ആദ്യ സിങ്കത്തിന്‍റെ ഇരട്ടി കരുത്തന്‍, ഇവന്‍ 60ലും ആഞ്ഞടിക്കും!
വെള്ളി, 11 ജൂലൈ 2014 (16:29 IST)
രോഹിത് ഷെട്ടി അടുത്ത 'സിങ്ക'ത്തിന്‍റെ തിരക്കിലാണ്. 2011ല്‍ റിലീസ് ചെയ്ത സിങ്കത്തിന്‍റെ രണ്ടാം ഭാഗം 'സിങ്കം റിട്ടേണ്‍സ്'. അജയ് ദേവ്‌ഗണ്‍ തന്നെയ് നായകനാകുന്ന ചിത്രത്തില്‍ നായിക പക്ഷേ കാജല്‍ അഗര്‍വാളിന് പകരം കരീന കപൂറാണ്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അമോല്‍ ഗുപ്ത, അനുപം ഖേര്‍, സമീര്‍ ധര്‍മ്മാധികാരി, ദയാനന്ദ് ഷെട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.
ആദ്യ സിങ്കത്തേക്കാള്‍ ഇരട്ടി കരുത്തനാണ് സിങ്കം റിട്ടേണ്‍സിലെ നായകന്‍ ബാജിറാവു സിങ്കം എന്ന് അജയ് ദേവ്ഗണ്‍ പറയുന്നു. തിരക്കഥയിലും തന്‍റെ ശരീരത്തിലും എന്തിന് ഈ സിനിമയുടെ ക്യാന്‍വാസിലും ആദ്യ ചിത്രത്തെ അപേക്ഷിച്ച് ഇരട്ടി വലിപ്പമുണ്ടായിരിക്കുമെന്നാണ് അജയ് വ്യക്തമാക്കുന്നത്.
"സിങ്കം എന്ന കഥാപാത്രം എത്ര വേണമെങ്കിലും തുടര്‍ന്നുപോകാവുന്ന ഒന്നാണ്. ഹോളിവുഡ് കഥാപാത്രമായ റാംബോയെപ്പോലെ. സിങ്കത്തിന് അയാളുടെ അമ്പതിലും അറുപതിലുമെല്ലാം വേട്ട തുടരാം. ആര് ആ വേഷം ചെയ്താലും ജനങ്ങള്‍ ഇഷ്ടപ്പെടും" - അജയ് ദേവ്ഗണ്‍ പറയുന്നു.
രോഹിത് ഷെട്ടിയുടെ സ്ഥിരം തിരക്കഥാകൃത്തുക്കളായ സാജിദ് - ഫര്‍ഹാദ് ടീം ആണ് സിങ്കം റിട്ടേണ്‍സും എഴുതുന്നത്. റിലയന്‍സും അജയ് ദേവ്ഗണും രോഹിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യത്തെ സിങ്കം 20 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച സിനിമയാണ്. 140 കോടി രൂപയാണ് ആ സിനിമ കളക്ഷന്‍ നേടിയത്.