrist !

‘ആമേന്‍’ എന്ന പുണ്യാളചരിതം പറഞ്ഞ് മലയാളികളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ചലച്ചിത്രകാരന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ശ്രമം. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നീ നടന്‍‌മാര്‍. കുമരങ്കരിയുടെ നിറം പകര്‍ത്തി ഏവരെയും മോഹിപ്പിച്ച അഭിനന്ദന്‍ രാമാനുജം. ‘മാമോദിസാ കാലം തൊട്ടേ കണ്ടറിഞ്ഞേ തമ്മില്‍’ എന്ന് ആസ്വാദകഹൃദയങ്ങളെ ആനന്ദിപ്പിച്ച പ്രശാന്ത് പിള്ള. എല്ലാവരും വരികയാണ്.

ആന്‍റിക്രൈസ്റ്റ് !

ലോകാവസാനത്തെക്കുറിച്ചുള്ള ഒരു ഹൊറര്‍ സിനിമ. ത്രില്ലടിച്ചോ? എങ്കില്‍ മറ്റൊന്നുകൂടി കേട്ടോളൂ - ‘ചാവുനില’ത്തിന്‍റെ എഴുത്തുകാരന്‍ പി എഫ് മാത്യൂസ് ആണ് ആന്‍റിക്രൈസ്റ്റിന് തിരക്കഥ രചിക്കുന്നത്. കുട്ടിസ്രാങ്ക് എന്ന വിഖ്യാത സിനിമയ്ക്ക് അക്ഷരത്തീ പകര്‍ന്നവരില്‍ ഒരാള്‍. മിഖായേലിന്‍റെ സന്തതികളും ശരറാന്തലും പറഞ്ഞുതന്ന് പരമ്പരപ്രേക്ഷകരെ നല്ലവഴിക്ക് നടത്തിയ രചയിതാവ്.

ലിജോ ജോസ് പെല്ലിശ്ശേരിയും പി എഫ് മാത്യൂസും കൈപിടിക്കുമ്പോള്‍ ഒരു ഗംഭീര സിനിമാ വിരുന്ന് പ്രതീക്ഷിക്കാം. അത് മറ്റൊരു നായകനോ സിറ്റി ഓഫ് ഗോഡോ ആമേനോ ആവില്ലെന്ന് ഉറപ്പ്. ഒരിക്കലും സ്വയം അനുകരിക്കുന്നവനല്ല താനെന്ന് ലിജോ ഇതിനകം മലയാളിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.

“അന്തിക്രിസ്തുവിന്‍റെ കാലം ഉപദ്രവകാലമാണ്. അവന്‍റെ വരവില്‍ ഭൂമി വലിയ യുദ്ധങ്ങള്‍ക്കും ദാരിദ്ര്യത്തിനും വ്യാധികള്‍ക്കും പ്രകൃതിക്ഷോഭങ്ങള്‍ക്കും സാക്‍ഷ്യം വഹിക്കും. മനുഷ്യന്‍റെ പാപങ്ങള്‍ക്ക് ദൈവം പകരം തരുന്ന ശിക്ഷയാണ് അന്തിക്രിസ്തുവിന്‍റെ വരവ്” - പ്രേക്ഷകര്‍ അന്തിക്രിസ്തുവിനെ സ്ക്രീനില്‍ കാണാന്‍ പോകുന്നു. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ആയതായി ലിജോ മലയാളം വെബ്‌ദുനിയയെ അറിയിച്ചു. ഏറെ ഗ്രാഫിക്സ് ജോലികള്‍ ആവശ്യമുള്ള ഈ ബിഗ്ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് വര്‍ഷാവസാനം തുടങ്ങും.

വെബ്ദുനിയ വായിക്കുക