റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പ് തടയും - വയലാര്‍ രവി
ബുധന്‍, 24 ഒക്‌ടോബര്‍ 2007 (16:21 IST)
KBJ
WD
ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പ് തടയുന്നതിനായി നവംബര്‍ ഒന്നു മുതല്‍ മീഡിയ ക്യാമ്പയിന്‍ നടത്തുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.
വ്യാജ തൊഴില്‍ ഏജന്‍സികളുടെ തട്ടിപ്പ് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പ് തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിന്‍റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ വിവിധ വാര്‍ത്താമാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തും.
റിക്രൂട്ടിംഗ് ഏജന്‍സികളുടെ തൊഴില്‍ തട്ടീപ്പ് തടയുന്നതിന് ജയില്‍ ശിക്ഷ അടക്കമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 1064 പരാതികളാണ് ലഭിച്ചത്. ഇതില്‍ 28 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. 65 കമ്പനികളുടെ ലൈസന്‍സ് മരവിപ്പിച്ചു.
ഈ വര്‍ഷം ലഭിച്ച 56 പരാതികളില്‍ 24 റിക്രൂട്ടിംഗ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയതായും വയലാര്‍ രവി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ വളരെ ഗൌരവമായാണ് കാണുന്നതെന്ന് വാര്‍ത്താസമ്മേളനത്തിന് ശേഷം പുറത്തുവന്ന മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കരിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. ചവിട്ടിക്കയറ്റ് അടക്കമുള്ള കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ടെന്ന് തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഫലപ്രദമായി തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കുടി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ് വയലാര്‍ രവി.