എട്ട്, പത്ത് ക്ളാസ്സുകളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി പ്രതിഭാനിര്‍ണയ പരീക്ഷ നടത്തും. സംസ്ഥാനതലത്തില്‍ 2007 നവംബര്‍ 18നും ദേശീയതലത്തില്‍ 2008 മെയ് 11നും പരീക്ഷ നടത്തും.
അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍, സാമൂഹിക ശാസ്ത്രവിഷയങ്ങള്‍, കോമേഴ്സ് എന്നിവയില്‍ പിഎച്ച്.ഡി. പഠനം വരെയും എന്‍ജിനീയറിങ്, മെഡിസിന്‍, മാനേജ്മെന്‍റ്, ലോ (നിയമം) എന്നീ പ്രൊഫഷണല്‍ കോഴ്സുകളില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് പഠനം വരെയും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവും.
രണ്ട് ഘട്ടങ്ങളിലായാണ് നാഷണല്‍ ടാലന്‍റ് സേര്‍ച്ച് പരീക്ഷ നടത്തുന്നത്. ആദ്യഘട്ടത്തിലുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്.സി.ഇ.ആര്‍.ടി.) 2007 നവംബര്‍ 18ന് നടത്തുന്ന പരീക്ഷയിലൂടെയാണ്. മെന്‍റല്‍ എബിലിറ്റി ടെസ്റ്റ് (MAT) , സ്കോളസ്റ്റിക് എബിലിറ്റി ടെസ്റ്റ് (SAT) എന്നിങ്ങനെ രണ്ട് പാര്‍ട്ടുകളുണ്ടാവും.
സാമൂഹ്യശാസ്ത്രം, ശാസ്ത്രം, മാത്തമാറ്റിക്സ് വിഷയങ്ങളിലാവും ചോദ്യങ്ങള്‍. ഇതില്‍ യോഗ്യത നേടുന്നവരെ 2008 മെയ് 11ന് നടത്തുന്ന രണ്ടാം ഘട്ട ദേശീയതല പരീക്ഷയില്‍ പങ്കെടുപ്പിക്കും. രണ്ടാം ഘട്ട ദേശീയതലപരീക്ഷയിലും MAT, SAT എന്നിവയ്ക്ക് പുറമെ ഇന്‍റര്‍വ്യൂവും ഉണ്ടാവും.
രണ്ടാം ഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ നിന്ന് എട്ടാം ക്ളാസ് തലത്തില്‍ 155 വിദ്യാര്‍ഥികളെയും പത്താം ക്ളാസ് തലത്തില്‍ 185 വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കാം. അംഗീകൃത സ്കൂളുകളില്‍ എട്ട്, പത്ത് ക്ളാസ്സുകളില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല ആദ്യഘട്ടപരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.) ആണ് വര്‍ഷംതോറും 1000 സ്കോളര്‍ഷിപ്പുകള്‍ വീതം സമ്മാനിക്കുന്നത്. ഇതില്‍ 15% പട്ടികജാതിക്കാര്‍ക്കും 7.5% പട്ടികവര്‍ഗക്കാര്‍ക്കും 3% വികലാംഗര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. പ്രതിമാസം 500 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും.
നിര്‍ദിഷ്ടഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, സ്കൂള്‍ മേധാവിയെക്കൊണ്ട് സാക്‍ഷ്യപ്പെടുത്തി സെപ്റ്റംബര്‍ 10നകം കിട്ടത്തക്കവണ്ണം Assistant Professor, SCERT, Vidhya Bhavan, Poojappura P.O, Thiruvananthapuram 695012 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷയോടൊപ്പം ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി.ക്ക് പൂജപ്പുര എസ്.ബി.ടി. സര്‍വീസ് ബ്രാഞ്ചില്‍ മാറ്റാവുന്ന 50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടി ഉള്ളടക്കം ചെയ്തിരിക്കണം.