ഒടുവില്‍ ‘രാത്രിമഴ’ റിലീസ് ചെയ്യുന്നു

WDWD
ഒടുവില്‍ ലെനിന്‍ രാജേന്ദ്രന്‍റെ ‘രാത്രിമഴ’ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യുന്നു. സംസ്ഥാന-ദേശീയ-രാജ്യാന്തര തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ശേഷവും സിനിമക്ക്‌ വിതരണക്കാരെ ലഭിക്കാത്ത ഘട്ടം വന്നപ്പോള്‍ സംവിധായകന്‍ നേരിട്ടാണ്‌ സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്‌. സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ മൂന്നിന്‌ ചിത്രം റിലീസ്‌ ചെയ്യും.

കൈയ്യില്‍ നിന്ന്‌‌ പണം നഷ്ടമായാലും സിനിമ ജനങ്ങള്‍ കാണട്ടെ എന്ന നിലപാടിലാണ്‌ സംവിധായകന്‍. അവാര്‍ഡുകള്‍ കിട്ടുന്നത്‌ സിനിമ റിലീസ്‌ ചെയ്യുന്നതിന്‌ പാരായാകുന്ന അനുഭവം ഉണ്ടായെന്നും ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. സിനിമ വ്യവസായത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത്‌ താരാധിപത്യം തന്നെയാണെന്ന്‌ സ്വന്തം അനുഭവത്തില്‍ നിന്ന്‌ മലയാളത്തിലെ നല്ല സിനിമകളുടെ സംവിധായകനായ ലെനിന്‍ രാജേന്ദ്രന്‍ വിലയിരുത്തുന്നു.

സിനിമപൂര്‍ത്തിയായ ശേഷം ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു തിയേറ്ററില്‍ എത്തിക്കാന്‍ എന്തുകൊണ്ട്‌?

‘രാത്രിമഴ’ക്ക്‌ മികച്ച സംവിധാനത്തിന്‌ അടക്കം അഞ്ച്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ വിഭാഗത്തില്‍ ഉദ്‌ഘാടനചിത്രമായി. കോറിയോഗ്രാഫിക്ക്‌ അടക്കം ദേശീയ പുരസ്‌കാരം ലഭിച്ചു. രാജ്യാന്തരമേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടു.

ഇത്രയേറെ അംഗീകാരങ്ങള്‍ ലഭിച്ച ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടതാണ്‌. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ല. താരമൂല്യം തന്നെയാണ്‌ സിനിമ വിതരണത്തിന്‌ എടുക്കുന്നവരുടെ ആവശ്യം. മറ്റ്‌ എന്തെല്ലാം അംഗീകാരം ലഭിച്ചിട്ടും കാര്യമില്ല. ഓരോ തവണ തിയേറ്ററുകാരെ സമീപിക്കുമ്പോഴും ചിത്രം മാറ്റിവയ്‌ക്കപ്പെടുകയായിരുന്നു.

PROPRO
സിനിമാവ്യവസായത്തെ നിയന്ത്രിക്കുന്നത്‌ താരാധിപത്യം തന്നെയാണെന്നാണോ?

സൂപ്പര്‍താരങ്ങളോടാണ്‌ തിയേറ്റര്‍ ഉടമകള്‍ക്കും പ്രേക്ഷകര്‍ക്കും ആഭിമുഖ്യം. പുതിയ സിനിമകളെ സ്വീകരിക്കാന്‍ തമിഴ്‌ പ്രേക്ഷകരുടെ പകുതി ആവേശം പോലും മലയാളി കാണിക്കാറില്ല. പരുത്തിവീരനും സുബ്രഹ്മണ്യപുരവും എല്ലാം തമിഴ്‌നാട്ടില്‍ തകര്‍ത്തോടിയ ചിത്രങ്ങളാണ്‌. താരപരിവേഷമില്ലാത്ത ചിത്രങ്ങളാണിത്‌.

കേരളത്തില്‍ വിജയിക്കുന്ന അന്യഭാഷചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌ കൊണ്ടല്ലേ അവ വിജയിക്കുന്നത്‌. കേരളത്തിലെ പരീക്ഷണ ചിത്രങ്ങള്‍ക്ക്‌ അതിന്‌ സാധിക്കുന്നില്ല എന്നല്ലേ അര്‍ത്ഥം?

പരുത്തിവീരനും സുബ്രഹ്മണ്യപുരവും തീര്‍ച്ചയായും നല്ല ചിത്രങ്ങളാണ്‌. അത്തരം സിനിമകളെ ഒരിക്കലും തള്ളിപ്പറയാന്‍ പറ്റില്ല. എന്നാല്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത അന്യഭാഷചിത്രങ്ങളും മലയാളത്തില്‍ ഇറങ്ങുന്നു.

സാധാരണ മലയാള സിനിമയുടെ മുതല്‍മുടക്കിന്‍റെ ഇരട്ടിയിലധികം മുടക്കി അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലാക്കി തിയേറ്ററുകളില്‍ എത്തിക്കുന്നുണ്ട്‌. വളരെ അപകടകരമായ അവസ്ഥയാണിത്‌.

സൂപ്പര്‍താര പരിവേഷമില്ലാത്ത തിരക്കഥ, തലപ്പാവ്‌, അടയാളങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയല്ലോ?

ഇത്തവണ ഓണത്തിന്‌ ഈ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിക്കാനായത്‌ ആശ്വാസകരമാണ്‌. എന്നാല്‍ വന്‍കിട താരങ്ങളുടെ ചിത്രങ്ങള്‍ ഇല്ലാത്തപ്പോള്‍ നിവൃത്തികേട്‌ കൊണ്ടാണ്‌ ഇവ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായത്‌. താരാധിപത്യത്തിന്‌ അകത്തു നിന്നുള്ള കച്ചവടം മാത്രമേ ഇവിടെ നടക്കുന്നുള്ളു.

PROPRO
സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ്‌ സംബന്ധിച്ചും ഇപ്പോള്‍ തര്‍ക്കം നടക്കുകയാണല്ലോ?

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക്‌ പത്തുലക്ഷം വീതം തിയേറ്റര്‍ ഉടമകള്‍ നല്‌കുകയാണ്‌. എല്ലാ തിയേറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്ന്‌‌ നിര്‍മ്മാതാക്കള്‍ പറയുന്നു. തര്‍ക്കം സൂപ്പര്‍താര ചിത്രങ്ങള്‍ക്ക്‌ വേണ്ടിയാണ്‌. ഇവിടെ എവിടെയും ഇടത്തരം സിനിമയുടെ പ്രശ്നം വരുന്നില്ല.

ഉത്സവകാലത്ത്‌ ഇറങ്ങുന്ന ഒന്നോ രണ്ടോ ചിത്രങ്ങള്‍ നേട്ടമുണ്ടാക്കുന്നു. ചെറിയ സിനിമകള്‍ അവഗണിക്കപ്പെടുന്നു. ഇടത്തരം സിനിമകളെ വിജയിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും എവിടെയും നടക്കുന്നില്ല.

രാത്രിമഴയെ കുറിച്ച്‌?

ചന്ദ്രമതിയുടെ‘വെബ്‌സൈറ്റ്‌’ എന്ന കഥയാണ്‌ സിനിമയ്ക്ക്‌ ആധാരം. ചെറുപ്പക്കാരുടെ പ്രണയത്തിന്‍റെ പുതിയ അവസ്ഥയാണ്‌ പ്രമേയം. വളരെ അടുത്താണെങ്കിലും ഒരു പാട്‌ കാര്യങ്ങള്‍ പരസ്‌പരം മറച്ചു വയ്‌ക്കാന്‍ കഴിയുന്ന അവസ്ഥ. സമകാലീന നൃത്ത രൂപങ്ങളുടെ പുതിയ അനുഭവവും സിനിമ പങ്കുവയ്‌ക്കുന്നു. വളരെ ദീപ്‌തവും കാലികവും ആയ പ്രമേയമാണ്‌ സിനിമയുടേത്‌. മീരയും വിനീതും എല്ലാം മികച്ച പ്രകടനമാണ്‌ കാഴ്‌ച വച്ചിരിക്കുന്നത്‌.

സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന്‌ കരുതുന്നുണ്ടോ?

എന്‍റെ മറ്റ്‌ സിനിമകളേക്കാള്‍ ലളിതവും പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിയുന്നതുമായ സിനിമയാണ്‌ രാത്രിമഴ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. സിനിമ കണ്ട ചുരുക്കം ചിലരും ഈ അഭിപ്രായം തന്നെയാണ്‌ പറഞ്ഞത്‌. ജനങ്ങള്‍ സിനിമ കണ്ട്‌ വിലയിരുത്തട്ടെ.