നേട്ടങ്ങള്‍ കൊയ്യാന്‍ ഫുട്ട്‌വെയര്‍ ടെക്നോളജി

വെള്ളി, 29 ഫെബ്രുവരി 2008 (15:15 IST)
WDWD
വ്യക്തി ജീവിതത്തില്‍ പുറം‌മോടി കൂട്ടുന്നതില്‍ പാദരക്ഷയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. ഈ സ്വാധീനം പാദരക്ഷാ നിര്‍മ്മാണ മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കിയിരിക്കുകയാണ്.

പാദ രക്ഷാ നിര്‍മ്മാണം വ്യാവസായിക അടിസ്ഥാനത്തിലായാതോടെ ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് വലിയ ഡിമാന്‍റാണുള്ളത്. പാദരക്ഷാ നിര്‍മ്മാണത്തിന് പുറമേ ഫുട്ട്‌വെയര്‍ ഡിസൈനര്‍മാര്‍ക്കും നല്ല കാലമാണിത്. നൂതന സാങ്കേതിക വിദ്യയും ഫാഷനും ഒത്തു ചേരുന്ന വിവിധതരം പാദരക്ഷകളുടെ രൂപകല്‍പ്പനയാണ് ഫുട്ട്‌വെയര്‍ ഡിസൈനറുടെ മുഖ്യ ജോലി.

കലാപരവും ശാസ്ത്രീയപരവുമായ കാഴ്ചപ്പാട് ഉള്ളവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ കഴിയും. അണിയുമ്പോള്‍ സുഖപ്രദവും സൌന്ദര്യവും നിലനിര്‍ത്തുന്ന ഡിസൈന്‍ കണ്ടെത്തുന്നതിന് ജീവിത രീതി, വേഷവിധാനം, ഫാഷന്‍ ട്രെന്‍‌ഡ്, കാലാവസ്ഥ, സാമൂഹികാവശ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം.

ഫുട്ട്‌വെയര്‍ ഡിസൈനും പാദരക്ഷാ നിര്‍മ്മാണവും വ്യാവസായികാടിസ്ഥാനത്തിലായതോടെ ഈ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ആവശ്യമായി തീര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്‍റ് ഡവലപ്‌മെന്‍റ് ഇന്‍സ്റ്റിട്യൂട്ടില്‍ ആറ് സെമസ്റ്ററുകളുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്.

പ്ലസ് ടു പാസായവര്‍ക്ക് ഇവിടെ ചേരാം. ഒരു ലക്ഷത്തോളം രൂപ ഫീസിനത്തില്‍ ഒടുക്കേണ്ടി വരും. ഫുട്ട്‌വെയര്‍ ടെക്നോളജി രംഗത്ത് നാല് സെമസ്റ്ററുകളുള്ള കോഴ്സുകളും ഇവിടെയുണ്ട്. തമിഴ്നാട്ടിലും നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്ത് പരിശീ‍ലനം നല്‍കി വരുന്നുണ്ട്.

പരിശീലനം നേടി പുറത്തു വരുന്നവര്‍ക്ക് വന്‍‌‌കിട ഫുട്ട്‌വെയര്‍ നിര്‍മ്മാണ, വിപണന കമ്പനികളില്‍ അവസരങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഫുട്ട് വെയര്‍ നിര്‍മ്മാണം ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ആഗ്ര, കാന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത പാദരക്ഷകള്‍ ധാരാളം കയറ്റുമതി ചെയ്യുന്നുണ്ട്. ഈ ഇനത്തില്‍ വലിയതോതിലുള്ള വിദേശനാണ്യം നമുക്ക് ലഭിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക