കുറ്റാന്വേഷണത്തിന് ശാസ്ത്രീയപഠനം വേണം

ബുധന്‍, 16 ജൂലൈ 2008 (16:54 IST)
PROPRO
കുറ്റകൃത്യങ്ങള്‍ കണ്ട് പിടിക്കുന്നതിനും തെളിയിക്കുന്നതിനും നിങ്ങള്‍ക്ക് താത്യപര്യമുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാവും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ ശാസ്ത്രീയമായ പഠനം തന്നെ വേണം.

ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള വിശകലനങ്ങള്‍ ഇതിന് ആവശ്യമാണ്. കുറ്റകൃത്യങ്ങളെപ്പറ്റിയും അവ ശാസ്ത്രീയമായി തെളിയിക്കുന്നതിനുമുള്ള പഠനത്തിന് ഇന്ന് ഏറെ തൊഴില്‍ സാധ്യതകളുണ്ട്. കുറ്റാന്വേഷണ സ്ഥാപനങ്ങള്‍, ഇന്‍റലിജന്‍സ് ബ്യൂറോ, വിവിധ സുരക്ഷാ സേനാ‍വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ തൊഴില്‍ നേടാന്‍ ഈ പഠനം ഉപകരിക്കും.

ക്രിമിനോളജി ആന്‍റ് ഫോറന്‍സിക് സയന്‍സ് മേഖലയില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. അതില്‍ പ്രമുഖമാ‍യ സ്ഥാപനമാണ് ഡല്‍ഹിയിലെ ലോക്നായക് ജയപ്രകാശ് നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍റ് ഫോറന്‍സിക് സയന്‍സ് (LNJN NICFS). ബിരുദാനന്തര ബിരുദതലത്തില്‍ എം.എസ്.സി ക്രിമിനോളജി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട.

രണ്ട് വര്‍ഷമാണ് ഈ കോഴ്സുകളുടെ കാലാവധി. ഇരുപത് സീറ്റുകളുള്ള എം.എസ്.സി ക്രിമിനോളജി കോഴ്സിന്‍റെ യോഗ്യത 50 ശതമാനം മാര്‍ക്കോടെയുള്ള സയന്‍സ്/ഹ്യൂമാനിറ്റീസ് ബിരുദമാണ്. ബിരുദതലത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യല്‍ ആന്ത്രാപ്പോളജി, പൊലീസ് അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേതെങ്കിലും രണ്ട് വിഷയങ്ങള്‍ പഠിച്ചിരിക്കണം.

എം.എസ്.സി ഫോറന്‍സിക് സയന്‍സ് പഠിക്കാനാഗ്രഹിക്കുന്നവര്‍ ബിരുദതലത്തില്‍ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയിലേതെങ്കിലുമൊന്നില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം വേണം. ഡല്‍ഹിയില്‍ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

ഇംഗ്ലീഷ് പരിജ്ഞാനം, പൊതുവിജ്ഞാനം, ബിരുദ തലത്തിലുള്ള വിഷയ പരിജ്ഞാനം എന്നിവരെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് Lok Nayak Jayaprakash Narayan National Istitute of Criminology and Forensic Science, Out Ring Road, Rohini, Sec III, Delhi - 110085

വെബ്ദുനിയ വായിക്കുക