എവിടെ മലയാളി സ്ത്രീ?: നന്ദിത

PROPRO
നടിയും സംവിധായികയും ആയ നന്ദിതാദാസിന്‌ സിനിമ എന്നത്‌ സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ ഭാഗം മാത്രമാണ്‌. അഭിനേത്രി എന്ന നിലയില്‍ തെന്നിന്ത്യയിലും വടക്കേന്ത്യയിലും ഒരേ പോലെ സ്വീകരിക്കപ്പെട്ട നന്ദിത ‘രാംചന്ദ്‌ പാകിസ്ഥാനി’ എന്ന ചിത്രത്തിലൂടെ പാക്‌ സിനിമകളിലും സജീവമാകുന്നു.

വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയിലെ ജൂറി പദം വരെ അലങ്കരിച്ച നന്ദിത ‘കണ്ണകി’, ‘നാലുപെണ്ണുങ്ങള്’‍, ‘പുനരധിവാസം’ , ‘ജന്മദിനം’ എന്നീ ചിത്രങ്ങളിലൂടെ സാധാരണ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്‌. രാജ്യാന്തര വേദികളില്‍ ശ്രദ്ധിക്കപ്പെട്ട കന്നി സംവിധാന സംരംഭമായ ‘ഫിറാഖ്‌’ കേരളത്തിന്‍റെ ചലച്ചിത്രമേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കേരളത്തിന്‍റെ ശാലീനതയും വൈഞ്‌ജാനിക സമ്പത്തും മലയാളിയുടെ ലാളിത്യവും സ്‌നേഹവും ഏറെ ആസ്വദിക്കുന്ന നന്ദിത പക്ഷെ ചോദിക്കുന്നു: “കേരളത്തിന്‍റെ പൊതു വേദികളില്‍ എന്തുകൊണ്ട്‌ പെണ്‍സാന്നിധ്യം ഇത്രമേല്‍ ശുഷ്‌കമായിരിക്കുന്നു?”. ഡിസിയുടെ രാജ്യാന്തര പുസ്‌തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നന്ദിതയുടെ വാക്കുകളിലേക്ക്‌...

? എന്തുകൊണ്ട്‌ സംവിധാനം, എന്തുകൊണ്ട്‌ ‘ഫിറാഖ്‌’?
സംവിധാനം തീര്‍ത്തും പുതിയൊരു മേഖലയാണ്‌. നാടകത്തിനും സിനിമക്കും വേണ്ടി ഇന്ത്യക്ക്‌‌ അകത്തും പുറത്തുമുള്ള ഒരുപാടു പേരുമായി ഞാന്‍ ഇടപഴകാറുണ്ട്‌. രാജ്യത്തിനുണ്ടാകുന്ന സാമൂഹികമാറ്റങ്ങള്‍ നേരിട്ടറിയാന്‍ സാധിച്ചു. വേര്‍തിരിവുകളെ കുറിച്ചാണ്‌ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌.

മതത്തിന്‍റെ പേരിലാണ്‌ ഏറ്റവും അധികം വേര്‍തിരിവ്‌. പുറത്ത്‌ അരങ്ങേറുന്നതിനേക്കാള്‍ വലിയ സംഘര്‍ഷം നടക്കുന്നത്‌ മനുഷ്യമനസുകളിലാണ്‌. ഉള്ളിന്‍റെ ഉള്ളില്‍ വേര്‍തിരിവുകള്‍ ഉണ്ടാകുന്നു. ബന്ധങ്ങളില്‍ സംശയാലുവാകുന്നു. അവയൊടെല്ലാം എങ്ങനെ പ്രതികരിക്കണമെന്ന്‌ ചിന്തിച്ചപ്പോഴാണ്‌ സിനിമ ചെയ്യാം എന്ന്‌ വിചാരിച്ചത്‌.

‘ഫിറാഖ്‌’ എന്ന ഉറുദുവാക്കിന്‌ വേര്‍തിരിവ്‌ എന്നും അന്വേഷണം എന്നും അര്‍ത്ഥമുണ്ട്‌.

