ഇതാണ് മാജിക് - വെള്ളിമൂങ്ങയുടെ കളക്ഷന്‍ 18 കോടി!

വ്യാഴം, 6 നവം‌ബര്‍ 2014 (16:08 IST)
10 കോടി മുടക്കുകയും 11 കോടി നേടുകയും ചെയ്യുന്ന സിനിമാക്കളികളാണ് ഏറെക്കാലമായി മലയാള സിനിമയില്‍ നടക്കുന്നത്. നഷ്ടം വരില്ല, എന്നാല്‍ വലിയ ലാഭവുമില്ല. വിജയമാണോ എന്ന് ചോദിച്ചാല്‍ ആണ്. പരസ്യം പക്ഷേ മെഗാഹിറ്റെന്നും ബ്ലോക്ക് ബസ്റ്ററെന്നും ഒക്കെയായിരിക്കും. എന്നാല്‍ കേട്ടോളൂ, ഒരു യഥാര്‍ത്ഥ ബ്ലോക്ക് ബസ്റ്റര്‍ പിറന്നിരിക്കുന്നു മലയാള സിനിമയില്‍. അതിന്‍റെ പേര് വെള്ളിമൂങ്ങ!
 
വെള്ളിമൂങ്ങ എന്ന പക്ഷി ഭാഗ്യം കൊണ്ടുവരും എന്നാണ് കേട്ടിരിക്കുന്നത്. എന്തായാലും ഈ വെള്ളിമൂങ്ങ നായകന്‍ ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബിനും നിര്‍മ്മാതാവിനുമൊക്കെയാണ് ഭാഗ്യം കൊടുവന്നിരിക്കുന്നത്. അഞ്ചാഴ്ചകൊണ്ട് 18 കോടി രൂപയാണ് ഈ സിനിമയുടെ കളക്ഷന്‍. മൂന്നുകോടി രൂപയില്‍ താഴെ മാത്രം ചെലവുള്ള ഈ സിനിമ നിര്‍മ്മാതാവിന് മാത്രം 10 കോടിയിലേറെ ലാഭം നേടിക്കൊടുക്കും. നിലവില്‍ അറുപതിലധികം കേന്ദ്രങ്ങളില്‍ വെള്ളിമൂങ്ങ കളിക്കുന്നുണ്ട്.
 
ഈ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്നത് വിശുദ്ധ മാമച്ചന്‍ എന്ന പേരായിരുന്നു. എന്നാല്‍ ആ പേര് പിന്നീട് വേണ്ടെന്നുവച്ചു. അതിനൊരു കാരണമുണ്ട്.
 
"ആദ്യം വിശുദ്ധ മാമച്ചന്‍ എന്നായിരുന്നു വെള്ളിമൂങ്ങയുടെ പേര്. ചിത്രീകരണം തുടങ്ങാറായപ്പോഴാണ് വൈശാഖിന്‍റെ വിശുദ്ധന്‍ എന്ന സിനിമയെക്കുറിച്ച് അറിഞ്ഞത്. അതോടെ ആ പേരിന് പ്രസക്തി നഷ്ടപ്പെട്ടു. അങ്ങനെ ടൈറ്റിലില്ലാതെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയത്. ഇതിന് ശേഷം പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും ഒന്നും തൃപ്തികരമായില്ല. അങ്ങനെ ഷൂട്ടിംഗ് തീരാന്‍ ദിവസങ്ങള്‍ ശേഷിക്കവെയാണ് ക്രിയേറ്റീവ് ഹെല്‍പ്പിന് ഒപ്പമുണ്ടായിരുന്ന ശ്രീജിത്ത് മഞ്ചേരിയെന്ന ക്യാമറാമാന്‍ വെള്ളിമൂങ്ങയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഏത് രീതിയിലും സിനിമയ്ക്ക് ചേരുന്ന പേരാണിതെന്ന് എല്ലാവര്‍ക്കും തോന്നിയതോടെ 'വെള്ളിമൂങ്ങ' എന്ന് പേര് നിശ്ചയിക്കുകയായിരുന്നു" - ജിബു ജേക്കബ് പറയുന്നു. ജോജി തോമസ് എന്ന നവാഗതനാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.

വെബ്ദുനിയ വായിക്കുക