ബജറ്റ് ചെലവ് 10.20 ലക്ഷം കോടി

തിങ്കള്‍, 6 ജൂലൈ 2009 (17:06 IST)
കൂടുതല്‍ തൊഴിലവസരത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി 2009 - 10 വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൌകര്യ വികസനത്തിനും നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനത്തിനും ലക്‍ഷ്യമിടുന്നതാണ് ബജറ്റ്.

10.20 ലക്ഷം കോടി രൂപയാണ് ബജറ്റ് ചെലവായി കണക്കാക്കിയിട്ടുള്ളത്. ആദ്യമായാണ് ബജറ്റ് ചെലവ് ഈ കണക്കിലെത്തുന്നത്. യു പി എ സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രണബ് മുഖര്‍ജി സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്.

നേരിട്ടുള്ള നികുതി ഈടാക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. മുതിര്‍ന്ന പൌരന്മാരുടെ ആദായാനികുതി പരിധി 2,40,000 രൂപയാക്കി ഉയര്‍ത്തി. സ്ത്രീകളുടെ ആദായ നികുതി പരിധി 1,90,000 രൂപയാക്കി. പുരുഷന്മാര്‍ക്ക് ആദായ നികുതി പരിധി 1,60,000 രൂപയായി പുതുക്കി നിശ്ചയിച്ചു.

ഫ്രിഞ്ച് ബെനഫിറ്റ് നികുതി ഒഴിവാക്കി. കോര്‍പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല. ആദായ നികുതിക്കുള്ള 10% സര്‍ച്ചാര്‍ജ് ഒഴിവാക്കി. ഉല്‍പന്ന കൈമാറ്റ നികുതി ഒഴിവാക്കി. ബാംഗ്ലൂരില്‍ കേന്ദ്രീകൃത നികുതി നിര്‍ണയ കേന്ദ്രം തുടങ്ങും. നേരിട്ടുള്ള നികുതികള്‍ക്കുള്ള സര്‍ച്ചാര്‍ജ് ഉയര്‍ത്തി.

സാമ്പത്തിക മാന്ദ്യം നേരിട്ട് ബാധിച്ച മേഖലകളുടെ പുനരുദ്ധാരണത്തിനായി 40,000 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക