ഇംഗ്ലീഷ് സംസാരിച്ചതുകൊണ്ടായില്ല, സ്വഭാവം നന്നാകണം: ജയസൂര്യ

ചൊവ്വ, 26 ജൂലൈ 2011 (16:24 IST)
PRO
തെക്കേ ഇന്ത്യയില്‍ എത്ര നായകന്‍മാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയാം? ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ എന്നു ചോദിച്ചതുപോലെ ഒരു ചോദ്യമൊന്നുമല്ല ഇത്. തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന നടന്‍‌മാരുടെ പട്ടിക തയ്യാറാക്കാന്‍ പോലും ചില ആരാധകര്‍ സമയം കണ്ടെത്തി.

സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന നടന്‍ തന്‍റെ ഭര്‍ത്താവ് മാത്രമാണെന്ന് ഈയിടെ ഒരഭിമുഖത്തില്‍ ഒരു യുവനടന്‍റെ ഭാര്യ പറഞ്ഞതാണ് മറ്റുള്ള താരങ്ങളുടെ ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ മലയാളത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന ജയസൂര്യ പറയുന്നത് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നതുകൊണ്ടു മാത്രം കാര്യമൊന്നുമില്ല എന്നാണ്.

“എത്ര ഭാഷ അറിയാമെന്നോ ഏതു യൂണിവേഴ്സിറ്റിയില്‍ പഠിച്ചു എന്നതോ അല്ല കാര്യം. സ്വഭാവം നന്നായിരിക്കണം. മറ്റുള്ളവരോട് ഹൃദയം തുറന്ന് കളങ്കമില്ലാതെ സംസാരിക്കാന്‍ കഴിയുന്നതും മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയുന്നതുമാണ് ഏറ്റവും വലിയ പഠനം. അല്ലാതെയുള്ള പഠനമൊക്കെ വെറുതെയാണ്. പേരിനൊപ്പം ചേര്‍ക്കാവുന്ന ജാടയുടെ അക്ഷരങ്ങളായി മാത്രമേ അവയെ കാണാനാവൂ” - ജയസൂര്യ തുറന്നടിക്കുന്നു.

സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ് ജാട കാണിച്ച് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നതെന്നും ‘മംഗള’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു. കഴിവാണ് പ്രധാനമെന്നും വ്യക്തികള്‍ക്ക് പിന്നീടേ സ്ഥാനമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“കഴിവുള്ളവരെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാവില്ല. പുതുതലമുറയുടെ വരവിനെ സൂപ്പര്‍സ്റ്റാറുകള്‍ തടയുന്നു എന്നൊക്കെ വെറുതെ പറയുന്നതാണ്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത്. മമ്മുക്കയും ലാലേട്ടനുമൊകെ മഹാ സംഭവങ്ങളാണ്. അവര്‍ക്ക് പാകമാകാത്തതെന്ന് അവര്‍ക്ക് തോന്നുന്ന കഥാപാത്രങ്ങളൊന്നും അവര്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ അവരോട് മാറിനില്‍ക്കണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല.” - ജയസൂര്യ പറയുന്നു.

വെബ്ദുനിയ വായിക്കുക