സര്‍വ്വകലാശാല നടപടി വിവാദമാകുന്നു

ശനി, 10 നവം‌ബര്‍ 2007 (16:03 IST)
WDWD
കോളജ് അധ്യാപനത്തിന് എം.ഫില്‍ ബിരുദ ധാരികള്‍ക്ക് യോഗ്യത പരീ‍ക്ഷ നിര്‍ബന്ധമാക്കാനുള്ള കേരള സര്‍വ്വകലാശാലായുടെ തീരുമാനം വിവാദമാകുന്നു.

ഈ തീരുമാനം ചില സ്ഥാ‍പിത താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് എം.ഫില്‍ ബിരുദധാരികള്‍ പറയുന്നു. യു.ജി.സി ഉത്തരവ് മറികടന്നാണ് സര്‍വ്വകലാശാ‍ലയുടെ പുതിയ നീക്കം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച വിദഗ്ധ കമ്മിറ്റി എം.ഫില്‍, പി.എച്ച്.ഡി ബിരുദധാരികളെ നെറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2006 ജൂണില്‍ യു.ജി.സി ഉത്തരവില്‍ ഭേദഗതി വരുത്തി എം.ഫില്‍ ധാരികളെ ബിരുദതലം വരെയുള്ള അധ്യാപനത്തിന് നെറ്റില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ സര്‍വ്വകലാശാല ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ എം.ഫില്‍ ബിരുദധാരികളെ നെറ്റില്‍ നിന്നും ഒഴിവാക്കണമെന്ന വ്യവസ്ഥ ഉപേക്ഷിച്ചു.

ഇത് ഏറെ പരാതികള്‍ക്ക് വഴിവച്ചു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൌണ്‍സില്‍ യോഗം കോളജ് അധ്യാപനത്തിന് എം.ഫില്‍ ബിരുദധാരികള്‍ക്ക് നെറ്റ് നിര്‍ബന്ധമാക്കാന്‍ വീണ്ടും തീ‍രുമാനമെടുത്തത്.

കോളജ് അധ്യാപക തസ്തികയില്‍ ഒഴിവുണ്ടെന്ന് വരുത്തിതീര്‍ത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ചില ഇടതുപക്ഷ അധ്യാപക സംഘടനകളുടെ ഗൂഢ ലക്‍ഷ്യമാണ് ഇതിന് പിന്നിലെന്ന് എം.ഫില്‍ ബിരുദധാരികള്‍ പറയുന്നു.

കഴിഞ്ഞ മാസം യു.ജി.സി നെറ്റ് പരീ‍ക്ഷയുടെ വിജ്ഞാപനം പുറത്തിറക്കിയപ്പോഴും എം.ഫില്‍ ബിരുദധാരികള്‍ പരീക്ഷ എഴുതേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വകലാശാലയുടെ പുതിയ തീരുമാനം ഉദ്യോഗാര്‍ത്ഥികളെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക