കുസാറ്റിന് ഐ.ഐ.ഇ.എസ്.റ്റി പദവി

വെള്ളി, 19 ഒക്‌ടോബര്‍ 2007 (16:52 IST)
FILEFILE
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയെ (കുസാറ്റ്) ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സസ് ആന്‍റ് ടെക്നോളജിയായി ഉയര്‍ത്തുന്ന ഉത്തരവില്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ് ഒപ്പ് വച്ചു.

പാര്‍ലമെന്‍റിന്‍റെ അനുമതി കൂടി ലഭിക്കുന്നതോടെ കുസാറ്റിന് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സസ് ആന്‍റ് ടെക്നോളജി പദവി ലഭിക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി ഉത്തരവില്‍ ഒപ്പിട്ടത്.

നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി നിയമത്തില്‍ ഭേദഗതി വരുത്തുകയും കുസാറ്റിനെ അതില്‍ ഉള്‍പ്പെടുത്തുകയും ഐ.ഐ.ഇ.എസ്.റ്റി നിയമം പാര്‍ലമെന്‍റ് അംഗീകരിക്കുകയും കൂടി ചെയ്യുന്നതോടെ കുസാറ്റിന് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സസ് ആന്‍റ് ടെക്നോളജി പദവി ലഭിക്കും.

കുസാറ്റിനൊപ്പം ബംഗാളില്‍ നിന്നുമുള്ള ഒരു സ്ഥാപനത്തിനും ഈ പദവി നല്‍കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ആദ്യം അഞ്ച് സ്ഥാപനങ്ങളെയാണ് ഈ പദവി ലഭിക്കുന്നതിനുള്ള പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് സ്ഥാപനങ്ങളെ മാനവവിഭവശേഷി മന്ത്രാലയം ഒഴിവാക്കി.

ഡോ.അനന്തകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് കുസാറ്റിന് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സസ് ആന്‍റ് ടെക്നോളജി പദവി ലഭിക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയും നിരവധി തവണ അര്‍ജുന്‍ സിംഗിനെ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ദേശീയതലത്തിലുള്ള പ്രവേശന പരീ‍ക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുസാറ്റിലേക്കുള്ള പ്രവേശനം. ഐ.ഐ.ടിക്ക് സമാനമായ പദവിയാണ് ഇനിമുതല്‍ കുസാറ്റിനുണ്ടാവുക.

വെബ്ദുനിയ വായിക്കുക