PTIPTI
? ‘ഫിറാഖി’ന്‍റെ പ്രമേയം
ഗുജറാത്ത്‌ കലാപത്തിന്‌ ശേഷം മനുഷ്യമനസുകളില്‍ സംഭവിക്കുന്ന കലാപത്തെ കുറിച്ചാണ്‌ സിനിമ പറയുന്നത്‌. കലാപ ദൃശ്യങ്ങളൊന്നും സിനിമയില്‍ ഇല്ല, എന്നാല്‍ കലാപങ്ങളുടെ ആഘാതം എല്ലാ ദൃശ്യങ്ങളിലും ഉണ്ട്‌. ഒരേ സമയം അഞ്ച്‌ പേരുടെ കഥയാണ്‌ സിനിമ പറയുന്നത്‌. അവരുടെ വ്യക്തിത്വങ്ങളുടെ സംഘര്‍ഷം.

? സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും വേര്‍തിരിവുകളും മതിലുകളും ശക്തമാകുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌, എന്താണ്‌ അതിന്‌ കാരണം
കണ്‍സ്യൂമറിസവും ആഗോളവത്‌കരണവും എല്ലാം ഒരു പരിധിവരെ അതിന്‌ കാരണമാണ്‌. ലോകം ചെറുതാവുന്നതിനൊപ്പം മനുഷ്യനും ചെറുതായി കൊണ്ടിരിക്കുന്നു. സ്വന്തമായുള്ളതില്‍ അഭിമാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല, ഇല്ലായ്‌മകളെ ഓര്‍ത്ത്‌‌ തലകുനിക്കാനാണ്‌ താത്‌പര്യം. രാജ്യം, ഭാഷ, മതം തുടങ്ങി ഓരോരുത്തകര്‍ക്കും വിവിധ വ്യക്തിത്വങ്ങളുണ്ട്‌. അവയുടെ വ്യത്യാസങ്ങളെ ഓര്‍ത്ത്‌ കലഹിക്കാനും വേര്‍തിരിവുകള്‍ കണ്ടെത്താനുമാണ്‌ ശ്രമം നടക്കുന്നത്‌.

? ഈ സാഹചര്യത്തില്‍ ഒരു ആര്‍ട്ടിസ്‌റ്റിന്‌ എന്ത്‌ ചെയ്യാന്‍ പറ്റും
തീര്‍ച്ചയായും അവരവരുടേതായ പങ്ക്‌ വഹിക്കാനുണ്ട്‌‌. എന്തുകൊണ്ടാണ്‌ ചില പുസ്‌തകങ്ങളും സിനിമകളും നിരോധിക്കണമെന്ന്‌ ആവശ്യം ഉയരുന്നത്‌. അവ സമൂഹത്തെ ബാധിക്കുന്നു എന്നതിന്‌ തെളിവല്ലേ അത്‌. പെട്ടെന്ന്‌ വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും മാനസികമായ പരിവര്‍ത്തനം സൃഷ്‌‌ടിക്കാന്‍ കലാകാരന്മാര്‍ക്ക്‌ കഴിയും.

‘ഫയര്‍’ എന്ന ചിത്രമാണ്‌ ഇന്ത്യയില്‍ സ്വര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്‌. ചിലര്‍ സിനിമയെ എതിര്‍ത്തു, ചിലര്‍ അനുകൂലിച്ചു. ഏത്‌ അഭിപ്രായം ഉയര്‍ന്നാലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക എന്നതാണ്‌ പ്രധാനം. ഇത്തരം സംവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കലാസൃഷ്ടികള്‍ക്ക്‌ പ്രധാന പങ്ക്‌ വഹിക്കാനാകും. നമ്മുടെ മാധ്യമം നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌ പ്രധാനം.

PROPRO
? കേരളത്തെ കുറിച്ച്‌
സിനിമകള്‍ക്ക്‌ വേണ്ടി ഞാന്‍ ഏറ്റവും സമയം ചെലവഴിച്ചിരിക്കുന്നത്‌ കേരളത്തിലാണ്‌. മലയാളികളുടെ ലാളിത്യമാണ്‌ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്‌. സാമൂഹിക ബോധത്തിന്‍റേയും അറിവിന്‍റേയും കാര്യത്തില്‍ സമ്പന്നരാണെങ്കിലും പെരുമാറ്റത്തില്‍ ലാളിത്യമുണ്ട്‌.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ പരിചയപ്പെട്ടു. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഇങ്ങനെയല്ല. അവിടെ പണകൊഴുപ്പിന്‍റെ ആഘോഷമാണ് നടക്കുന്നത്. സാംസ്‌കാരികമന്ത്രി എം എ ബേബിയുമായും സംസാരിക്കാന്‍ അവസരം കിട്ടി. പുതിയ പുസ്‌തകങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും എല്ലാം അദ്ദേഹം സംസാരിച്ചു. പ്രമുഖ കവി ഒ എന്‍ വി കുറിപ്പിനെ പരിചയപ്പെട്ടു. ‌അവരുടെയെല്ലാം പെരുമാറ്റത്തിലെ ലാളിത്യമാണ്‌ എന്നെ ആകര്‍ഷിച്ചത്‌.

പിന്നെ കേരളം നിറയെ പച്ചപ്പാണ്‌, തേങ്ങ വച്ചുണ്ടാക്കുന്ന എല്ലാ ഭക്ഷണവും എനിക്ക്‌ വളരെ ഇഷ്ടമാണ്‌.

? അപ്പോള്‍ കേരളത്തിന്‌ പോരായ്‌മകള്‍ ഒന്നും കാണാനില്ലെന്നാണോ
അങ്ങനെ അല്ല, എത്രമാത്രം സാസ്‌കാരികമായി മുന്നേറ്റം നേടിയ സമൂഹമാണെങ്കിലും കേരളത്തിന്‍റെ പൊതു രംഗത്ത്‌ സ്‌ത്രീസാന്നിധ്യം കുറവാണെന്ന് എനിക്ക്‌ തോന്നുന്നു. സ്‌ത്രീകള്‍ക്ക്‌ സാംസ്‌കാരിക കാര്യങ്ങളില്‍ താത്‌പര്യമില്ലാത്തത്‌ കൊണ്ടാണെന്ന്‌ ഞാന്‍ കരുതുന്നില്ല, പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം വളരെ കുറവാണ്‌. അത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസിലാകുന്നില്ല.

സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ശക്തമായി ചര്‍ച്ച ചെയ്‌ത ‘ഭവാന്തര്‍’ ഐ എഫ്‌ എഫ്‌ കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു, സിനിമ നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും സ്‌ത്രീ പ്രേക്ഷകരുടെ എണ്ണം വളരെ കുറവായിരുന്നു.

? ഐ എഫ്‌ എഫ്‌ കെയിലേക്ക്‌ ‘ഫിറാഖ്‌’ തെരഞ്ഞെടുക്കപ്പെട്ടല്ലോ
അതെ, വളരെ സന്തോഷമുണ്ട്‌, ഞാന്‍ അഭിനയിച്ച ചിത്രങ്ങളുമായി നിരവധി തവണ കേരളത്തില്‍ എത്തിയിട്ടുണ്ട്‌, എന്നാല്‍ സംവിധാനം ചെയ്‌ത ചിത്രവുമായി കേരളത്തിന്‍റെ മേളയില്‍ വരുന്നത്‌ പുതിയ അനുഭവമായിരിക്കും. അഭിനേത്രി എന്ന നിലയില്‍ എന്‍റെ പ്രകടനം മാത്രമാണ്‌ ശ്രദ്ധിക്കപ്പെടുക, ഇത്തവണ സിനിമയെ കുറിച്ചുള്ള എല്ലാകാര്യവും വിലയിരുത്തപ്പെടും. കൊല്‍ക്കൊത്ത മേളയിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

PROPRO
? മലയാളത്തില്‍ പുതിയ സംരംഭങ്ങള്‍
അത് മലയാളി സംവിധായകരോട് ചോദിക്കണം.

? ‘ഫിറാഖി’ന്‌ വിദേശമേളകളിലുള്ള പ്രതികരണം
പുസാന്‍, ടൊറണ്ടോ, ലണ്ടന്‍, സൗത്ത്‌ ഏഷ്യന്‍ ഫിലിം മേള ന്യുയോര്‍ക്ക്‌ തുടങ്ങിയ മേളകളില്‍ സിനിമക്ക്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചത്‌. വിദേശ പ്രേക്ഷകര്‍ക്ക്‌ വേണ്ടി എടുത്ത ചിത്രമല്ലെങ്കിലും സിനിമ നന്നായി സ്വീകരിക്കപ്പെട്ടു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക്‌ നേരിട്ട ‌അതേ മാനസികാവസ്ഥയിലൂടെ കടന്നു പോയ പ്രേക്ഷകരെ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. മാനുഷിക വികാരങ്ങള്‍ സാര്‍വ്വലൗകികമാണ്‌.

? ‘ഫിറാഖി’ന്‍റെ രചന
മൂന്ന്‌ വര്‍ഷം കൊണ്ടാണ്‌ ഞാന്‍ സിനിമയുടെ രചന നിര്‍വ്വഹിച്ചത്‌. കഥ പാകപ്പെടുത്താനും തിരക്കഥാ ഒരുക്കാനും ഷൂചി കോത്താരിയുടെ സഹായവും ലഭിച്ചു. മലയാളിയായ രവി കെ ചന്ദ്രന്‍ ആയിരുന്നു ഛായാഗ്രാഹകന്‍. നസറുദ്ദാന്‍ ഷാ, ഷഹാന ഗോസാമി, സഞ്‌ജയ്‌ സൂരി, ടിസ്‌ക ചോപ്ര, ദീപ്‌തി നാവല്‍, പരേഷ്‌ റാവല്‍ തുടങ്ങിയ നല്ല അഭിനേതാക്കളേയും ലഭിച്ചു.

? പുസ്‌തകോത്സവത്തിനാണല്ലോ കേരളത്തില്‍ എത്തിയത്‌, വായനയെ കുറിച്ച്‌
സിനിമയ്‌ക്ക്‌ പുറകേയുള്ള യാത്രയായതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്യമായി ഒന്നും വായിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല, വായന ആരംഭിക്കാന്‍ ഈ യാത്ര ഉപകരിക്കും, ഞാന്‍ കുറേ പുസ്‌തകങ്ങള്‍ വാങ്ങിയിട്ടുണ്ട്‌. ഇന്ത്യയില്‍ ഇപ്പോള്‍ ധാരളം പുസ്‌തക പ്രസാധകര്‍ ഉണ്ടാകുന്നുണ്ടെങ്കിലും വായനക്കാര്‍ ഉണ്ടാകുന്നുണ്ടോ എന്ന്‌ സംശയമാണ്‌.

പുതിയ തലമുറയുടെ എഴുത്തില്‍ അക്ഷരത്തെറ്റ്‌ വ്യാപകമാണ്‌. എസ്‌ എം എസ്‌ ഭാഷയാണ് എല്ലാവരും ഉപയോഗിക്കുന്നത്‌. ദൃശ്യമാധ്യമങ്ങള്‍ എത്രത്തോളം വിപ്ലവം സൃഷ്ടിച്ചാലും മനസിന്‍റെ വാതിലുകള്‍ പരമാവധി സമൂഹത്തിലേക്ക്‌ തുറക്കുന്നത്‌ വായനയിലൂടെ മാത്രമാണ്‌.